◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. സാംസ്കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യ പടിയാണിത്.
◾നിയമനങ്ങളില്‍ സുതാര്യത വേണമെന്നും കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി നടത്തണമെന്നും എല്‍ഡിഎഫ്. സ്ഥിരം നിയമനങ്ങള്‍ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിലെ അനാരോഗ്യ നിയമന രീതികള്‍ മാറ്റണമെന്നും ഇടതുമുന്നണി യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.
◾സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ ധനകാര്യ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, വാഹനം, ഫര്‍ണീച്ചര്‍ വാങ്ങല്‍ എന്നിവയ്ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീട്ടിയത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുള്ള ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിടാന്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അതി ദരിദ്രര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ആദ്യ പരിഗണന നല്‍കുമെന്നും മന്ത്രി.
◾എപിജെ അബ്ദുള്‍ കലാം സാങ്കതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തയാളെയാണു നിയമിക്കേണ്ടതെന്നാണു സര്‍ക്കാരിന്റെ വാദം. നിയമനം സ്റ്റേ ചെയ്യണമെന്നും റദ്ദാക്കണമെന്നുമുള്ള സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു.
◾സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി. ഇതിനായി 1.99 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകള്‍ക്കുള്ള തുകയനുവദിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖
◾ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടി രൂപ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചു രണ്ടുപേരെ അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വ്യാജ ബില്ല് തയാറാക്കി ബിസിനസ് നടത്തിയെന്നാണ് ആരോപണം.
◾ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെ എതിരില്ലാതെ തെരഞ്ഞെടുത്തതു ചോദ്യം ചെയ്ത് ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്.എസ് ശശികുമാറാണ് കോടതിയെ സമീപിച്ചത്.
◾കരാറുകാരനില്‍നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ വിജിലന്‍സ് പിടികൂടി. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് പിടിയിലായത്. മൂന്ന് റോഡുകള്‍ നിര്‍മിക്കാനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
◾കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. റോഡ് തങ്ങളുടേതു മാത്രമാണെന്നാണ് ചില ഡ്രൈവര്‍മാരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കണം. ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി.
◾പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഫോണ്‍ തരാത്തതിനു വീട്ടുകാരോടു പിണങ്ങി സ്വയം കൈകള്‍ കെട്ടിയിട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
◾
◾ശിവഗിരി മഠത്തിലെ ലീഗല്‍ അഡൈ്വസര്‍ മനോജിനെതിരെ വധശ്രമകേസ്. സ്വാമി ഗുരുപ്രസാദിനെതിരെ പരാതി നല്‍കാത്തതിന് മര്‍ദിച്ച് മൂന്നു ദിവസം പൂട്ടിയിട്ടെന്ന പരാതിയിലാണ് കേസ്. ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി മുന്‍ കണ്‍വീനര്‍ മണികണ്ഠ പ്രസാദാണു പരാതി നല്‍കിയത്.
◾കേരളം ദേശീയ രാഷ്ട്രീയത്തിന് നല്കിയ സംഭാവനയാണ് പി.ജെ. കുര്യനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പി.ജെ. കുര്യന് ലഭിക്കുന്ന സ്വീകാര്യത തത്വാധിഷ്ടിത നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രൊഫ. പി.ജെ.കുര്യന്: അനുഭവവും അനുമോദന’വുമെന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾ആലപ്പുഴ മുതുകുളത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി എസ് ബൈജുവിനെ മൂന്നംഗ സംഘം ആക്രമിച്ചു. നേരത്തെ ബിജെപി അംഗമായിരുന്നു ജി എസ് ബൈജു. ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടു.
◾കോര്പ്പറേഷന് നിയമനക്കത്ത് തട്ടിപ്പില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ ആര്‍എസ്എസ് പ്രവര്‍ത്തകനെന്നു പ്രചരിപ്പിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. മരിച്ചവരെ പ്രതിയാക്കാമെങ്കില് ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാളുടെ തലയില്‍ വച്ചുകെട്ടിയാല്‍ മതിയെന്നും സുരേന്ദ്രന്.
◾തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുന്നാളിനാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും നേരത്തെ നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്നതുമായ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.
