കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ ഗുണമെന്ന ധാരണ പ്രോബയോട്ടിക്സിന്റെ കാര്യത്തില്‍ അപകടമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രോബയോട്ടിക്സ് എന്നത് കുടലിന് ഗുണം ചെയ്യുന്ന സൂക്ഷ്മജീവികളാണ്. ഇവ പ്രധാനമായും കുടലിലെ മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുക, വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുക, ചില ആന്റിബയോട്ടിക് ചികിത്സകള്‍ക്ക് ശേഷം കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുക തുടങ്ങിയ ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്. ഗട്ട് മൈക്രോബ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പ്രോബയോട്ടിക്സ് അമിതമായി ഉപയോഗിക്കുന്നത് കുടലില്‍ അമിതമായി പുളിക്കല്‍ പ്രക്രിയ നടക്കാനും ദഹനനാളത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നുവെന്ന് വിശദീകരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉയര്‍ന്ന ഡോസ് സപ്ലിമെന്റുകളോ ഒരേസമയം ഒന്നിലധികം പ്രോബയോട്ടിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതോ പ്രോബയോട്ടിക്സ് അമിത ഉപയോഗത്തിലേക്ക് നയിക്കാം. ചിലര്‍ക്ക് വയറുവീക്കം, ഗ്യാസ്, വയറ്റില്‍ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ചിലരില്‍ ദഹനപ്രക്രിയയിലെ മാറ്റങ്ങള്‍ മൂലം വയറിളക്കമോ മലബന്ധമോ അനുഭവപ്പെടാം. ഗുരുതര പാന്‍ക്രിയാറ്റൈറ്റിസ്, ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍, ഗുരുതര കുടല്‍രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ പ്രോബയോട്ടിക് ഉപയോഗം വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം.
