രണ്ടാമതും കോവിഡ് ബാധിക്കുന്നത് മരണസാധ്യത ഇരട്ടിയാക്കുമെന്ന് കണ്ടെത്തല്‍. ഇവരില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത മൂന്നര മടങ്ങും ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത മൂന്ന് മടങ്ങും തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 1.6 മടങ്ങും അധികമാണ്. വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ ദിവസങ്ങളിലാണ് ഇതിനെല്ലാമുള്ള അപകട സാധ്യത കൂടുതല്‍. എങ്കിലും, രോഗബാധയെ തുടര്‍ന്നുള്ള ആറ് മാസങ്ങളിലും രോഗികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഓരോ തവണ കൊറോണ വൈറസ് അണുബാധ ഉണ്ടാകുമ്പോഴും മരണസാധ്യത വര്‍ധിച്ചു കൊണ്ടിരിക്കും. ഇവരില്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാനും ദീര്‍ഘകാല കോവിഡിനുമുള്ള സാധ്യതയും അധികമാണ്. ശ്വാസകോശവും ഹൃദയവും വൃക്കകളും തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും മാനസികാരോഗ്യവും പ്രമേഹരോഗവും ആയി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകളും വീണ്ടും വൈറസ് ബാധിതരാകുന്നവര്‍ക്ക് ഉണ്ടാകാമെന്നും നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാഷിങ്ടണ്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനും വെറ്ററന്‍സ് അഫേഴ്‌സ് സെന്റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളും രണ്ടാമത് കോവിഡ് വന്നവരില്‍ കൂടുതലാണ്. ബ്രെയ്ന്‍ ഫോഗ്, മൈഗ്രേന്‍, ചുഴലി, തലവേദന, ഓര്‍മക്കുറവ്, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ പല ലക്ഷണങ്ങളും ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായും റിപ്പോര്‍ട്ട് പറയുന്നു.