പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഫിറ്റ്നസ് പ്ലസ് സേവന മേഖലയിലെ ഓഡിയോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന്റെ രണ്ടാമത്തെ പിരിച്ചുവിടല്‍ ആണിത്. ടൈം ടു വാക്ക്, ടൈം ടു റണ്‍ തുടങ്ങിയ ഓഡിയോ ഫീച്ചറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടീമിലെ അംഗങ്ങളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. വീഡിയോ കാണാതെ തന്നെ ആപ്പിള്‍ വാച്ച് വഴി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചറുകള്‍. ഓട്ടോമേഷന്‍, ചെലവ് നിയന്ത്രിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ഓഗസ്റ്റില്‍ ആപ്പിള്‍ 200ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
