middaynews 4

ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ആറേകാല്‍ ശതമാനമാക്കി. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിന്റ് ഉയര്‍ത്തി. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് ആറു ശതമാനവും, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് ആറര ശതമാനവുമാണ്.

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിരവധി നിയമപ്രശ്‌നങ്ങളുണ്ടാകുമെന്നു പ്രതിപക്ഷം. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. കേന്ദ്ര നിയമത്തിനും സുപ്രീം കോടതി വിധിക്കും എതിരായുള്ള വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

വിഴിഞ്ഞം സമരക്കാരുമായുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നിയമസഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുറമുഖ പ്രവര്‍ത്തനം തുടരുന്നതാണ്. നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്‍ജിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കണമെന്ന അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം അവസാനിപ്പിച്ചെന്ന് സര്‍ക്കാരും സമരപ്പന്തല്‍ ഇന്നു രാത്രിയോടെ പൊളിച്ചുനീക്കുമെന്നു സമരസമിതിയും കോടതിയെ അറിയിച്ചു.

ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളെയല്ല, പ്രശ്‌നമുണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. പെണ്‍കുട്ടികള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. കോടതി നിരീക്ഷിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനു പിറകേ, നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു മന്ത്രി നിര്‍ദേശിച്ചു. ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനു പിറകേ, മരിച്ച സംഭവത്തില്‍ വെളിപെടുത്തലുമായി ആശുപത്രി സൂപ്രണ്ട്. പൊക്കിള്‍കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ വേണമെന്നു തീരുമാനിച്ചതെന്ന് സൂപ്രണ്ട് അബ്ദുല്‍ സലാം പറഞ്ഞു. കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് ഹൃദയമിടിപ്പ് 20 ശതമാനം താഴെയായിരുന്നു. അമ്മയെ ഉടന്‍ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

വിലക്കയറ്റത്തിനെതിരേ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നു ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ മറുപടി. ടിവി ഇബ്രാഹിം എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പച്ചക്കറി വിലയെക്കുറിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎല്‍എമാര്‍ക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു. നിങ്ങളാരും പച്ചക്കറി വാങ്ങുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. മന്ത്രിമാര്‍ പ്രതിപക്ഷത്തെ പുച്ഛിച്ചും ആക്ഷേപിച്ചുമാണോ മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പ്രീ- പ്രൈമറി പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസ സംഘം. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സെമിനാറില്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു. ഫിന്‍ലാന്‍ഡില്‍ നടപ്പാക്കുന്ന നിരവധി മാതൃകകള്‍ കേരളത്തിലും നടപ്പാക്കുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസിലാണ് ഉല്പാദനം. 2002 ല്‍ അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയാണ് മലബാര്‍ ഡിസ്റ്റിലറീസായിക്കിയത്.

കോഴിക്കോട് പതിമ്മൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം. ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. പിടിയിലായ പ്രതിയെ പോലീസ് തെളിവില്ലെന്നു കണ്ട് വിട്ടയച്ചത് വിവാദമായിരിക്കേയാണു നടപടി.

ഇടുക്കി കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജിനെ സസ്‌പെന്റ് ചെയ്തു. കണക്കില്‍ കവിഞ്ഞ പണം കണ്ടെത്തിയതിനാണു നടപടി. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ഭാഗത്ത് വീട്ടില്‍ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാളെ കോഴിക്കോട് പിടികൂടി. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ തൈക്കണ്ടി വീട്ടില്‍ രാജനെയാണു വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്.

മൂന്നാറില്‍ പൊലീസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച അഞ്ചു പേര്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. പരിശോധനയ്ക്കായി നിര്‍ത്തിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന മദ്യപസംഘമാണ് ആക്രമിച്ചതിനു പിടിയിലായത്.

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ 113 ദിവസമായി ഉണ്ടായിരുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കുന്നു. 138 ദിവസത്തെ സമരം ഒത്തുതീര്‍ന്ന സാഹചര്യത്തിലാണ് സമരസമിതി പന്തല്‍ പൊളിക്കുന്നത്. വിട്ടുവീഴ്ച ചെയ്തുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിച്ചത്. ഒന്നര വര്‍ഷത്തിനകം ഫ്‌ളാറ്റ്, അതുവരെ 5,500 രൂപ വീട്ടുവാടക, പണിയില്ലാത്ത ദിവസം 310 രൂപ നഷ്ടപരിഹാരം, മേല്‍നോട്ട സമിതി എന്നീ കാര്യങ്ങളില്‍ അനുകൂലമായ നിലപാടു നേടിയെടുത്തതാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം. വീട്ടുവാടക എണ്ണായിരം രൂപയാക്കണം, തീരശോഷണ പരിശോധനാ സമിതിയില്‍ അംഗത്വം എന്നീ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ഉന്നയിച്ച തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറി. സര്‍ക്കാരും പോലീസും കെണിയൊരുക്കി സൃഷ്ടിച്ച പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ കുടുങ്ങിയവര്‍ക്കെതിരായ കേസുകളും അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കണമെന്ന സര്‍ക്കാര്‍ നിലപാടും കേന്ദ്ര സേനയെ കൊണ്ടുവരാമെന്ന നിര്‍ദേശവും സമരക്കാരെ സമ്മര്‍ദത്തിലാക്കിയിരുന്നു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടു മയപ്പെടുത്തുമെന്നാണു സമരസമിതിയുടെ പ്രതീക്ഷ.

മത്സ്യത്തൊഴിലാളി സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും തീരുമാനങ്ങളും തൃപ്തികരമല്ലെന്ന് ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍. സിമന്റ് ഗോഡൗണുകളില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നിശ്ചയിച്ച വാടക അപര്യാപ്തമാണ്. സര്‍ക്കാരിന്റെ ദയാരഹിതമായ മുഖമാണ് ഇതിലൂടെ കണ്ടത്. ലത്തീന്‍ സഭയുമായി ഊഷ്മള ബന്ധമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശ വാദം സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കണ്ടില്ലെന്നു ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റ്  ജോസഫ് ജൂഡ് പറഞ്ഞു.

കുണ്ടറയില്‍ മുളവന സ്വദേശി സുമയുടെ വീടിന്റെ അടിത്തറയിലെ മണ്ണു നീക്കം ചെയ്ത സംഭവത്തില്‍ വീഴ്ച പഞ്ചായത്തിനെന്ന് റവന്യൂ വകുപ്പ്. മണ്ണെടുത്ത ഭാഗത്ത് കുണ്ടറ പഞ്ചായത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടകൊടുക്കണമെന്ന് ജില്ലാ കളക്ടറും ഉത്തരവിട്ടു. സുമക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ പഞ്ചായത്ത്.

ജി 20 ഉച്ചക്കോടി അധ്യക്ഷസ്ഥാനം ലഭിച്ചതോടെ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍. ഇന്ത്യയുടെ നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ ശേഷി ലോകത്തിനു കാണിച്ചുകൊടുക്കാന്‍  സാധിക്കണം.  ഈ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുവേണം പാര്‍ലമെന്റ സമ്മേളനത്തില്‍ പങ്കെടുക്കാനെന്നും അദ്ദേഹം എംപിമാരോട് അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 130 സീറ്റില്‍ 75 സീറ്റിലും ആപ്പ് ജയിച്ചു. 55 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒമ്പത് സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ ലീഡ്. പതിനഞ്ച് വര്‍ഷത്തെ ബിജെപിയുടെ ുര്‍ഭരണത്തില്‍നിന്ന് ഡല്‍ഹി നഗരസഭ മോചിതമായെന്ന് ആം ആദ്മി പാര്‍ട്ടി.

ഭവനസന്ദര്‍ശനത്തിലൂടെ പാര്‍ട്ടിയെ ശക്തമാക്കുമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗം. ഇതിന്റെ ഭാഗമായി പാര്‍ട്ടി എല്ലാ ബൂത്ത് തലത്തിലും പ്രവര്‍ത്തനം ശക്തമാക്കാനുള്ള വിശദമായ പദ്ധതിക്കു രൂപം നല്‍കി.

കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി തര്‍ക്കം. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണാടക മഹാരാഷ്ട്ര ബെലഗാവിയില്‍ മഹാരാഷ്ട്ര റജിസ്‌ട്രേഷന്‍ ട്രക്കുകള്‍ തടഞ്ഞുനിര്‍ത്തി കറുത്ത മഷി പുരട്ടി. പ്രതിഷേധിച്ച വാഹനങ്ങളുടെ ചില്ല് തകര്‍ത്തു. മഹാരാഷ്ട്ര കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *