രോഗം വരാതെ ശരീരം സംരക്ഷിക്കാന് പ്രതിരോധശേഷി പ്രധാനമാണ്. ഭക്ഷണക്രമം, ഉറക്കം, മാനസികാരോഗ്യം, വ്യായാമം തുടങ്ങിയ നിരവധി ഘടകങ്ങള് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്ത്തനത്തെ സ്വാധീനിക്കുന്നുണ്ട്. ദിവസവും അല്പ സമയം വേഗത്തില് നടക്കുന്നത് പോലും ആരോഗ്യത്തിന് ഗുണം ചെയ്യും. സാധാരണ നടക്കുന്നതിനെക്കാള് ബ്രിസ്ക് വാക്കിങ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ഏറെ സഹായകരമാണ്. എന്നാല് ഓടുന്നതുപോലെ അമിതമായി വേഗത്തിലാകേണ്ടതില്ല. ബ്രിസ്ക് വാക്കിങ് ചെയ്യുന്ന ഒരാള്ക്ക് സംസാരിക്കാന് കഴിയണം. എന്നാല് പാട്ടുപാടാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിലുള്ള വേഗമായിരിക്കും സാധാരണ മിതമായ തീവ്രതയിലുള്ള വ്യായാമം. നടത്തത്തിന്റെ വേഗം ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, ശാരീരികക്ഷമത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. വൈറസുകള്, ബാക്ടീരിയകള് തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന് സഹായിക്കുന്ന ശരീരത്തിന്റെ സങ്കീര്ണ സംവിധാനമാണ് രോഗപ്രതിരോധ സംവിധാനം. സ്ഥിരമായ ശാരീരിക പ്രവര്ത്തനങ്ങള് ഈ സംവിധാനത്തിന്റെ സാധാരണ പ്രവര്ത്തനത്തെ പിന്തുണയ്ക്കുന്നു. ആഴ്ചയില് കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള ശാരീരിക പ്രവര്ത്തനമാണ് പൊതുവായ മാര്ഗനിര്ദേശം. ഇത് ദിവസവും 30 മിനിറ്റ് വീതം ആഴ്ചയില് അഞ്ചു ദിവസം എന്ന രീതിയില് ക്രമീകരിക്കാം.
പ്രതിരോധശേഷിക്കായി അല്പ സമയം വേഗത്തില് നടക്കാം
