മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം. മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ ആണ് സൈബർ ആക്രമണം. പിന്നിൽ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്നാണ് കെ സി പക്ഷത്തിൻ്റെ സംശയം.

 

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്നും ഡ്രൈ ഡേ തന്നെ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വാർത്ത വരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. ടൂറിസം മന്ത്രിയും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അങ്ങനെ പറഞ്ഞു. മദ്യനയത്തിൽ മുഖ്യമന്ത്രി സതീശൻ ഓന്ത് നിറം മാറുന്നത് പോലെ മാറി എന്നും മുൻ എക്സൈസ് മന്ത്രി കൂടിയായി എംബി രാജേഷ് പറഞ്ഞു.

 

നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്. എന്നാൽ, മറ്റൊരു സമരനേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

 

സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ. സമരം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി നിരാഹാരം കിടക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. നേരത്തേ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

 

കണ്ണൂർ-കോയമ്പത്തൂർ(16607) കോയമ്പത്തൂർ-കണ്ണൂർ(16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാ​ഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാ​ഗികമായി റദ്ദാക്കിയത്.

 

ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വീണ്ടും അഭിഭാഷക കുപ്പായം അണിഞ്ഞ് ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിലാണ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശ്രീധരൻപിള്ള ഹാജരായത്. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താൻ എന്ന് ശ്രീധരൻപിള്ള പറഞ്ഞു.

 

സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. സൈബർ തട്ടിപ്പും ഹവാല ഇടപാടു തമ്മിൽ ബന്ധമുണ്ടെന്ന് സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ് പറഞ്ഞു. പരിവാഹനിൽ നിന്നും ഡേറ്റകൾ ചോരുന്നുണ്ടെന്നും സൈബർ തട്ടിപ്പ് സംഘം കോളജ് വിദ്യാർത്ഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു.

 

പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി. ഭക്തർ എത്താത്തതിന്റെ കാരണവും ബുക്കിംഗ് സംവിധാനത്തിൽ അസ്വാഭാവികതയും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

 

പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമർപ്പിക്കും. കോൺഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാ​ഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

 

കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാൽ കത്ത് നൽകും. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു.

 

കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയ പത്മജ വേണുഗോപാലിൻ്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയാത്തവർക്ക് വേണ്ടിയടകര്കം പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

 

ഫെമ ചട്ടലംഘനം, ഹവാല, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പത്തിടങ്ങളിൽ ഇ.ഡി വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് രാവിലെ മുതൽ റെയ്ഡ് നടക്കുന്നത്.

 

കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

 

മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനായി അദ്ദേഹം താമസിച്ച മുറിക്ക് മുന്നിലെത്തിയ ഡൽഹി കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ്. കേരള ഹൗസ് ജീവനക്കാരായ സിബി ജോസ്, പി.സി. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് അഡീഷണൽ റെസിഡന്റ് കമ്മിഷണർ മെമോ നൽകിയത്.

 

 

കേരളത്തിൽ നികുതിവരുമാനം വർധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ഗീബൽസിയൻ ശൈലിയാണെന്ന് എംഎൽഎയും മുൻ ധനകാര്യ മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ. പൂ അറിയാതെ വണ്ട് തേൻ കുടിക്കുന്നതുപോലെ ഖജനാവിലേക്ക് പണമെത്തിച്ചെന്ന വാദം ശിക്കാരി ശംഭുവിന്റെ കഥകളെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

 

സംസ്ഥാനത്തെ തേനീച്ച കർഷകർക്ക് ഭീഷണിയായ ‘സ്മോൾ ഹൈവ് ബിറ്റിൽ’ (Aethina tumida) കീടത്തിന്റെ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ്.മന്ത്രി ടി. സിദ്ദിഖ് നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ ശാസ്ത്രീയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

ശബരിമലയിലെ തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം. എഡിജിപി പി വിജയനോടും ദേവസ്വം ബോർഡിനോടും അന്വേഷണം നടത്താനാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

 

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫ് കാർഷിക വികസന സമിതി ചെയർമാനാവും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തെത്തുടർന്നാണ് തീരുമാനം. മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കാനും ധാരണയായിട്ടുണ്ട്.

 

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ ഉൾപ്പെടെ 18 പേരെ വെറുതെവിട്ടതിനെതിരെ സിബിഐയും ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നവരെ വെറുതെവിട്ടത് തിരിച്ചടിയായി.

