ടെക്സ്റ്റ് മെസ്സേജുകള്‍ക്കും ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ‘വ്യൂ വണ്‍സ്’ ഫീച്ചറില്‍ ചിത്രങ്ങളും വിഡിയോകളും സ്വകാര്യമായോ, ഗ്രൂപ്പുകളിലോ അയച്ചുകഴിഞ്ഞാല്‍ അവ ഒരു തവണ മാത്രമേ, സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ അയക്കപ്പെട്ട ചിത്രങ്ങള്‍ പങ്കുവെക്കാനോ, സ്ക്രീന്‍ ഷോട്ട് എടുക്കാനോ കഴിയുകയുമില്ല. അത്തരത്തില്‍ അയച്ച ടെക്സ്റ്റുകള്‍ സ്വീകര്‍ത്താവ് ഒരിക്കല്‍ കണ്ടതിന് ശേഷം ചാറ്റില്‍ നിന്ന് അപ്രത്യക്ഷമാകും. ചില ബീറ്റ ടെസ്റ്ററുകള്‍ക്കായി പ്രസ്തുത ഫീച്ചര്‍ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആന്‍ഡ്രോയിഡ് 2.22.25.20 അപ്ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. ഉപയോക്താക്കള്‍ക്ക് സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങള്‍ അയയ്ക്കാന്‍ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. അയച്ചുകഴിഞ്ഞാല്‍, ഡിലീറ്റ് ചെയ്ത് കളയേണ്ട ആവശ്യവും വരില്ല.