മദ്ധ്യാഹ്ന വാർത്തകൾ 20261024 195348 0000

 

 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണംചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു. ഇതിൽ ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയും അനുവദിച്ചു.

 

കാലിക്കറ്റ് സർവകലാശാലയുടെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്.

 

മത്സ്യസമ്പത്തും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ചെറുമീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. ഇതിനായി തീരദേശ ജില്ലകളിൽ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്യും. ഈ സാമ്പത്തിക വർഷം നിയമലംഘനം നടത്തിയ 54 യാനങ്ങളിൽ നിന്നായി 36.15 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

 

വിജിലൻസിലെ വിവരാവകാശ വിലക്കിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീവെട്ടിക്കൊള്ള മറയ്ക്കാനാണ് സർക്കാർ നടപടിയെന്ന് പിണറായി ആരോപിച്ചു. അഴിമതി മൂടിവെക്കാനുള്ള നഗ്നമായ ഇടപെടലാണ് നടന്നത്. യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോ എന്നും പിണറായി ചോദിച്ചു.

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഷാർജയിലെ ജ്വല്ലറിയിൽ ജീവനക്കാരനാണെന്നും പോകാൻ കഴിഞ്ഞില്ലെങ്കിൽ ഉപജീവനത്തെ ബാധിക്കുമെന്നും തച്ചങ്കരി ഹർജിയിൽ പറയുന്നു. എന്നാൽ, ജയിലിൽനിന്ന് ഇപ്പോൾ ഇറങ്ങിയതല്ലേയുള്ളൂവെന്നായിരുന്നു കോടതിയുടെ ചോദ്യം.

 

രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി നിലവിൽ മൂന്നു മാസം പൂർത്തിയായിരുന്നു. 120 ദിവസത്തേക്കാണ് വീണ്ടും സസ്പെൻഷൻ നീട്ടിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിവാദമായ രക്ഷാപ്രവർത്തനം ഉണ്ടായത്.

 

അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. അണ്ടൂർക്കോണം സിഎച്ച്സിയിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് സസ്പെൻഡ് ചെയ്തത്.

 

സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് അഴിമതി ആരോപണം വരെ വന്നുനിൽക്കുകയാണ്. പാഴ്ഭൂമിയാണ്, ഖനനം ചെയ്തതാണ്, വെള്ളം കെട്ടിനിൽക്കുന്നതാണ് എന്നൊക്കെയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് ഞെള്ളുർ സ്വദേശി കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്

 

നെടുമ്പാശ്ശേരി അപകടക്കേസിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന് എതിരെ വീണ്ടും കേസ്. സഹകരണ- എക്സൈസ് മന്ത്രി എം. ലിജു നൽകിയ പരാതിയിലാണ് ജെയിംസിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത്.

 

ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഒരുക്കം വിലയിരുത്താൻ വിളിച്ച യോ​ഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു. നവംബർ പത്തിന് ഉള്ളിൽ എല്ലാം പൂർത്തിയാകും. മരാമത്ത് പണികളുടെ നിലവാര പരിശോധന ഉൾപ്പെടെ നടത്തും

 

തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകുന്ന മുണ്ടുകൾ പമ്പയിലെ ഇരുമുടിയായി മാറിയെന്നാരോപണം. സംഭവത്തിൽ അഴിമതി ഉണ്ടെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ ആരോപിക്കുന്നത്. തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി നൽകിയ മുണ്ടുകളാണ് ഇരുമുടിയായി മാറിയത്. പമ്പയിലെ ദേവസ്വം ബോർഡിൻറെ കെട്ടുനിറ കേന്ദ്രത്തിൽ ആണ് സർക്കാർ മുദ്രയുള്ള ഇരുമുടികൾ എത്തിയത്.

 

കരുവന്നൂർ കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് ഹർ‍ജി പരിഗണിക്കുന്നത്. വാദത്തിനായി പ്രതികൾ സാവകാശം തേടി. കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയും സിപിഎം നേതാക്കളുമാണ് വിടുതൽ ഹർജി നൽകിയത്.

 

ദില്ലിയിൽ പ്രതിഷേധം കടുക്കാനുള്ള സാധ്യതയെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഷാ ചർച്ച നടത്തിയത്.ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഇതുവരെ രജിസറ്റർ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ​

 

ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസിൽ ഒരാൾ കൂടി പിടിയിൽ. ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയ പ്രതിയെ ആണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും സംഘാംഗമായ നീരജ് ഫരീദ്പുരിയയും അമേരിക്കയിൽ അറസ്റ്റിലായി.

 

തമിഴ്നാട്ടിലെ നീല​ഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും. കൂനൂർ-മേട്ടുപ്പാളയം ചുരംറോഡിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു. കണ്ടക്ടർ ​ഗുരുതര പരിക്കേറ്റു. മേട്ടുപ്പാളയം-ഊട്ടി റോഡിൽ 14-ഓളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് റിപ്പോർട്ട്.

 

വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ പ്രത്യേക ഫാനുകൾ സ്ഥാപിച്ച് ​​സൂറത്തിലെ വീർ നർമദ സൗത്ത് ​ഗുജറാത്ത് യൂണിവേഴ്സിറ്റി(വിഎൻഎസ്ജിയു). ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലായി 388 സ്പ്രിം​ഗ് ഫാനുകളാണ് സർവകലാശാല അധികൃതർ സ്ഥാപിച്ചത്.

 

ആകാശ ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്‍റെ മൂല്യവർദ്ധിത നികുതി വൻതോതിൽ വെട്ടിക്കുറച്ച തമിഴ്‌നാട് സർക്കാരിന് കേന്ദ്ര സർക്കാരിന്‍റെ അപൂർവ്വ പ്രശംസ. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് തമിഴ്‌നാട് സർക്കാരിന്‍റെ ഈ തീരുമാനം.

 

 

നടൻ ടൈ​ഗർ ഷ്റോഫിനെ ലോറൻസ് ബിഷ്ണോയിയുടെ സംഘം വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ സൽമാൻ ഖാനുമായുള്ള അടുപ്പം തന്നെയെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ പ്രതികളിലൊരാളാണ് ചോദ്യംചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈ​​ഗർ ഷ്റോഫ് 2022-ൽ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതും അദ്ദേഹവുമായുള്ള അടുത്തബന്ധവുമാണ് ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

 

കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിൽ നടന്ന റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

 

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനാ ഫാസോയിൽ വധശിക്ഷ പുനഃസ്ഥാപിച്ചു. ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് രാജ്യത്ത് നിർത്തിവെച്ചിരുന്ന വധശിക്ഷ പുനഃസ്ഥാപിച്ചത്. ഇതിനുപുറമേ രാജ്യത്ത് സൗന്ദര്യമത്സര്യങ്ങൾ നിരോധിച്ചും സർക്കാർ ഉത്തരവിറക്കി.

 

രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക് പോകുന്ന ഫ്രാൻസിൽ അതീവ ജാഗ്രതയിൽ പൊലീസ്. 70,000 സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കർഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു. അതിനിടെ, പാരീസിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *