വര്‍ധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാന്‍ വാട്സാപ്പിന് ഇനി നിര്‍മിതബുദ്ധിയുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങള്‍ തിരയാന്‍ ഓണ്‍-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്‌കാം ഡിറ്റക്ഷന്‍’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍, വാട്‌സാപ്പ് ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീന്‍ ലേണിങ് മോഡല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. തുടര്‍ന്ന്, അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എ.ഐ. മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വാട്സാപ്പ് അറിയിക്കുന്നത്. തട്ടിപ്പിന് എന്തെങ്കിലും സാധ്യത കണ്ടെത്തിയാല്‍ ഉപയോക്താവിന് ഉടനടി മുന്നറിയിപ്പ് ലഭിക്കും. സംഭാഷണം ബ്ലോക്ക് ചെയ്യണോ, റിപ്പോര്‍ട്ട് ചെയ്യണോ, അല്ലെങ്കില്‍ സാധാരണഗതിയില്‍ തുടരണോ എന്ന് ഉപയോക്താവിന് തുടര്‍ന്ന് തിരഞ്ഞെടുക്കാം.