 

പ്രായം 56 ആയിട്ടും ഇപ്പോഴും യുവനേതാവെന്ന് വിളിക്കുന്നതിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. പ്രായമല്ല, മറിച്ച് എന്തിനെയും കുറിച്ചുള്ള ജിജ്ഞാസയും ചോദ്യങ്ങൾ ചോദിക്കാനുള്ള മനോഭാവവുമാണ് ഒരാളെ യുവാവാക്കി നിർത്തുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ചിക്കാഗോ സർവകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ വിദ്യാർത്ഥിയുടെ ചോദ്യത്തിനാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്.

 

ബിജെപിക്കെതിരെ തുടർച്ചയായി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു.

 

വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയവർക്ക് (ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ്) ഇന്റേൺഷിപ്പ് കാലയളവിൽ ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് നൽകുന്നതിന് തുല്യമായ സ്റ്റൈപ്പൻഡ് നൽകാൻ കേന്ദ്ര സർക്കാർ അനുമതി. തീരുമാനം നടപ്പിലാക്കാൻ അഞ്ച് പ്രമുഖ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഡി.ജി.എച്ച്.എസ് നിർദേശം നൽകി.

 

ചൈനീസ് കമ്പനികൾക്കുവേണ്ടി എൻവിഡിയ, എഎംഡി (AMD) എന്നിവയുടെ 8,79,868 എഐ ചിപ്പുകൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകി യുഎസ് ഭരണകൂടം. ചൈനയിൽ സൈനിക ബന്ധമുള്ളതായിഅമേരിക്കൻ പ്രതിരോധ വകുപ്പ് കണ്ടെത്തിയ കമ്പനികൾ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം.

 

ക്ഷേമ പെൻഷൻ തുക തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലുള്ള അരളികട്ടി ഗ്രാമവാസിയായ ഹമ്മവ്വ ബാലപ്പ സനദി (78) ആണ് കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഭീമപ്പ രാമപ്പ സനദിയെ (20) പോലീസ് അറസ്റ്റ് ചെയ്തു.

 

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് നസീം ദുറാനി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി..വൈകി ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

 

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് പാർട്ടിയിൽ വൻ സംഘടനാ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വകുപ്പുകളുടെയും ചുമതലകളിലേക്ക് 81പുതിയ ദേശീയ സെക്രട്ടറിമാരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു.

 

 

 

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലാണ്.

 

വിവിധ മേഖലകളിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നൂറ് പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനായി ‘ടൈം’ ആദ്യമായി പുറത്തിറക്കിയ ‘ടൈം 100 നെക്സ്റ്റ്: ഇന്ത്യ’ പട്ടികയിൽ ഒൻപത് ഇന്ത്യൻ കായികതാരങ്ങൾ ഇടംനേടി. നിലവിൽ കളിക്കളത്തിൽ സജീവമായ താരങ്ങളും വിരമിച്ച ഇതിഹാസതാരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

 

അമേരിക്കൻ എഐ കമ്പനി ആന്ത്രോപിക്കിന്‍റെ ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓഹരിയൊന്നിന് 83 ഡോളറിനായിരുന്നു ലിസ്റ്റിങ്ങ്. ആകെ 98 കോടി ഓഹരികളാണ് വിപണിയിൽ ഇറക്കിയത്. 81 ബില്യൺ ഡോളറാണ് കമ്പനി ഓഹരി വിപണി വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. കമ്പനി സ്വയം കണക്കാക്കുന്ന മൂല്യം1.5 ട്രില്യൺ ഡോളറാണ്. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദയും ചേർന്നാണ് നാസ്ഡാക്കിൽ മണി മുഴക്കി ഓഹരി വിപണിയിൽ ഔദ്യോഗിക വ്യാപാരം തുടങ്ങിയത്.

 

 

മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. കോളുകൾ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രം മൊബൈൽ കണക്ഷൻ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ മൊബൈൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല.

