- സ്ഥലം ഏറ്റെടുത്തു കൈമാറാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്കു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ലെന്നു പാര്‍ലമെന്റില്‍ അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി നല്‍കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിത മേഖല ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് വാഹനപെരുപ്പത്തിന് ആനുപാതികമായി റോഡുകളില്ലെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 45,536 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്കു തിരുവനന്തപുരത്തു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 2025 ആകുമ്പോഴേക്കും കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കാന്‍ 25 ശതമാനം തുക തരുമെന്ന മുഖ്യമന്ത്രിയുടെ വാഗാദാനം നടപ്പാക്കിയില്ലെന്നു ഗഡ്കരി രാവിലെ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.
കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരായ ഹര്‍ജിയില്‍ വാദം തുടരും. ഇന്നലെ വിധി പറയാനുള്ള തീരുമാനം കോടതി മാറ്റി. പുതിയ കക്ഷിചേരലിനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമാകണമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കു മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. അദ്ദേഹം അവകാശപ്പെട്ടു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിയെടുത്ത പ്രതി റിജിലിന് മറ്റാരുടേയെങ്കിലും സഹായം ഉണ്ടായിരുന്നോയെന്നു പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച്. 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലാണ്. തട്ടിയെടുത്ത പണം വീടു പണിക്കും കടം വീട്ടാനുമാണ് ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് കുറേ പണം കളഞ്ഞെന്നും പോലീസ്. സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ മുഖ്യമന്ത്രി പമ്പയിലെത്തി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും മൂലം അയ്യപ്പ ദര്‍ശനത്തിന് എത്തുന്നവര്‍ ദുരിതത്തിലാണ്. ആവശ്യത്തിനു ബസ് സര്‍വീസ്‌പോലും ഇല്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം എടവനക്കാട് സ്വദേശി സനലിനെ(34) അയല്‍വാസികളായ അച്ഛനും മകനും മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രതികളായ വേണുവിനെയും മകന്‍ ജയരാജിനെയും ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാനൂര്‍ മൊകേരി വിഷ്ണുപ്രിയ കൊലക്കേസില്‍ പൊലീസ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ശ്യാം ജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ടാണു കൊല നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. ഒക്ടോബര്‍ 22 ന് പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണു വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.
കോടതി മുറിയില്‍ പോക്‌സോ കേസ് പ്രതി കഴുത്തിലെ ഞരുമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ദേവരാജന്‍ (72) എന്നയാളാണ് വിധി പ്രസ്താവിക്കാനിരുന്ന ഇന്നലെ കോടതിയില്‍ ആത്മഹത്യക്കു ശ്രമിച്ചത്.
താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നു മുതിര്‍ന്ന ടെലിവിഷന്‍ താരം വീണ കപൂര്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടപ ചെയ്തത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ വീണ കപൂര്‍ മകന്‍ സച്ചിന്‍ കപൂറിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വീണ കപൂര്‍ എന്ന മറ്റൊരു സ്ത്രീ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടതിനെയാണു താന്‍ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചതെന്നു വീണ കപൂര്‍ കുറ്റപ്പെടുത്തി.
11,000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി യുകെയിലേക്കു മുങ്ങിയ നീരവ് മോദിയെ നാടു കടത്താനുള്ള വിധിക്കെതിരേ നല്‍കിയ അപ്പീല്‍ കോടതി തള്ളി. ഇന്ത്യയിലേക്കു മടങ്ങിയെത്തി വിചാരണ നേരിടേണ്ടിവരുമെന്ന് ഉറപ്പായി.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് അറസ്റ്റിലായ സര്‍വേഷ് പട്ടേല്‍ പറഞ്ഞു.
സാഹസികമായ റീല്‍സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ റെയില്‍വേ ട്രാക്കില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന യുവതിയും രണ്ടു യുവാക്കളും ട്രെയിനിടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ കല്ലുഗഡിയിലാണു സംഭവം.
ക്രിസ്മസിനോടനുബന്ധിച്ച് യുദ്ധം നിറുത്തിവയ്ക്കണമെന്ന യുക്രെയിന്റെ അഭ്യര്‍ത്ഥന റഷ്യ തള്ളി. പത്തു മാസം പിന്നിടുന്ന യുദ്ധം തുടരുമെന്നു റഷ്യ പ്രഖ്യാപിച്ചു.
കുവൈറ്റില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ടു കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി. എണ്‍പത് കണ്ടെയ്‌നറുകളിലായി ഇരുപതു ലക്ഷം ലിറ്റര്‍ ഡീസലാണ് കടത്താന്‍ ശ്രമിച്ചത്. കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ പിടികൂടുകയായിരുന്നു.