yt cover 22

ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. കേരളത്തിലെ സംരക്ഷിത വനമേഖയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മിതികള്‍ തുടങ്ങിയവ സംബന്ധിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ബഫര്‍സോണ്‍ വിദഗ്ധ സമിതി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കു പരിശോധിക്കാനാണ് പ്രസിദ്ധീകരിക്കുന്നത്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറെയും ഒരു പോലെ എതിര്‍ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി. ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കിയെന്നു യോഗം വിലയിരുത്തി. പാര്‍ട്ടിയില്‍ ആര്‍ക്കും വിലക്കില്ല. ശശി തരൂരിനെ ഒറ്റപ്പെടുത്തരുത്. തരൂരിന്റെ ജനപ്രീതി പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തണം. പരിപാടികള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്ക്കു കൈയോടെ മറുപടി നല്‍കിയതിനു ലീഗ് നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ വിമര്‍ശനമുണ്ടായി.

മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാതച്ചുഴിയായി. കേരളത്തില്‍ ചൊവ്വാഴ്ചവരെ മഴ തുടരും. ചക്രവാതചുഴി വടക്കന്‍ തമിഴ്നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലാണ്. ചൊവ്വാഴ്ചത്തോടെ വടക്കന്‍ കേരള – കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സിഗരറ്റിന്റെ ചില്ലറ വില്‍പന നിരോധിച്ചേക്കും. സിഗരറ്റ് പാക്കറ്റായി മാത്രം വിറ്റാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണു സൂചന. ഒന്നോ രണ്ടോ സിഗരറ്റു മാത്രമായി വില്‍ക്കുന്നതു പുകയില വിരുദ്ധ പ്രചാരണത്തിനു തടസമാണെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കു കുടുതലുള്ള ദിവസങ്ങളില്‍ നടയടയ്ക്കുന്നത് അര മണിക്കൂര്‍ നീട്ടി. 11.30 നേ ഹരിവരാസനം പാടി നടയടയ്ക്കു. തിരക്കില്ലാത്ത ദിവസങ്ങളില്‍ 11 നുതന്നെ നടയടയ്ക്കും. ഇന്നലെ ഒന്നേകാല്‍ ലക്ഷം പേരാണു ദര്‍ശനത്തിനു ബുക്കു ചെയ്തിരുന്നത്. ദിവസം 85,000 പേര്‍ക്കേ ദര്‍ശനം അനുവദിക്കാവൂവെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയില്‍ ഭക്ത ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ദേവസ്വം – പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നും ഒരു ലക്ഷത്തിലേറെ പേരാണ് ശബരിമല ദര്‍ശനത്തിനു ബുക്കു ചെയ്തിരിക്കുന്നത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീര്‍ത്ഥാടകരുടെ ബാഹുല്യം തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ ചുമതല നല്‍കണം. അദ്ദേഹം പറഞ്ഞു.

രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന എംവി ഗോവിന്ദന്‍ ലീഗിനെ ഇടതു മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയിലാണ്. സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുഡിഎഫിലെ മതനിരപേക്ഷ നിലപാടുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. യുഡിഎഫില്‍ അസംതൃപ്തിയുള്ള വ്യക്തികള്‍ ഇടതുപക്ഷത്തേക്ക് വരുമെന്നും റിയാസ്.

മൂന്നാര്‍ ഇക്കാനഗറിലെ കെഎസ്ഇബിയുടെ ഭൂമിയെന്ന് അവകാശപ്പെടുന്ന സര്‍വെ നമ്പര്‍ 843 ലെ മുഴുവന്‍ ഭൂമിയും അളക്കണമെന്നു ഹൈക്കോടതി. നാലു തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം കോടതി തടഞ്ഞു.

ശശി തരൂര്‍ കോണ്‍ഗ്രസിനു മുതല്‍കൂട്ടാണെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂരിനു വിലക്കില്ല. തരൂര്‍ അടക്കം എല്ലാവര്‍ക്കും പാര്‍ട്ടി ചട്ടക്കൂട് ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു.

അട്ടപ്പാടി ആനവായില്‍ ഗര്‍ഭിണിയായ സ്ത്രീയെ തുണിമഞ്ചലില്‍ ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിവന്ന ദുരവസ്ഥയ്ക്കു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. ചെന്നിത്തല പറഞ്ഞു.

കൊച്ചിയില്‍ മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്നു മുതല്‍. ഫോര്‍ട്ട് കൊച്ചിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തിലുള്ള ഇത്തവണത്തെ ബിനാലെ ഏപ്രില്‍ 10 വരെയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് വിസ്മയ കാഴ്ചകളാകുക.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാക്കിസ്ഥാന്‍ അനുകൂല നാടകത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കലോല്‍സവ ഓഫീസ് ഉദ്ഘാടന വേദിയിലേക്കു മാര്‍ച്ച് നടത്തി. മേമുണ്ട സ്‌കൂളില്‍നിന്ന് സിപിഎം വിവാദ നാടകങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആരോപിച്ചു. മുന്‍വര്‍ഷം കിത്താബ് എന്ന നാടകം വിവാദമായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം.

പത്തു കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ കൊല്ലത്ത് പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹര്‍, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കല്‍ സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് പുനലൂര്‍ പൊലീസ് പിടികൂടിയത്.

താന്‍ ആള്‍ദൈവമല്ലെന്നും മന്ത്രവാദത്തിനും പൂജയ്ക്കും ഇടയില്‍ 55 പവന്‍ മോഷ്ടിച്ചെന്ന ആരോപണം തെറ്റാണെന്നും ആരോപണ വിധേയയായ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി വിദ്യ. സ്വര്‍ണം പണയംവയ്ക്കാന്‍ തന്നെ ഏല്‍പിച്ചതാണ്. ക്ഷേത്രത്തിലെ കടബാധ്യത തീര്‍ക്കാനാണ് സ്വര്‍ണം പണയം വയ്ക്കാന്‍ തന്നതെന്നും വിദ്യ പറയുന്നു. പകുതി സ്വര്‍ണം തിരിച്ചു നല്‍കിയെന്നും ശേഷിച്ചത് 21 നു തിരിച്ചുകൊടുക്കുമെന്നും പോലീസില്‍ അറിയിച്ചിട്ടുണ്ടെന്നു വിദ്യ പറഞ്ഞു.

ട്രെയിനില്‍ 25 ലക്ഷം രൂപയുമായി യാത്രക്കാരന്‍ പിടിയില്‍. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്സ്പ്രസിലെ യാത്രക്കാരനായ വേങ്ങര സ്വദേശി മുഹമ്മദിനെയാണ് പണവുമായി പിടികൂടിയത്.

പാര്‍ലമെന്റില്‍ സ്വകാര്യബില്ലായി എത്തിയ ഏകീകൃത സിവില്‍കോഡ് സര്‍ക്കാര്‍ ബില്ലാക്കിത്തന്നെ അവതരിപ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി എകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ടെസ്റ്റ് ഡോസിനു സമാനമായ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നാണു വിവരം. അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണു സൂചന.

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പാര്‍ലമെന്റ് പുനര്‍നിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പതിനെട്ടു വയസു തികയാത്തവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകള്‍ ജഡ്ജിമാര്‍ക്കു മുന്നിലെത്തുമ്പോള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിയമഭേദഗതിക്കുള്ള ഒരുക്കത്തിലാണു നിയമമന്ത്രാലയം.

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും ബിജെപിയിലേക്കു കൂറുമാറിയേക്കും. ബിജെപി നേതൃത്വവുമായി ഇവര്‍ പലതവണ ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. വിശ്വദര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച ഭൂപത് ഭയാനി ഇന്നോ നാളെയോ ബിജെപിയില്‍ ചേരുമെന്നാണു വിവരം.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്തു. ഡല്‍ഹി മദ്യനയ കുംഭകോണത്തില്‍ സൗത്ത് ഗ്രൂപ്പ് എന്ന സംഘത്തില്‍നിന്ന് പ്രതിയായ വിജയ് നായര്‍ 100 കോടി രൂപ കൈപറ്റിയെന്നും സൗത്ത് ഗ്രൂപ്പിനു പിറകില്‍ കവിതയും മകുന്ദ ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിറകേയാണ് കവിതയ്ക്കു സി ബി ഐ നോട്ടിസ് നല്‍കി ചോദ്യം ചെയ്യാനെത്തിയത്.

ഗുജറാത്തില്‍ അധികാരതുടര്‍ച്ച നേടിയ ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്കു രണ്ടിന് ഗാന്ധിനഗറില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാര്‍ശ നല്‍കി 75 ദിവസത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപാനം പുറത്തിറക്കിയത്.

ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്. സുപ്രീംകോടതി കൊളീജിയവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടന്‍ ശരത്കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നാണ് ഭാര്യയും നടിയുമായ രാധികയും മകള്‍ വരലക്ഷ്മിയും ചേര്‍ന്നാണ് ശരത്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.

കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘സലാം ആരതി’ക്കു പകരം ‘സന്ധ്യാ ആരതി’. പേരുമാറ്റത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു.

യുക്രെയിന്റെ റഷ്യന്‍ അധിനിവേശ മേഖലയില്‍ യുക്രൈയിന്റെ മിസൈല്‍ ആക്രമണം. ഡൊണൈറ്റ്സ്‌കിലും ക്രൈമിയയിലുമുള്ള റഷ്യന്‍ സൈനിക ബാരക്കുകളില്‍പോലും യുക്രെയിന്‍ മിസൈല്‍ ആക്രമണം നടത്തി.

നാസയുടെ ചന്ദ്രപേടകം ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി. 25 ദിവസം നീണ്ട യാത്രയ്ക്കുശേഷമാണ് ഒറൈയോണ്‍ പേടകം തിരിച്ചെത്തിയത്. ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റര്‍ അകലെവരെ ചെന്നാണ് പേടകം തിരിച്ചെത്തിയത്.

പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറു സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. കനത്ത വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവുമാണ് താലിബാനികള്‍ നടത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കെ.എല്‍. രാഹുല്‍ നയിക്കും. പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ 14-നാണ് ആദ്യ ടെസ്റ്റ്.

ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനലിനായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. നാളെ രാത്രി പന്ത്രണ്ടരയ്ക്ക് ആദ്യ സെമിയില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ആദ്യമായി സെമിയിലെത്തിയ മൊറോക്കോയെ നേരിടും.

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റു പുറത്തായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സറ്റഗ്രമില്‍ കുറിച്ചതു ഹൃദയഭേദകമായ വരികള്‍. മറുപടിയുമായി ബ്രസീലിയന്‍ ഇതിഹാസം പെലെയും. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്നാണ് റൊണാള്‍ഡോ കുറിച്ചത്. ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെയുടെ പ്രതികരണം.

റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്ന കോച്ച് സാന്റോസിന്റെ നടപടിയെ ചോദ്യം ചെയ്ത് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ലൂയിസ് ഫിഗോ. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരിശീലകനും ടീം മാനേജ്‌മെന്റിനും മാറിനില്‍ക്കാനാകില്ലെന്നും ഫിഗോ തുറന്നടിച്ചു. ക്രിസ്റ്റിയാനോയുടെ ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന സാന്റോസിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മെസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാളിനെതിരെ പ്രകോപനമായി പെരുമാറിയതിനും മത്സരത്തിന്റെ റഫറിയിംഗിനെ വിമര്‍ശിച്ചതിനുമാണ് നടപടിക്ക് സാധ്യതയെന്നാണ് പറയപ്പെടുന്നത്. അതേസമയം അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അച്ചടക്കലംഘനം നടന്നുവെന്നും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനും പിഴയിടുമെന്നും ഫിഫ വ്യക്തമാക്കി. മത്സരത്തില്‍ 30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീനയുടെ ഭാഗത്തു നിന്ന് 18 ഫൗളുകളും.