 

വിവോയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്ഫോൺ ശ്രേണിയായ എക്സ്500 സീരീസ് നവംബർ 26ന് ഇന്ത്യയിൽ അവതരിപ്പിക്കും. എക്സ്500, എക്സ്500 പ്രോ, എക്സ്500 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ശ്രേണിയിലുള്ളത്. സ്മാർട്ട്ഫോണുകൾക്കൊപ്പം വാച്ച് ജിടി 2 സ്മാർട്ട് വാച്ചും അന്നേ ദിവസം വിപണിയിലെത്തും. സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ച ഫോണുകൾ ഒക്ടോബറിൽ ആഗോള വിപണിയിലും എത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്കുള്ള വരവിന് മുന്നോടിയായി ഫോണുകളുടെ ഡിസൈൻ, സവിശേഷതകൾ, സാങ്കേതിക വിവരങ്ങൾ എന്നിവയുടെ സൂചനകൾ കമ്പനി പുറത്തുവിട്ടുതുടങ്ങി. അതേസമയം, ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില സംബന്ധിച്ച ചോർന്ന വിവരങ്ങളും ശ്രദ്ധേയമാണ്.

 

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോണായ ഐഫോൺ ഡ്യൂവിൽ മുൻ ക്യാമറ ഉപയോഗിച്ചുള്ള അൺലോക്കിങ് സംവിധാനം വരുന്നു. എന്നാൽ, പ്രധാന സുരക്ഷയ്ക്ക് ടച്ച് ഐഡിയോ പാസ്‌കോഡോ ആവശ്യമായി വരും. ഇതിനു പുറമേ ഫോൺ മടക്കുമ്പോൾ തന്നെ ലോക്ക് ചെയ്യാനുള്ള പുതിയ ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ദുൽഖറിനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത “ആകാശംലോ ഒക താര” (ആകാശത്തിൽ ഒരു താരകം) ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി ഇന്നലെ കേരളത്തിൽ നടന്ന മലയാളം പ്രീമിയർ ഷോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രകടനത്തെ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ചതിലൊന്നായി വിശേഷിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകർ ചിത്രത്തെ വരവേൽക്കുന്നത്. നായിക സാത്വിക വീരവല്ലിയുടെ പ്രകടനത്തിനും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. വൈകാരികതയും പ്രചോദനവും മനോഹരമായ പ്രണയവുമെല്ലാം കോർത്തിണക്കിയ ചിത്രം മികച്ചൊരു സിനിമാനുഭവമാണെന്നാണ് പ്രീമിയർ ഷോ കണ്ടിറങ്ങിയവരുടെ അഭിപ്രായം.

 

ടിപ്പു ഷാൻ വി.ഇ., ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ കെ.എസ്. ആണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള രോഹിത് ചന്ദ്രശേഖറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

 

ആർത്തവചക്രം നീട്ടിവെക്കാനോ ക്രമീകരിക്കാനോ വ്യാപകമായി ഉപയോഗിക്കുന്ന ‘ആർത്തവം വൈകിപ്പിക്കുന്ന ഗുളികകൾ’ (period-delay tablets) ഇതിനായി പലരും ആശ്രയിക്കുന്ന ഒരു എളുപ്പവഴിയാണ്. എന്നാൽ, ഇത്തരം ശക്തമായ കൃത്രിമ ഹോർമോണുകൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഡോക്ടറുടെ കൃത്യമായ മേൽനോട്ടമില്ലാതെ ഇത്തരം മരുന്നുകൾ കഴിക്കുന്നത് അപ്രതീക്ഷിതമായ പാർശ്വഫലങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് മുതിർന്ന ഗൈനക്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നു.ഹോർമോൺ അടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം കഴിക്കുന്നത് പലപ്പോഴും ശാരീരികമായ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.

 

അർബുദങ്ങളിലെ അപകടകാരിയാണെന്നാണ് പാൻക്രിയാറ്റിക് കാൻസർ അറിയപ്പെടുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതുകൊണ്ടുതന്നെ അതിജീവന സാധ്യത കുറവുള്ള അർബുദമാണിത്. പാൻക്രിയാറ്റിക് കാൻസർ സംബന്ധിച്ച് അവേബാധം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച്ചയാണ് ലോക പാൻക്രിയാറ്റിക് ദിനമായി ആചരിക്കുന്നത്.

 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളർ – 93.01,പൗണ്ട് – 121.95,യൂറോ– 102.19,സ്വിസ് ഫ്രാങ്ക്-110.44, ഓസ്‌ട്രേലിയൻ ഡോളർ – 62.11, ബഹ്റൈൻ ദിനാർ – 245.98, കുവൈത്ത് ദിനാർ– 298.39, ഒമാനി റിയാൽ – 241.67, സൗദി റിയാൽ – 24.79, യു.എ.ഇ ദിർഹം– 25.32, ഖത്തർ റിയാൽ – 25.53.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *