ഇന്റര്‍നെറ്റിലെ ആദ്യകാല സെര്‍ച്ച് സംവിധാനങ്ങളില്‍ ഒന്നുകൂടി ഓര്‍മയാകുന്നു. മൂന്ന് പതിറ്റാണ്ടോളം ഇന്റര്‍നെറ്റില്‍ സാന്നിധ്യമറിയിച്ച ആസ്ക്.കോം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആദ്യകാല വെബ് കാലഘട്ടത്തിലെ ഉപയോക്താക്കള്‍ക്ക് സുപരിചിതമായിരുന്ന അക്കാലത്തെ പ്രശസ്തമായ പേരുകളില്‍ ഒന്നാണ് ഇതോടെ ഇല്ലാതാകുന്നത്. 2026 മേയ് 1-ന് ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന് നടത്തിപ്പുകാരായ ഐഎസി സ്ഥിരീകരിച്ചു. 1990കളുടെ അവസാനത്തിലും 2000-കളുടെ തുടര്ച്ചയിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പലര്‍ക്കും വെബ് സെര്‍ച്ച് ചെയ്യാനുള്ള ആദ്യ സംവിധാനങ്ങളില്‍ ഒന്നായിരുന്നു ഇത്. 2010 ല്‍ പ്രധാന സെര്‍ച്ച് പാതയില്‍നിന്ന് വഴിമാറുകയും ചോദ്യോത്തര രീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ഇതേ വര്‍ഷം തന്നെ ഗൂഗിളുമായി ഈ പ്ലാറ്റ്ഫോമിന് മത്സരിക്കാന്‍ കഴിയില്ലെന്ന് ഐഎസി അധികൃതര്‍ പരസ്യമായി സമ്മതിച്ചു.