◾കിഴക്കമ്പലത്തെ ട്വന്റി 20യെ മര്യാദ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എംഎല്‍എ പങ്കെടുക്കുന്ന പൊതു പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ട്വന്റി 20 നിലപാട് അംഗീകരിക്കാനാകില്ല. പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുകളില്‍ അല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
◾തിരുവന്തപുരം മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ക്കു സ്ഥലംമാറ്റം. പാറശാല എസ് എച്ച് ഒ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പാറശാല ഷാരോണ്‍ കൊലക്കേസും മ്യൂസിയത്തിനരികിലെ അതിക്രമ കേസും കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
◾സര്‍ക്കാര്‍ സംഗീത – ഫൈന്‍ ആര്‍ട്സ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ കലോല്‍സവം ശനിയാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ടു തടവുപുള്ളികള്‍ക്കു പരിക്ക്. കാപ്പ കേസ് പ്രതികളായ തൃശൂര്‍ മണക്കുളങ്ങര ഷഫീഖ് അങ്കമാലി, പാടിയാട്ടില്‍ സിജോ എന്ന ഊത്തപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുടിവെട്ടുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
◾മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കല്പകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്.
◾തൊടുപുഴ കരിമണ്ണൂരിലെ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയില്‍ കശാപ്പും വില്പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ കൊല്ലും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ്.
◾ആലപ്പുഴയില്‍ ഒമ്പതു ഗ്രാം എംഡിഎം എയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഹൃദ്യ, കോതമംഗലം സ്വദേശി നിഖില്‍, ഇടുക്കി സ്വദേശി ആല്ബിന് മാത്യു എന്നിവരാണ് പൊലീസ് പിടിയിലായത്.
◾സീരിയല്‍ നടന് ഉള്‍പ്പടെ രണ്ടു യുവാക്കള്‍ എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായി. അഞ്ചു ഗ്രാം എംഡിഎംഎയുമായി കോടാലി മോനൊടി ചെഞ്ചേരി വളപ്പില്‍ വീട്ടില്‍ വിശ്വനാഥന്റെ മകനും നടനുമായ അരുണ്‍, മൂന്നുമുറി ഒമ്പതുങ്ങല്‍ അമ്പലപ്പാടന്‍ വീട്ടില്‍ കുമാരന്റെ മകന് നിഖില്‍ എന്നിവരാണ് പിടിയിലായത്.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. അര കോടി രൂപ വിലവരുന്ന ഒരു കിലോയോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച നിലമ്പൂര്‍ സ്വദേശി ഫാത്തിമയെ കസ്റ്റംസ് പിടികൂടി.
◾വിലകൂടിയ വിദേശമദ്യ കുപ്പിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യകുപ്പിയോടു ചേര്‍ത്ത് 591 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്.
◾കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ എം എ മലയാളം, കന്നഡ കോഴ്സകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല. പകുതിയിലേറെ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 14 ന് രാവിലെ പത്തിന് സ്പോട്ട് അഡ്മിഷന് നടത്തുമെന്ന് സര്‍വകലാശാല.
◾പത്തു വര്‍ഷം കൂടുമ്പോള്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍പോലും രേഖകള്‍ നല്‍കണം. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും ആധാര്‍, അക്ഷയ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം.
◾കോയമ്പത്തൂര്‍ സ്ഫോടന കേസന്വേഷണത്തിന്റെ ഭാഗമായി പാലക്കാടും എന്‍ഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മുതലമടയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഡിജിറ്റല്‍ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തിന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ.
◾ഗിനിയില്‍ തടവിലുള്ള കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ഇടപെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്ര ഉദ്യോഗസ്ഥര്‍ നാവികരുമായി സംസാരിച്ചു.
◾ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് 1,200 കോടി രൂപയുടെ പീരങ്കികള്‍ക്കുള്ള ഓര്‍ഡറുമായി മിഡില്‍ ഈസ്റ്റിലെ ഒരു രാജ്യം. ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്. ഏതു രാജ്യമാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പീരങ്കികളുടെ സവിശേഷതകള്‍ എന്തെല്ലാമെന്നും പുറത്തുവിട്ടിട്ടില്ല.
◾വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്ന ചട്ടം നീക്കണമെന്നു സുപ്രീം കോടതിയില്‍ ഹര്‍ജി. വിവാഹമോചനത്തിന് അപേക്ഷ നല്കിയ ഭര്‍ത്താവ്, കൃത്രിമ ഗര്‍ഭധാരണത്തെ എതിര്‍ക്കുന്നെന്നു ചൂണ്ടിക്കാട്ടി 38 വയസുകാരി നല്കിയ ഹര്‍ജി പരിഗണിക്കുമെന്നു കോടതി.
◾ഹിമാചല്‍ പ്രദേശില്‍ ഇന്നു നിശബ്ദ പ്രചാരണം. നാളെ വോട്ടെടുപ്പ്. ബിജെപിക്ക് ഭരണ തുടര്ച്ചയെന്നാണു സര്‍വേ ഫലങ്ങള്‍.
◾ജ്ഞാന്‍വാപി കേസ് ഇന്ന് സുപ്രീം കോടതിയില്‍. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് കേസ് പരിഗണിക്കുന്നത്.
◾സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഗൂഢാലോചനയുടെ ഇരയായതാണെന്ന് ജിതേന്ദ്ര നരേയ്ന് അവകാശപ്പെട്ടു.
◾മദ്യം കഴിച്ച് കാട്ടാനക്കൂട്ടം ഫിറ്റായി കുഴഞ്ഞുവീണു. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയില്‍ ഷില്ലിപാഡ കശുമാവ് കാട്ടിലാണ് 24 കാട്ടാനകള്‍ മദ്യപിച്ചു ലക്കുകെട്ടു വീണുപോയത്. ഗ്രാമവാസികള്‍ കാട്ടില്‍ വലിയ കലങ്ങളില്‍ തയാറാക്കിയിരുന്ന ചാരായമായ മഹുവ എന്ന മദ്യം അകത്താക്കിയാണ് കാട്ടാനക്കൂട്ടം കിറുങ്ങി വീണത്. ആനകളെ എഴുന്നേല്‍പിച്ചുവിടാന്‍ വനപാലകര്‍ ചെണ്ടകൊട്ടിയും പടക്കംപൊട്ടിച്ചും ഏറെ നേരം പാടുപെടേണ്ടിവന്നു.
◾ഐസിഐസിഐ ബാങ്കിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനെ വായ്പ അഴിമതികേസില്‍ പിരിച്ചുവിട്ട നടപടി ശരിയെന്ന് മുംബൈ ഹൈക്കോടതി. വിരമിക്കല്‍ കുടിശ്ശിക ആവശ്യപ്പെട്ട് ചന്ദ കൊച്ചാര്‍ നല്കിയ ഹര്‍ജിയിലാണ് വിധി. കോടതി ചന്ദാ കൊച്ചാറിന് ഇടക്കാലാശ്വാസം നിഷേധിച്ചു.
◾ബിരിയാണിയില്‍ ഒരു പങ്ക് ചോദിച്ചതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മരണവെപ്രാളത്തില്‍ ഭാര്യ കെട്ടിപ്പിടിച്ചതോടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. ചെന്നൈയിലെ അയിനാവാരത്ത് 74 വയസുള്ള കരുണാകരന്, ഭാര്യ പത്മാവതി (70) എന്നിവരാണ് ബിരിയാണിയെ ചൊല്ലി വഴക്കിട്ട് ഇങ്ങനെ മരിച്ചത്.
◾യുക്രൈന്റെ കിഴക്കന്‍ നഗരമായ കെഴ്സണില്നിന്നു പിന്‍വാങ്ങുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു. എന്നാല്‍ റഷ്യന്‍ തീരുമാനം വിശ്വസിക്കാതെ യുക്രൈയിന്. റഷ്യയുടെ എന്തെങ്കിലും അടവുനയമാകുമെന്നാണ് യുക്രെയിന്റെ സംശയം.
