ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങള്‍ ഇനി കൊച്ചിയിലും നിര്‍മിക്കും. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിര്‍മാണ സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസും പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്മാര്‍ട്ട് ഐഒപിഎസും തമ്മിലാണ് ഇതിനായി ധാരണയായത്. സ്മാര്‍ട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’ സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അധിഷ്ഠിത സിസ്റ്റങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് കൊച്ചിയിലെ കേന്ദ്രത്തില്‍ ഉല്പാദിപ്പിക്കുക. സാധാരണ ഇലക്ട്രോണിക്സ് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ശൈലിയില്‍ നിന്ന് മാറി സങ്കീര്‍ണമായ എഐ ഹാര്ഡ്വെയറുകള് നേരിട്ട് നിര്‍മിക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ ടെക് മേഖല വളരുന്നതിന്റെ സൂചനയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ പങ്കാളിത്തം.
