ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെയും ഓണ്‍ലൈന്‍ ബ്രാന്‍ഡുകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ആപ്പ് പ്ലാറ്റ്ഫോമായ ‘ക്രിയേറ്റര്‍ കണക്ഷന്സ്’ ആമസോണ്‍ ഇന്ത്യ പുറത്തിറക്കി. ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും സഹായിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. തുടക്കത്തില്‍ 50,000 ബ്രാന്‍ഡുകളും 5,000 ക്രിയേറ്റര്മാരുമാണ് ഇതില്‍ പങ്കാളികളാകുന്നത്. രാജ്യത്തെ 1.65 ലക്ഷത്തിലധികം വരുന്ന ആമസോണ്‍ ഇന്‍ഫ്ലുവന്‍സര്‍ ശൃംഖലയിലേക്ക് ഇത് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. ‘ക്രിയേറ്റര്‍ കണക്ഷന്‍സില്‍’ അംഗമാകുന്നതിന് മുന്‍പ് ആമസോണ്‍ ഇന്‍ഫ്ലുവന്‍സര്‍ പ്രോഗ്രാമില്‍ അനുമതി നേടേണ്ടതുണ്ട്. ആമസോണ്‍ അസോസിയേറ്റ്സ് പേജ് വഴി സജീവമായ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് പ്രൊഫൈലുകള്‍ ലിങ്ക് ചെയ്യാം. ഇതോടെ 50,000 ബ്രാന്‍ഡുകളുടെ പ്രചാരണ കാമ്പെയ്നുകള്‍ തെരഞ്ഞെടുക്കാം.