◾ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്നലെ നടന്ന സെമിഫൈനലില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്പിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും നിരാശരാക്കിയ മത്സരത്തില്‍ 40 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും 33 പന്തില്‍ 63 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നും പ്രകടനത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. അതേസമയം 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി നാല് ഓവര്‍ ബാക്കി നില്‍ക്കെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയമുറപ്പിച്ച് ഇന്ത്യയെ നാണം കെടുത്തി കളഞ്ഞു. 47 പന്തില്‍ 86 റണ്‍സെടുത്ത അലെക്സ് ഹെയ്്ല്സും 49 പന്തില്‍ 80 റണ്‍സെടുത്ത ജോസ് ബട്ലറും ഇന്ത്യന്‍ ടീമിന് ഒരിക്കലും മറക്കാനാകാത്ത തോല്‍വി സമ്മാനിച്ചു. ഇതോടെ ഇംഗ്ലണ്ട് ഞായറാഴ്ച നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും.
◾ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും മന്ത്രി ശിവന്‍കുട്ടി. ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്. ഈ വിജയത്തോടെ മോഹന്‍ ബഗാന് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. തുടര്‍ച്ചയായ ആറാം മത്സരത്തിലും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇതുവരെ ഒരു പോയന്റ് പോലും നേടാന്‍ സാധിച്ചിട്ടില്ല.
◾4ജി നെറ്റ്വര്‍ക്ക് രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ടി.സി.എസുമായി കരാര്‍ ഒപ്പിട്ട് ബി.എസ്.എന്‍.എല്‍. ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനുമായി ടവര്‍ സ്ഥാപിക്കാന്‍ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിന് പുറമേ സര്‍ക്കാറിനായി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്.എഫ്.സി.എല്‍, എല്‍&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് ടി.സി.എസിനായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനിക്ക് 4ജി ടവര്‍ സ്ഥാപിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. സാംസങ്, നോക്കിയ, വാവേയ്, എറിക്സണ് പോലുള്ള കമ്പനികള്‍ സാധാരാണയായി ഇത്തരം കരാറുകള്‍ സ്വന്തമാക്കാറുള്ളത്.
◾ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോര്ഗന് സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. 2030ഓടെ ഇന്ത്യ ഓഹരി വിപണി ലോകത്തിലെ ഏറ്റവും വലുതാവുമെന്നും റേറ്റിങ് ഏജന്‍സി പ്രവചിക്കുന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുള്ള സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. ഇന്ത്യയുടെ ജി.ഡി.പി 2031 ഓടെ ഇരട്ടിയായി മാറും. 3.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 7.5 ട്രില്യണായാണ് ജി.ഡി.പി വര്‍ധിക്കുക. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ചയുണ്ടാകും. വിപണിമൂല്യം 10 ട്രില്യണ്‍ ഡോളറായും വര്‍ധിക്കും. ഇന്ത്യ ഉള്‍പ്പടെ ലോകത്തിലെ മൂന്ന് സമ്പദ്വ്യവസ്ഥകള്‍ക്ക് മാത്രമാവും 2023 മുതല്‍ 400 ബില്യണ്‍ ഡോളറെന്ന വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുയെന്നും മോര്ഗന് സ്റ്റാന്‍ലി പറയുന്നു.
◾ധനുഷ് നായകനാകുന്ന ചിത്രം ‘വാത്തി’ക്കായി ധനുഷ് തന്നെ എഴുതിയ ഗാനം പുറത്തുവിട്ടു. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’ എന്ന ചിത്രത്തില്‍ പറത്തുവന്ന ആദ്യ ഗാനം കൂടിയാണിത്. ‘വാ വാത്തി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ധനുഷ് എഴുതിയ ഗാനം ശ്വേതാ മോഹന്‍ ആണ് പാടിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.
◾പുതിയൊരു സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് മയാളികളുടെ പ്രിയതാരം നഞ്ചിയമ്മ. നവാഗതനായ ശരത്ത്ലാല് നെമിഭുവന്‍ സംവിധാനം ചെയ്യുന്ന ത്രിമൂര്‍ത്തിയിലാണ് നഞ്ചിയമ്മ സുപ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രം ക്യാംപസ് ടൈം ട്രാവലാണ്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ് ചിത്രം. 21 പാട്ടുകളാണ് സിനിമയിലുള്ളത്. നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്. 50ലേറെ നവാഗത ഗായകരും ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ് മോഹനും ചേര്‍ന്നാണു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയില്‍ പാട്ടുപാടാനാണ് നഞ്ചിയമ്മ എത്തിയതെങ്കിലും ചിത്രത്തില്‍ ഒരു വേഷവും ചെയ്തിരുന്നു.