കേരളത്തിലെ ഏക റീജിയണല്‍ റൂറല്‍ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വര്‍ണവായ്പകളുടെ പലിശനിരക്ക് കുറച്ചു. ഭവന, വാഹന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞത് 8 ശതമാനവും സ്വര്‍ണവായ്പയ്ക്ക് 6.90 ശതമാനവും മുതലാണ് നിബന്ധനകള്‍ക്ക് വിധേയമായി പലിശനിരക്ക്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും വീടുകളില്‍ സൗരോര്‍ജ്ജ പ്ളാന്റ് സ്ഥാപിക്കാനും പ്രത്യേക വായ്പാപദ്ധതികളുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഓവര്‍ഡ്രാഫ്റ്റ് വായ്പാപദ്ധതിയുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും കേരള ഗ്രാമീണ്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ജോക്കര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചെന്ന് അറിയിച്ച് സംവിധായകന്‍. ഫോളി എ ഡ്യൂക്‌സി’ന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ജോക്വിനാണ് ചിത്രത്തിലും. സിനിമയില്‍ ലേഡി ഗാഗയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലേക്ക് ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തേയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോഥം സിറ്റിയിലുള്ള ആര്‍തര്‍ ഫ്‌ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്. 70 മില്യണ്‍ ഡോളര്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് 1.072 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ ലഭിച്ചു. 2019ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനവും സിനിമ സ്വന്തമാക്കി. സിനിമയിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഫീനിക്‌സ് സ്വന്തമാക്കിയിരുന്നു.

ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടറിന് റെക്കോര്‍ഡ് നേട്ടം. റിലീസിന് ഒരാഴ്ച മാത്രം ബാക്കി നല്‍ക്കെ സിനിമയുടെ ടിക്കറ്റുകള്‍ വിറ്റ് പോകുന്നത് റെക്കോര്‍ഡ് വേഗതയിലാണ്. ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം’, ‘കെജിഎഫ് 2’, ‘ബാഹുബലി 2’ എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്. പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009ലാണ്. സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന പേര് അവതാര്‍ സ്വന്തമാക്കിയിരുന്നു.

മാരുതി സുസുക്കിയുടെ പുതിയ വാഹനം ബലേനോ ക്രോസ് ഏപ്രില്‍ വിപണിയിലെത്തും. ബലോനോ ക്രോസിനെ കൂടാതെ ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പും വാഹനം ജനവരിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്. വൈടിബി എന്ന കോഡ് നാമത്തിലാണ് മാരുതി ബലേനോ ക്രോസിനെ വികസിപ്പിക്കുന്നത്. 2020ലെ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചറോ ഇ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും പുതിയ വാഹനം. ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിനും പുതിയ വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങള്‍ വില്‍ക്കുന്ന നെക്സ ഡീലര്‍ഷിപ്പിലൂടെയായിരിക്കും പുതിയ വാഹനവും വില്‍പനയ്ക്ക് എത്തുക.

ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍. ശാസ്ത്രവും ചരിത്രവും ആത്മീയതയും ഒരു ഭൗതികന്റെ ജീവിതത്തില്‍ കൃത്യമായ അനുപാതത്തോടെ, ഒരു ത്രില്ലര്‍ നോവലിന്റെ അനുഭവസാമ്യത്തോടെ സമന്വയിക്കുന്ന രചന. കുമാരികാണ്ഡം എന്ന നഷ്ടഭൂമികയുടെ തിരിച്ചുവരവിന്റെ കാഹളം. അവിശ്വസനീയമെന്ന് കരുതിപ്പോകുന്ന യഥാര്‍ത്ഥ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. പുതുയുഗപ്പിറവിയുടെ ശംഖൊലി. ‘യുഗപ്പിറവിക്ക് മുമ്പില്‍’. രജിത് കുമാര്‍ ആര്‍. ഗ്രീന്‍ ബുക്സ്. വില 450 രൂപ.

