പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ ഈ വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയൻറെ മകൾ ടി വീണ ഇന്‍റർനെറ്റ് കോളിനായി ഉപയോഗിച്ച സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ. മുഹമ്മദ് റിയാസ് മന്ത്രി ആയിരിക്കെ കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയിരുന്നു നന്ദുലാൽ. 2024 മുതൽ വീണ നന്ദുലാലിന്റെ പേരിലുള്ള സിം ഉപയോഗിച്ചു എന്നും ഇത് ഹവാല ഇടപാട് സംബന്ധിച്ച ആശയവിനിമയത്തിന് ആകാമെന്നും ഇഡി കരുതുന്നു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാൽ മൊഴി നൽകി.
പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്ജ്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും ആരോപിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. തനിക്കെതിരെ വന്ന പത്രവാർത്ത വ്യാജമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങൾ വെള്ള പേപ്പറിൽ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്. കോഴിക്കോട്ടെ ഓഫീസ് ആണ് അടഞ്ഞുകിടക്കുന്നത്.
മുൻമുഖ്യമന്ത്രിയുടെ മകൾ വീണ ടി, വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനത്തിലേക്കും അന്വേഷണം. ദുബൈയിലേക്ക് 85ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്.
മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി. ഹർജിയിൽ കോടതി നാളെ ഉത്തരവിടും.
പുലികളിക്കെതിരായ നടൻ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ് എന്ന് വിശദമാക്കിയായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്. രൂക്ഷമായ വിമർശനമാണ് കുറിപ്പ് നേരിടുന്നത്.
സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിനുള്ള നാലര വർഷ ഫീസിൽ വിദ്യാർത്ഥികളെ വലച്ച് സർക്കാരിന്റെ മെല്ലെപ്പോക്ക്. നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇതുവരെയും അപ്പീൽ ഇല്ല. ഫീസ് റെഗുലേറ്ററി കമ്മിറ്റിയും നിലപാട് അറിയിച്ചിട്ടില്ല. ഇതോടെ അഞ്ച് വർഷത്തെ ഫീസ് അടയ്ക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലുള്ള നികുതി വെട്ടിപ്പിൽ നാലാമതൊരു ഉദ്യോഗസ്ഥന് കൂടി വീഴ്ച പറ്റിയതായി എസ്ഐടി കണ്ടെത്തി. കോടികളുടെ വെട്ടിപ്പ് നടത്തിയ സ്പോൺസർക്കെതിരെ നടപടിയെടുക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി നടത്തുന്ന അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫീസർ നിയമനം സംബന്ധിച്ച് മന്ത്രി ഒ ജെ ജെനീഷ് റിപ്പോർട്ട് തേടി. സ്പെഷ്യല്‍ സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ വിവാദത്തില്‍ പുരാരേഖ ഡയറക്ടറും റിപ്പോർട്ട് നല്‍കിയിരുന്നു.
കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവശേഷം പിടിക്കപ്പെട്ടാൽ പറയാൻ പ്ലാൻ ബി ഇവർ തയ്യാറാക്കിയിരുന്നതായിട്ടാണ് വിവരം. കൊലപാതകം പിടിക്കപ്പെട്ടാലും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു.പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് പെൺകുട്ടി മറ്റു മൂന്ന് കൗമാരക്കാരെ അറിയിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.
വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് രണ്ട് സർവീസുകൾ വീതം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29 മുതൽ സർവീസ് ആരംഭിക്കും
കരുവാറ്റയിൽ 67കാരനെ കൊലപ്പെടുത്തിയ കേസിൽ കൗമാര സംഘത്തിലെ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. കുറ്റകൃത്യ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ച പെൺകുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കോഴിക്കോട് കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരന്‍, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മര്‍ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്.
തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് റാപ്പർ വേടൻ. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വേടൻ സൈബർ പൊലീസിനും ഡിജിപിക്കും പരാതി നൽകി. തനിക്കെതിരെ ഗൂഡാലോചന നടത്തി അപവാദപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയിൽ വേടൻ ആരോപിക്കുന്നത്.
വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ല. ഇഡിയുടെ കാര്യത്തിൽ പാർട്ടിക്കൊരു നിലപാടുണ്ട്. ഇഡിക്ക് മുകളിൽ കോൺഗ്രസിന് ഒരു ഏർപ്പാടും ഇല്ല. ഇഡിയോട് ഒരു കാലഘട്ടത്തിലും യോജിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു
പുലിക്കളിയെക്കുറിച്ചുള്ള നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍റെ പരാമർശം അപലപനീയമാണെന്ന് ബിജെപി. പ്രസ്താവന പിൻവലിച്ച് അദ്ദേഹം തൃശൂർ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
ഡിജിപി എസ് ശ്രീജിത്തിനെതിരായ ഹർജിയിൽ ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. നേരിട്ട് ഹാജരാകാനുള്ള ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ വഴി അവധി ചോദിച്ചതിനാണ് വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതി ആണെന്നും വില്ലേജ് ഓഫീസ് അല്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു.
പ്രസംഗവേദി ശുദ്ധീകരിച്ച സംഭവത്തിൽ പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മല്ലികാർജുൻ ഖർഗെ പ്രവർത്തക സമിതിയിൽ. പല നേതാക്കളും വിഷയത്തിൽ മൗനം പാലിച്ചുവെന്ന് അദ്ദേഹം വിമർശിച്ചപ്പോൾ, പാർട്ടിയൊന്നാകെ ഖർഗെയ്ക്ക് ഒപ്പമുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
ഗുജറാത്തിലെ ഭാവ്നഗറിൽ പോലീസിൽ ജോലി ലഭിച്ചതിൻ്റെ ആഘോഷത്തിനിടെ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. 12 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മധ്യപ്രദേശിൽ നിന്ന് കടത്തിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നും സംഭവത്തിൽ 21 പേർക്കെതിരെ പോലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.
തെലങ്കാനയിലെ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ രൂപ റെഡ്ഡിയുടെ കൊലപാതകത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.പ്രിൻസിപ്പാളിൻ്റെ വീട്ടിൽ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ. തമിഴ്നാട് തിരുവള്ളൂർ മനവൂർ സ്റ്റേഷന് സമീപമാണ് സംഭവം. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ കരാർ ജീവനക്കാരൻ ആയ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊന്നത്. വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.
വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന 1937-ലെ നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഈ തീരുമാനത്തെ ‘പുതിയ മുസ്ലിം ലീഗ്’ എന്ന് വിശേഷിപ്പിച്ച് ബിജെപി രംഗത്തെത്തിയപ്പോൾ, ദേശീയഗീതത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ. സെർജിയോ ഗോറിൻറെ പ്രസ്താവന യുഎസ് നയം മാറുന്നതിൻറെ സൂചനയെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു.
യുഎസ് – ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. മുൻപെങ്ങുമില്ലാത്ത ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇറാൻ നേരിടേണ്ടി വരികയെന്ന് ട്രംപ്
ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 29-ന് നടക്കുന്ന ക്യാമ്പിൽ പാസ്പോര്‍ട്ട്, OCI, വിസ തുടങ്ങിയ നിരവധി സേവനങ്ങൾ ലഭ്യമാകും.
നാല് മാസത്തിനിടെ വധശിക്ഷയ്ക്ക് വിധിച്ചത് 22 പ്രതികൾക്ക്. പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയുടെ കോടതിയിൽ നിന്ന് മാറ്റിയത് 100ഓളം കൊലപാതക കേസുകൾ. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്നാണ് വലിയ രീതിയിൽ കേസുകൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
കർണാടകത്തിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ. ഒൻപത് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് കൊല്ലപ്പെട്ടത്. യാദ്ഗിരി ജില്ലയിലെ ജലസേചന കനാലിൽ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾക്ക് അമ്മയോടുള്ള അടുപ്പമാണ് പിതാവിൻ്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് മൊഴി.
ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിർമ്മാണങ്ങളും ബാരിക്കേഡുകളും പൊളിച്ചുനീക്കി. അനുവദനീയമായ സ്ഥലം ലംഘിച്ചാണ് ഇവ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. യാത്രക്കാരായ രണ്ടുപേരിൽ നിന്നായി 68,53,500 രൂപയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) പിടിച്ചെടുത്തത്.