◾പുതിയ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ സിഎന്‍ജി വകഭേദം പുറത്തിറക്കുമെന്ന് ടൊയോട്ട. കോംപാക്ട് എസ്യുവി വിഭാഗത്തിലെ ആദ്യ സിഎന്‍ജി ഇന്ധന മോഡലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. 25000 രൂപ അഡ്വാന്‍സായി നല്കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാഹനത്തിന്റെ കരുത്തും ടോര്‍ക്കിന്റെ വിശദവിവരങ്ങളും പുറത്തുവിടാന്‍ കമ്പനി തയാറായിട്ടില്ല. എന്നാല്‍ മാരുതിയുടെ വാഹനങ്ങളിലേതിനു സമാനമായ എന്ജിന് 88 എച്ച്പി 121 എന്‍എം കരുത്ത് ലഭിക്കാനാണ് സാധ്യത. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനു നല്‍കുന്നത്. 26 കിലോമീറ്ററിലേറെ ഇന്ധനക്ഷമത വാഹനം വാഗ്ദാനം ചെയ്യും. വാഹനത്തിന്റെ ഇടത്തരം സ്പെക് വിഭാഗത്തിലുള്ള എസ്,ജി വകഭേദങ്ങളിലായിരിക്കും സിഎന്‍ജി ലഭ്യമാകുന്നത്.
◾ഒരു ഇവന്റ് മാനേജ്മെന്റ് നിര്‍വഹണം പോലെ കൊലപാതകം പൂര്‍ത്തിയാക്കപ്പെടുന്നു. അതിനാവശ്യമായ പ്രോപ്പര്‍ട്ടികളാണ് പ്രതി, കുറ്റവാളി, പൊലീസ്, വക്കീല്‍, തെളിവുകള്‍ എല്ലാം. അല്പംപോലും തെറ്റാത്ത ടൈമിങ്ങോടെ നിശ്ചയിക്കപ്പെട്ട ദൂരത്ത് അവയെ നിരത്തിവയ്ക്കേണ്ടത് ഇവന്റ് മാനേജ്മെന്റിന്റെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു. ഇവന്റ് ഒരു തീവണ്ടിയാണെങ്കില്‍ അത് റെയിലില്‍ കയറിക്കഴിഞ്ഞെന്ന് തീര്‍ത്തും ഉറപ്പുവരുമ്പോള്‍ മാത്രമാണ് എക്സിക്യൂഷന്. ‘പിശാചിന്റെ വാരി’. വി.കെ.കെ രമേഷ്. മനോരമ ബുക്സ്. വില 240 രൂപ.
◾രോഗം മൂര്‍ച്ഛിച്ചാല്‍ ജീവന് പോലും ഭീഷണിയായേക്കാവുന്ന ഡെങ്കിപ്പനി പടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാത്രമേ കൃത്യമായ ചികിത്സ ലഭ്യമാക്കാനാകൂ. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കാനാണ്. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ചവര്‍ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഏറെ ഔഷധഗുണങ്ങളുള്ള ചില പാനീയങ്ങളുണ്ട്. ആര്യവേപ്പിന്റെ കുറച്ച് ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ചായയ്ക്കൊപ്പം ദിവസവും കുടിക്കുന്നത് വേദന ശമിപ്പിക്കാനും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ രോഗിയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് ക്രമാതീതമായി കുറയും. രണ്ട് പപ്പായ ഇല എടുത്ത് അരച്ച് ചാറെടുക്കണം. ഇതിലേക്ക് ഒരുകപ്പ് വെള്ളം ഒഴിക്കണം. അരിച്ചതിന് ശേഷം ഈ വെള്ളം കുടിക്കാം. കിരിയാത്ത ഇല ജ്യൂസായി കുടിക്കാം. ആര്യവേപ്പില പോലെ ഇവയ്ക്കും ആന്റി-വൈറല്‍ ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ കൂട്ടാന്‍ ഇത് നല്ലതാണ്. ചായയ്ക്കൊപ്പം തുളസി കുടിക്കാം. ഗ്രീന്‍ ടീ ഉണ്ടാക്കുമ്പോള്‍ തുളസിയും അതില്‍ ചേര്‍ക്കാം. പാല് ചേര്‍ക്കാതെ വെള്ളത്തില്‍ തുളസി നേരിട്ടിട്ട് തിളപ്പിച്ചതിന് ശേഷം നാരങ്ങളും പിഴിഞ്ഞൊഴിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന ഒന്നാണ് ചിറ്റമൃത്. ഇവയുടെ ഇല വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം അരിച്ചെടുക്കണം. ചായ പോലെ കുടിക്കാം. മറ്റ് ജ്യൂസുകളില്‍ ചേര്‍ത്ത് ഉലുവ കുടിക്കുന്നതും ഡെങ്കിപ്പനിയുള്ളവര്‍ക്ക് നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്*
ആ കാടിന്റെ ഉള്‍ഭാഗത്ത് തലയെടുപ്പോടെ നിന്ന രണ്ടു വന്മരങ്ങള് ഉണ്ടായിരുന്നു. ആ മരങ്ങളുടെ അടിയിലാണ് സിഹംങ്ങള്‍ മൃഗങ്ങളെ കൊന്ന് തിന്നാറുണ്ടായിരുന്നത്. മൃഗാവശിഷ്ടങ്ങള്‍ കിടന്ന് അവിടെമാകെ ദുര്‍ഗന്ധമായിരുന്നു. ഒരു തവണ മാംസവുമായി വന്നപ്പോള്‍ മരങ്ങള്‍ കാറ്റിന്റെ സഹായത്തോടെ വലിയ ശബ്ദത്തില്‍ ഉലഞ്ഞ് സിംഹങ്ങളെ പേടിപ്പിച്ച് ഓടിപ്പിച്ചു. പല തവണ ഇതാവര്‍ത്തിച്ചപ്പോള്‍ സിംഹങ്ങള്‍ പിന്നീട് അങ്ങോട്ടേക്ക് വാരാതായി. സിംഹങ്ങള്‍ ഇവിടം വിട്ടുപോയി എന്ന് അടുത്ത ഗ്രാമാവാസികള്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ രണ്ടു മരംവെട്ടുകാര്‍ ആ കാട്ടില്‍ കയറി. ഒരുമിച്ചു വളര്ന്നുനില്ക്കുന്ന ആ വന്മരങ്ങളെ കണ്ട് പിന്നീട് ഒന്നും ആലോചിച്ചില്ല. അവ വെട്ടി താഴെയിട്ടു. ഈ ആവാസവ്യവസ്ഥയുടെ ആധാരശില തങ്ങളാണെന്ന വിശ്വസിക്കുന്നവര്‍ വരുത്തിവെക്കുന്ന വിനകളാണ് ഇത്. ഒരാള്‍ക്ക് വേണ്ടിമാത്രം ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒന്നിനെ ഇല്ലാതാക്കിയാല്‍ ആ സ്ഥാനംകൂടി തനിക്ക് ലഭിക്കുമെന്ന് ചിന്തിക്കുന്നത് മുഢത്വമാണ്. ഉള്ളതുകൂടി ഇല്ലാതാകുകയാകും ഫലം. എല്ലാവരും തനിച്ചുജീവിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ മണ്ണില്‍ ജീവനുണ്ടാകില്ല. തൊട്ടടുത്തുള്ളവന് നശിക്കുന്നതാണ് വംശനാശത്തിന്റെ തുടക്കമെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. എല്ലാവര്ക്കും അവരവരുടേതായ ദൗത്യങ്ങളുണ്ട്. അത് മറ്റുള്ളവര്‍ക്ക് അജ്ഞാതമോ അപ്രസക്തമോ ആയിരിക്കും. എന്തെങ്കിലൊന്ന് നഷ്ടമാകുമ്പോഴാണ് ജീവിതത്തില്‍ അവയുടെ അനിഷേധ്യവേഷം എത്ര വലുതായിരുന്നുവെന്ന് തിരിച്ചറിയുക. നഷ്ടപ്പെട്ടതിന് ശേഷം വില മനസ്സിലാക്കാന്‍ കാത്തിരിക്കുന്നതിനേക്കാള്‍ കൂടെയുള്ളപ്പോള്‍ തന്നെ വില മനസ്സിലാക്കാന്‍ ശ്രമിക്കുക – ശുഭദിനം.