ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. വീര ഭദ്ര സിംഗിന്‍റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ മാറ്റി നിർത്താൻ ആകില്ലെന്നും പ്രതിഭ പറഞ്ഞു. എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് പ്രതിഭാ സിംഗിന്‍റെ അവകാശ വാദം.
മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവർക്കാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ പ്രമുഖ ജാതി വിഭാഗമായ രജ്‌പുത് വിഭാഗത്തിൽ പെട്ട സുഖ്വീന്ദർ സിംഗ് സുഖുവിന് കൂടുതല്‍ എംഎൽഎമാരുടെയും പിന്തുണയുമുണ്ട്.
വീരഭദ്ര സിംഗിന്‍റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പറഞ്ഞ പ്രതിഭയ്ക്ക് മകനും എം എൽ എ യുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി നൽകണമെന്ന ആവശ്യവും പ്രതിഭയ്ക്കുണ്ട് .
40 സീറ്റിൽ ജയിച്ചാണ് ഹിമാചൽ പ്രദേശ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഭരണ വിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്‍റെ വിജയം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും ക്ലച്ച് പിടിച്ചു എന്ന് വേണം കരുതാൻ.