ആര്‍ത്തവവിരാമം അസ്ഥികളുടെ ആരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും മാത്രമല്ല, കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കത്തിനു കാരണമാവുകയും ചെയ്യുമെന്ന് കൂടി കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠനം. അവസാന ആര്‍ത്തവത്തിന് മുമ്പും ശേഷവുമുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിശകലനം ചെയ്തത്. തുടര്‍ന്നാണ് ആര്‍ത്തവവിരാമ സമയത്ത് അണ്ഡാശയ ഹോര്‍മോണുകളിലുണ്ടാകുന്ന കുറവ് കുടലിന്റെ ആവരണത്തിന് കേടുപാടുകള്‍ വരുത്തുന്നുവെന്നും അത് വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയത്. ആര്‍ത്തവവിരാമത്തിന് ഏകദേശം 2.5 വര്‍ഷം മുമ്പുമുതല്‍ക്കേ കുടലിന്റെ ആവരണത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങുന്നുവെന്ന് പഠനം പറയുന്നു. പ്രൊജസ്‌ട്രോണ്‍ പോലുള്ള അണ്ഡാശയ ഹോര്‍മോണുകള്‍ കുടലിന്റെ ആവരണത്തെ സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ആര്‍ത്തവവിരാമത്തോടെ ഈ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന കുറവ് കുടലിന്റെ സംരക്ഷണ ഭിത്തിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് കരുതുന്നത്. ദഹനക്കേട്, ഗ്യാസ്, വയറു വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളെ വാര്‍ധക്യവുമായി ബന്ധപ്പെട്ട സാധാരണ പ്രശ്‌നങ്ങളെന്ന് കരുതി നിസ്സാരമാക്കരുതെന്നുകൂടി പറഞ്ഞുവെക്കുകയാണ് ഗവേഷകര്‍. പ്രോബയോട്ടിക് സപ്ലിമെന്റുകള്‍, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, ആര്‍ത്തവവിരാമ ഹോര്‍മോണ്‍ തെറാപ്പി എന്നിവയിലൂടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നീര്‍വീക്കം കുറയ്ക്കാനുമാകും.