അടുത്തിടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുന്നുണ്ട.് കഠിനമായ ചൂടോടു കൂടിയ പനിയെക്കാള്‍ ജലദോഷം, തുമ്മല്‍, മൂക്കടപ്പ് എന്നീ ലക്ഷണങ്ങള്‍ ഉള്ള വൈറല്‍ പനിയും അതോടൊപ്പം ചെങ്കണ്ണും ഇപ്പോള്‍ വളരെ കൂടുതലായി കണ്ടുവരുന്നു. കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം. ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കാം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഏറെ നാളായുള്ള ആഗ്രഹം രാജാവ് തന്റെ ഗുരുവിനെ അറിയിച്ചു. എനിക്ക് ദൈവത്തെ കാണണം. ഗുരു പറഞ്ഞു: ശരി. ഉറപ്പായും കാണിക്കാം. പക്ഷേ, അങ്ങയെ സ്വയം പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് എനിക്ക് തരിക. ഞാന്‍ അത് ദൈവത്തെ കാണിച്ച് അനുവാദം വാങ്ങി വരാം. രാജാവ് തന്റെ പേരും വയസ്സും വിലാസവും സ്ഥാനവുമെഴുതി ഗുരുവിന് നല്‍കി. ഇത് വായിച്ചുനോക്കിയശേഷം ഗുരു പറഞ്ഞു: ഇത് മുഴുവന്‍ തെറ്റാണ്.. അങ്ങയുടെ പേര് മാറിയാല്‍ അങ്ങില്‍ മാറ്റം വരുമോ? രാജാവ് പറഞ്ഞു: ഇല്ല. ഒരു പേരില്‍ എന്തിരിക്കുന്നു. പേരു മാറിയാലും ഞാന്‍, ഞാന്‍ തന്നെയാണ്. ഗുരു വീണ്ടും ചോദിച്ചു: നിങ്ങള്‍ക്ക് വയസ്സ് 40 ആണ്. 50 വയസ്സായാലും നിങ്ങള്‍, നിങ്ങളല്ലാതാകുമോ? രാജാവ് വീണ്ടും ഇല്ലെന്ന് മറുപടി നല്‍കി. ഗുരു പറഞ്ഞു: താങ്കളുടെ പേരോ, വയസ്സോ, സ്ഥാനമോ അല്ല താങ്കള്‍, ആദ്യം സ്വയം ആരാണ് താങ്കളെന്ന് കണ്ടുപിടിക്കൂ.. എന്നിട്ട് ദൈവത്തെ കാണാം.. മനുഷ്യരുടെ ഏറ്റവും വലിയ പോരായ്മയും ഇതു തന്നെയാണ്. സ്വയം അറിയാനുള്ള ആഗ്രഹമില്ലാത്തതും, അപരാന്വേഷണത്തിനുള്ള അമിതാവേശവുമാണ്. മറ്റാരോ നല്‍കിയ പേരും സ്വയം ആര്‍ജ്ജിച്ചെടുത്ത വയസ്സും ഇടക്കിടെ മാറുന്ന വിലാസവും സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ട് ലഭിച്ച സ്ഥാനമാനങ്ങളും ഒത്തുചേരുന്നതാണ് സ്വന്തം അസ്തിത്വം എന്ന് തെറ്റിദ്ധരിച്ച് സ്വന്തം വില തിരിച്ചറിയാതെ വിടപറയുന്നവാരാണ് അധികവും. പേരിനും തൊഴിലിനും അപ്പുറമുള്ള വ്യക്തിത്വമാണ് ഓരോരുത്തരേയും അവനവനാക്കുന്നത്. ബയോഡേറ്റയ്ക്ക് അപ്പുറത്തേക്ക് ജീവിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിക്കാനാവുക. മാറ്റമുണ്ടാകുന്ന കാര്യങ്ങളും മാറ്റമുണ്ടാകരുതാത്ത കാര്യങ്ങളും ചേര്‍ന്നതാണ് ജീവിതം. ഉണ്ടാകുന്ന മാറ്റങ്ങള്‍ ക്രിയാത്മകവും വളര്‍ച്ചോന്മുഖവുമാകണം. പ്രായത്തിനനുസരിച്ച് രൂപത്തിനും ഭാവത്തിനും മാറ്റം വരാം.. പക്ഷേ, മൂല്യശേഖരണത്തിന് മാറ്റം വരരുത്.. വേരുള്ള വ്യക്തിത്വം രൂപപ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *