പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ജില്ലാ അടിസ്ഥാനത്തിൽ മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് സിജെപി. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു.
വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശം തെറ്റാണെന്നും സംഘപരിവാറിന്റെ നാവായി വിഡി സതീശൻ മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ സംഘ പരിവാർ സേവയാണ് നടത്തുന്നത്, മുഖ്യമന്ത്രി നില വിട്ട് പെരുമാറുന്നു, കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.
മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മത സംഘടനകളിൽ ആശയ കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്, വഖഫ് വിഷയത്തിൽ യാതൊരു ആശങ്കയും ഉണ്ടാവേണ്ട സാഹചര്യം ഇല്ല, തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്, കോടതിയുടെ അന്തിമ വിധി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെ അനുമതിയായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും.
തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ചുമതലയേൽക്കും.
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത പ്രചാരണത്തിൽ കണ്ണൂർ സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്യുക. വ്യാജ വാർത്തയിൽ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു.
സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് മുഹമ്മദ് റിയാസ്. ദില്ലിയിലെ സിജെപി സമരത്തിൽ മുഖ്യമന്ത്രി വി ഡി സതീശനന്റേത് ഇരട്ടത്താപ്പാണ്. ദില്ലിയിൽ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഒരക്ഷരം സംസാരിച്ചില്ലെന്നും റിയാസ് പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. വിഷയത്തിൽ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത നൽകിയ മൊഴിയാണ് തിരിച്ചടിയാവുക.
മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ എന്ന് കണ്ടെത്തൽ. വ്യാജ ഐടി സേവനത്തിന്‍റെ കരാറും ഫോണിൽ കണ്ടെത്തി. കര്‍ത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു.
സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം എത്തിച്ചത്. എയർപോർട്ടിൽ നിന്ന് കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോയി. രണ്ട് മണിയോടെ വീട്ടിൽ സംസ്ക്കരിക്കും.
തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർ കരിമണ്ണൂർ എസ് ഐ റോയ്, എൻ.എസ്. റോയി, സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ ജിജോ ആന്റണി എന്നിവർ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം. രാസ പരിശോധനയിലൂടെയാണ് പൊലീസുകാർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
അമ്മയുടെ മൃതദേഹം മകൻ പൂജ ചെയ്ത് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള അമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്. കൃഷ്ണസ്വാമിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
ജന്തർ മന്ദറിൽ നിരാഹാരമിരുന്ന വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. സമരക്കാർക്ക് മൂന്ന് ആവശ്യങ്ങളാണ് ഉള്ളത്, ഇവയിൽ വിട്ടുവീഴ്ചയില്ല. ധർമേന്ദ്ര പ്രധാൻ്റെ വകുപ്പ് മാറ്റും എന്ന് ചില വിവരങ്ങൾ വരുന്നുണ്ട്, അത് അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തൽ.
രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണ് താൻ പാറ്റ എന്ന പ്രയോഗം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്ദറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് യൂണിഫോമണിഞ്ഞ് വേദിയിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഇയാൾ നിലവിൽ സസ്പെൻഷനിലായിരുന്നെന്നും, അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേക്ക് ടൈഫോയ്ഡ്. ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നും ദീപ്കേ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സർക്കാർ നിലപാട് ഇന്ന് അറിയാം.
ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ.തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.
ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് സമീപം ദില്ലി പൊലീസ് സ്ഥാപിച്ച കൃത്രിമ ബുദ്ധി അധിഷ്ഠിത മുഖം തിരിച്ചറിയൽ സംവിധാനം രാജ്യത്ത് സ്വകാര്യത, നിരീക്ഷണം, നിയമപാലന സാങ്കേതികവിദ്യയുടെ പരിധി എന്നിവയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.
സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് നൽകിയെങ്കിലും സിവിൽ ഡിഫൻസ് പിന്നീടത് പിൻവലിച്ചു. മേഖലയിലെ അപായഭീഷണി ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വിക്ഷേപണം നടന്ന് നിമിഷങ്ങൾക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടർന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച്-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ ഈ റോക്കറ്റ്, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് തിയാൻലിയാൻ-2-06 ഡാറ്റ റിലേ സാറ്റലൈറ്റിനെ ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു.
അർജന്‍റീനയെ ഭാവി ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന ഓൺലൈൻ ക്യാംപെയിനിൽ പ്രതികരണവുമായി അർജന്‍റീന പ്രസിഡന്റ് ഹാവിയർ മിലി. അർജന്‍റീനയുടെ കുഴപ്പം എന്തെന്നാൽ ഞങ്ങൾ എപ്പോഴും വേറിട്ടുനിൽക്കും എന്നതാണ്. ഞങ്ങളെ ആർക്കും അവഗണിക്കാൻ കഴിയില്ല. ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, കാരണം ഞങ്ങൾ എല്ലാ കാര്യത്തിലും മികച്ചവരാണെന്ന് മിലി കുറിച്ചു
ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി. മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോ ആണ് ഇറ്റലിയുടെ പുതിയ പരിശീലകൻ. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ ഓഫര്‍ പിർലോ തത്വത്തില്‍ അംഗീകരിച്ചതായും, വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നുമാണ് വിവരം.
