Untitled design 20250112 193040 0000 1

 

 

കേന്ദ്രത്തെ എതിർത്ത് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ലെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന ഒന്നും ബജറ്റിൽ ഇല്ല. റവന്യൂ കമ്മി കഴിഞ്ഞ വർഷം കുറവില്ലായിരുന്നു. യഥാർത്ഥത്തിൽ വിദേശമദ്യത്തിന് നികുതി കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.എല്ലാ മേഖലയെയും സ്വകാര്യവൽക്കരിക്കാനുള്ള ബ്ലൂ പ്രിന്റാണ് ബജറ്റെന്നും,കിഫ്‌ബി പദ്ധതികൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കുമെന്നുമുള്ള തമിഴ്നാടിന്റെ നിലപാടിനെ മുല്ലപ്പെരിയാർ സമര സമിതി വെല്ലുവിളിയായി കാണുന്നു. സംസ്ഥാന ബജറ്റിൽ പുതിയ ഡാമിനെക്കുറിച്ച് പരാമർശമില്ലാത്തതിൽ നിരാശ പ്രകടിപ്പിച്ച സമിതി, വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണാൻ തീരുമാനിച്ചു.

 

റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നൽകി സര്‍ക്കാർ. സ്ഥലംമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് സർക്കാർ അപ്പീലില്‍ വ്യക്തമാക്കുന്നത്. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് കെ ജെ റീനയെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമാണെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കുന്നു.

 

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ റദ്ദാക്കി തുടങ്ങി സംസ്ഥാന സർക്കാർ. ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. മന്ത്രിസഭ തീരുമാന പ്രകാരമാണ് നടപടി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു.

 

നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിനായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എല്ലാവരും ആശുപത്രി വിട്ടു. പേരെയാണ് പുതുതായി മൂന്ന് ഡിസ്ചാർജ് ചെയ്തത്. നിപ രോഗിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, വെന്റിലേറ്ററിൽ തുടരുന്നു.

 

സംസ്ഥാനത്ത് ഇന്ന് 10 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് 1 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡിഎച്ച്എസ് ആസ്ഥാനത്ത് നിർണായകമായ പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ മുടങ്ങി. ഡോ. റീന കെ.ജെയും ഡോ. മീനാക്ഷിയും ഒരേ പദവിയിൽ തുടരുന്നതിലെ തർക്കമാണ് ഇതിന് കാരണം. നിപ, കുരങ്ങുപനി പോലുള്ള രോഗഭീഷണികൾക്കിടയിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

 

സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന.

 

ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെന്നും അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2024 ൽ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാത്ഥികൾ പരാതി നൽകിയിരുന്നു.നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പാസാക്കിയ വിധിക്കെതിരെയാണ് വിദ്യാത്ഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

 

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാമൂഹ്യനീതിയും വികസനവും കൈകോർക്കുന്ന ജനകീയ ബജറ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ ബജറ്റ് പ്രത്യേക പ്രാധാന്യം നൽകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും പിണറായി വിജയന്റെ ചിത്രം വെച്ചുള്ള ബോർഡുകളിൽ വിമർശനം ഉയർന്നെന്നും അദ്ദേഹം പറഞ്ഞു.

 

യുഡിഎഫ് സർക്കാരിൻ്റെ ബജറ്റിനെതിരെ സിഐടിയു രംഗത്ത്. ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്നും തൊഴിലാളി വിരുദ്ധവുമാണെന്നു സിഐടിയു വിമർശിച്ചു.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിജയ് വിമലിന് ജാമ്യം അനുവദിച്ചത്.

 

വി ഡി സതീശൻ സർക്കാർ അവതരിപ്പിച്ച ബജറ്റ് കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളാണെന്ന് രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗ്യാരന്‍റി പോലുള്ള പ്രധാന വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിലെ ഓരോ പ്രഖ്യാപനത്തിനും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുമെന്ന് ബിജെപി ഉറപ്പുനൽകുന്നു.

 

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നീക്കിവെച്ച തുക അപര്യാപ്തമാണെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് വിമർശിച്ചു. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, എൽഡിഎഫ് വകയിരുത്തിയതിനേക്കാൾ 200 കോടി രൂപ കുറവാണ് നീക്കിവെച്ചിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

 

കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ്‌ ചെയർമാൻ എൻ ഹരി. രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാക്കി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന സംവിധാനം മാത്രമാണിതെന്നും എൻ ഹരി വിമർശിച്ചു.

 

രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി എം കെ സ്റ്റാലിൻ. കോൺഗ്രസ് – ഡിഎംകെ ബന്ധം തെറ്റിപ്പിരിഞ്ഞതിനിടെ ആണ് സ്റ്റാലിൻ്റെ ജന്മദിനാശംസ എന്നത് ശ്രദ്ധേയമാണ്. രാഹുലിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നുവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.

