റോഷന് ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധയില്‍ വന്ന ചിത്രമായിരുന്നു ‘ദേവ’. ഷാഹിദ് കപൂര്‍ നായകനായ ചിത്രം ജനുവരി 31 നാണ് തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 28 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ നേട്ടം കൊയ്യുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ടോപ്പ് 10 ല്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. രണ്ട് ആഴ്ചകളായി ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ല്‍ ഉണ്ട്. കൂടാതെ ഒന്‍പത് രാജ്യങ്ങളില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ചിത്രം. 20 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ദേവ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തില്‍ വിജയം നേടിയ തന്റെ തന്നെ ചിത്രം ‘മുംബൈ പൊലീസ്’ ആണ് ദേവയെന്ന പേരില്‍ റോഷന് ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന് ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
നെറ്റ്ഫ്ലിക്സിലൂടെ നേട്ടം കൊയ്ത് ‘ദേവ’
