തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മന്ത്രിസഭാരൂപീകരണത്തിൽ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും. ഹൈക്കമന്‍ഡ് അംഗീകാരത്തോടെ ഇന്ന് മന്ത്രിപ്പട്ടിക ഗവർണർക്ക് കൈമാറും. കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും കെസി വേണുഗോപാലുമായി ചർച്ച നടത്തി ഹൈക്കമാന്‍ഡിന് കൈമാറും.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത ബിജെപി എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു .
തന്റെ കൂടെ നില്ക്കുന്ന, നിരവധി തവണ എംഎല്‍എമാരായവരെ അടക്കം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ട് മന്ത്രിസഭയിലേക്കുണ്ടോ എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
വയനാട്ടില്‍ നിന്ന് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര് ഇമെയില്‍ അയച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ആര്‍ക്ക് കൊടുക്കണം എന്ന് ബിജെപി നേതാവ് വി മുരളീധരന് അല്ല തീരുമാനിക്കേണ്ടതെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ലീഗിന്റെ സംസ്ക്കാരം അല്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പൈലറ്റും എസ്കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനവുമായി വി ഡി സതീശന്. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന് നിര്‍ദേശം നല്കി.
മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന് പുകഴ്ത്തി. അതേസമയം, മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് പാണക്കാട് സാദിക്കലി തങ്ങൾ പ്രതികരിച്ചു.
നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ആശംസകൾ അറിയിക്കാൻ ആശാവർക്കർമാരുടെ സമരസമിതി നേതാക്കൾ കന്റോൺമെന്റ് ഹൗസിൽ എത്തി. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന് എംപി. കെ സിയെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്നും ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെയെന്നും എംകെ രാഘവന് പറഞ്ഞു.
പയ്യന്നൂർ മണ്ഡലം സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം ആയിരുന്നു, തനിക്ക് ലഭിച്ചത് ചരിത്ര വിജയമെന്ന് വി കുഞ്ഞികൃഷ്ണൻ. താൻ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്. തനിക്ക് ആർഎസ്പിയുടെ സീറ്റിൽ ഐക്യ ജനാധിപത്യമുന്നണി പിന്തുണ നൽകി. അതുകൊണ്ടാണ് ആർഎസ്പിയുടെ ഓഫീസിൽവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡണ്ടിനും പരാതി നൽകി.
വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
കരള്‍ സംബന്ധമായ ചികിത്സ നടത്തിയയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന്. താനാളൂര്‍ സ്വദേശി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമീഷന് വിധി.
വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതൃ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം വ്യവസ്ഥകൾ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും.
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വില്‍പ്പന നടത്തിയത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെ എന്ന് അന്വേഷണ ഏജന്‍സി. ആണ് സുഹൃത്തായ ധനഞ്ജയ് ലോഖണ്ഡെയ്ക്കൊപ്പമാണ് ചോദ്യപേപ്പര്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഗോവയിലും, രാജസ്ഥാനിലുമാണ് ആത്മഹത്യാ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദ മൂലമാണ് ആത്മഹത്യകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ധന കയറ്റുമതി തീരുവയിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 3 രൂപയും ഡീസൽ ലിറ്ററിന് 16.5 രൂപയും വിമാന ഇന്ധനത്തിന് 16 രൂപയും കയറ്റുമതി തീരുവ നിശ്ചയിച്ചു.
വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സത്യത്തിന്റെ ഒരു കണിക പോലും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും, ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ആശങ്ക ഉയർത്തി എബോള പടർന്നുപിടിക്കുന്നു. ഇതുവരെ 80 മരണങ്ങൾ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ ഇട്ടൂരി പ്രവിശ്യയിൽ 246 ഓളം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്റെ തീരുമാനം.