 

ആർഎസ്എസിന്റെ നിയമപരമായ പദവി വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട മന്ത്രിയോട് ജാതി അധിക്ഷേപവുമായി ബിജെപി എംപി. കർണാടക ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക് ഖാർഗെയോടാണ് ബിജെപി എംപി രമേശ് ജിഗജിനാഗിയുടെ അധിക്ഷേപ പരാമർശം. ഒരു ദളിതൻ എന്തിനാണ് ആർഎസ്എസിനെക്കുറിച്ച് ആശങ്കപ്പെടുന്നതെന്നായിരുന്നു എംപിയുടെ പരാമർശം. എന്നാൽ ആരെയും ഭയമില്ലെന്നാണ് കോൺഗ്രസ് മന്ത്രിയുടെ മറുപടി.

 

രാഹുൽ ഗാന്ധിയെ പരശുരാമനാക്കി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ ബിജെപി. കോൺഗ്രസ് പരശുരാമനെ അപമാനിച്ചുവെന്ന് വിമർശനം. യൂത്ത് കോൺഗ്രസ് നടത്തിയ പിറന്നാൾ ആഘോഷത്തിനെതിരെ ആണ് വിമർശനം.

 

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് സീറ്റുകളും നേടി കോൺഗ്രസ് വൻ വിജയം സ്വന്തമാക്കി. ബിജെപി-ജെഡിഎസ് സഖ്യത്തിലെ കൂട്ടായ ക്രോസ് വോട്ടിംഗ് കോൺഗ്രസിന്‍റെ അപ്രതീക്ഷിത വിജയത്തിന് വഴിയൊരുക്കുകയും പ്രതിപക്ഷ സഖ്യത്തിലെ ഭിന്നതകൾ മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്തു.

 

രാജസ്ഥാനിൽ നീറ്റ് പുനപരീക്ഷയുടെ വ്യാജചോദ്യപ്പേപ്പർ വിൽപന നടത്തിയ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. 19കാരനായ ആകാശ് ചൗധരി ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് നടപടി.

 

മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നേതൃത്വത്തിൽ തമിഴ്നാട് നിയമസഭ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി. കാവേരി നദിക്ക് കുറുകെ ഡാം നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കം തടയണമെന്നും പദ്ധതിക്ക് അനുമതി നൽകരുതെന്നും പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

 

നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിലുണ്ടായ വെടിവയ്പിൽ 35പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് നെജറിന്റെ തലസ്ഥാനമായ നിയാമേയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിനും അതിനോട് ചേർന്നുള്ള സൈനിക താവളത്തിനും നേരെ സായുധ ആക്രമണമുണ്ടായത്. 11 സൈനികരും രണ്ട് സാധാരണക്കാരും പ്രത്യാക്രമണത്തിൽ 22 അക്രമികളുമാണ് കൊല്ലപ്പെട്ടത്.

 

ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും സമീപകാലത്തെ യുദ്ധം അവരുടെ സൈനിക ശേഷിയെ ഇല്ലാതാക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈ എടുത്തത് അവരാണെന്നും എന്നാൽ ഒരു തരത്തിലുമുള്ള സാമ്പത്തിക ഇളവുകൾ നൽകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

 

ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവന തള്ളി മെലോണി തന്നെ രംഗത്ത്. ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്നും മെലോണി മറുപടി നൽകി.

 

അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള ടിബറ്റിലെ യാർലങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത ഡാമിന്‍റെ നിർമ്മാണം ചൈന ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് വെറും 50 കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ ഈ ഭീമൻ പദ്ധതി.

 

 

ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കി. അമേരിക്കൻ വൈസ് പ്രസിഡൻ്റ് പിന്മാറിയതോടെയാണിത്. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുണ്ട്.

 

ആഗോള സാമ്പത്തിക മാന്ദ്യം തടയാനാണ് ഇറാനുമായി കരാറുണ്ടാക്കിയതെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നെങ്കിലും, ഇറാനോട് മൃദുസമീപനം സ്വീകരിച്ചുവെന്നും യുദ്ധലക്ഷ്യങ്ങൾ പരാജയപ്പെട്ടുവെന്നും ആരോപിച്ച് ട്രംപിനെതിരെ യുഎസ്സിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.

 

ബിഹാറില്‍ നിന്നുള്ള 15-കാരിയായ അക്ഷര ഗുപ്ത വനിതാ അണ്ടര്‍-19 ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ചരിത്രം കുറിച്ചു. രക്‌സോളിനായി 126 പന്തില്‍ 306 റണ്‍സ് നേടിയ ഈ താരത്തിന്റെ അസാധാരണ പ്രകടനം ആഭ്യന്തര ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

 

ക്രൊയേഷ്യക്കെതിരായ വിജയത്തിന് ശേഷം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ചു. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ ഒപ്പിട്ട ജേഴ്സിയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് കൈമാറിയത്. ഈ സവിശേഷമായ സമ്മാനത്തിൽ കെയ്ൻ തൻ്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തി.

 

ഫിഫ ലോകകപ്പിനിടെ അമേരിക്കയിൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾ നേരിടുന്നുവെന്ന് ആരോപിച്ച് ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് പരാതി നൽകാനൊരുങ്ങുന്നു. ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കുന്ന തരത്തിൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന അഭ്യർത്ഥനകൾ അധികൃതർ നിരസിച്ചതാണ് പരാതിക്ക് കാരണം.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *