യുവതയെ നാടുകടത്തുമോ?
സര്‍വകലാശാലകളെ എകെജി സെന്ററുകളാക്കുമോ? കേരളത്തിലെ പതിനഞ്ചു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്താല്‍ സര്‍വകലാശാലകള്‍ എകെജി സെന്ററുകളായി മാറുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും സിപിഎമ്മും മാധ്യമങ്ങളും നാട്ടുകാരുമെല്ലാം അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് സര്‍വകലാശാലകളെ സിപിഎം നിയമനത്തട്ടിപ്പു കേന്ദ്രമാക്കുമെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം അടക്കം സിപിഎം ഭരിക്കുന്ന എല്ലായിടത്തും കഴിയാവുന്ന നിയമനങ്ങളെല്ലാം പാര്‍ട്ടിക്കാര്‍ക്കു മാത്രമാണെന്ന വിവരം പുതിയ വിശേഷമല്ല. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മാത്രമല്ല, യൂണിവേഴ്സിറ്റികളിലും സ്വജനപക്ഷപാത നിയമനങ്ങളാണു സിപിഎം നടത്തുന്നത്. ഏറ്റവും ഒടുവില്‍ വിവാദമായത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനമാണ്. യുജിസി മാനദണ്ഡളം ലംഘിച്ചുള്ള നിയമനത്തിലെ കള്ളക്കളികള്‍ കോടതിയുടെ പരിഗണനയിലാണ്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്താല്‍ സിപിഎം സര്‍വകലാശാലകളെ നിയമനങ്ങളെ മാത്രമല്ല, പാഠ്യപദ്ധതിയേയും ചെമ്പട്ടു പുതപ്പിച്ച് കിടത്തുമെന്നു സംശയിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല.
കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭായുടെ തീരുമാനം. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യും. ഓരോ സര്‍വകലാശാലകള്‍ക്കും അതതു മേഖലയിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അവകാശപ്പെടുന്നത്. ഇത് യൂണിവേഴ്സിറ്റികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുമെന്നാണ് വാദം. നിയമസഭ പാസാക്കിയാലും ഓര്‍ഡിനന്‍സ് ഇറക്കിയാലും ഗവര്‍ണര്‍ ഒപ്പുവച്ചാലേ നിയമമാകൂ. നിയമസഭ പാസാക്കിയ ഒരു കെട്ടു നിയമങ്ങള്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ തുറന്നുനോക്കുകപോലും ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. ചിലതു നിയമപരിശോധനകള്ക്കു വിട്ടിട്ടുണ്ട്. മാസങ്ങളായി മാറ്റിവച്ചിരിക്കുന്ന ബില്ലുകളില്‍ ഒപ്പുവയ്പിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. തമിഴനാട് സര്‍ക്കാര്‍ അവിടത്തെ ഗവര്‍ണര്‍ക്കെതിരേ രാഷ്ട്രപതിക്കു പരാതി നല്‍കിയിരിക്കുകയാണ്.
തന്നെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സോ ബില്ലോ കൊണ്ടുവന്നാല്‍ ഒപ്പിടില്ലെന്നു നേരത്തെതന്നെ ഗവര്‍ണര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബില്ലായാലും ഓര്‍ഡിനന്‍സായാലും തന്റെ വിലയിരുത്തല്‍ കത്തു സഹിതം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. തന്നെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് എന്തുകൊണ്ടാണു നീക്കം ചെയ്യുന്നതെന്നു ബോധ്യപ്പെടുത്തേണ്ടിവരും. നേരത്തെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിത്തരണമെന്ന് മൂന്നു തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. മൂന്നു തവണയും തുടരണമെന്നു സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി രേഖാമൂലം കത്തു നല്‍കുകയും ചെയ്തു. ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള അങ്ങാടിപ്പോര് തത്കാലം അവസാനിക്കില്ല. കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചത്. ജനാധിപത്യത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു തോന്നുന്നവരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കാനാവില്ലെന്നു ഗവര്‍ണര്‍ ഓര്‍മിപ്പിക്കുന്നു. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണു നിയമിക്കേണ്ടത്. മുഖ്യമന്ത്രി ഭീകരവാദിയേപ്പോലെയാണു സംസാരിക്കുന്നതെന്നാണു ഗവര്‍ണര്‍ തിരിച്ചടിച്ചത്.
പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ നോട്ടീസ് നല്കിയ പത്തു വൈസ് ചാന്‍സലര്‍മാര്‍ക്കു തത്കാലം കസേര നഷ്ടപ്പെടില്ല. വീസിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു ഹൈക്കോടതി ചെക്ക് പറഞ്ഞിരിക്കുന്നു. കോടതിയുടെ അന്തിമ ഉത്തരവുവരെ നടപടി പാടില്ലെന്നാണു ഹൈക്കോടതി ഉത്തരവ്. ഗവര്‍ണര്‍ ഹിയറിംഗിനു വിളിച്ചാല്‍ പോകണോയെന്നു വൈസ് ചാന്‍സലര്‍മാര്‍ക്കു തീരുമാനിക്കാമെന്നും കോടതി നിലപാടെടുത്തു. കോടതി ഇത്രത്തോളം ഇടപെട്ട സ്ഥിതിക്ക് വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ഹിയറിംഗിനു വിളിക്കാന്‍ സാധ്യത കുറവാണ്. വിളിച്ചാല്‍തന്നെ വൈസ് ചാന്‍സലര്‍മാര്‍ പോകാനും സാധ്യതയില്ല. പഠന മികവിന്റേയും കരിയര്‍ പ്രതീക്ഷയുടേയും കേന്ദ്രങ്ങളാകേണ്ട സര്‍വകലാശാലകളെ കുത്തഴിഞ്ഞ അനാഥാവസ്ഥയിലാക്കാനാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും മല്‍സരിക്കുന്നത്. കേരളത്തിലെ 15 യൂണിവേഴ്സിറ്റികളില്‍ മൂന്നിടത്തു വൈസ് ചാന്‍സലര്‍മാരില്ല. ഉള്ളതു താത്കാലിക വൈസ് ചാന്‍സലര്‍മാര്‍. കേരള കാര്‍ഷിക സര്‍വകലാശാല, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലാണ് താത്കാലിക വൈസ് ചാന്‍സലര്‍ ഭരണം. വിദ്യാര്‍ത്ഥികളോടാണ്, അവരുടെ രക്ഷിതാക്കളായ പൊതുജനങ്ങളോടാണു സര്‍ക്കാരും ഗവര്‍ണറും വെല്ലുവിളി മുഴക്കുന്നത്.
ലോക ജനസംഖ്യ ഈയാഴ്ച അവസാനത്തോടെ 800 കോടിയിലേക്കു കടക്കുകയാണ്. മാനവ വിഭവശേഷിയില്‍ മുന്നേറുന്ന കേരളത്തിലെ യുവതലമുറയില്‍ വലിയൊരു ഭാഗവും കേരളമെന്നല്ല ഇന്ത്യതന്നെ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യൂറോപ്പിലേക്കു പോകണമെന്ന സ്വപ്നവുമായാണ് അവര്‍ മുന്നേറുന്നത്. ജര്‍മനി, കാനഡ, ഓസ്ട്രേലിയ, യുകെ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ അവരുടെ സ്വപ്നഭൂമിയായി മാറി. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതിനു പ്രധാന കാരണം ഇവിടെ അവര്‍ ആഗ്രഹിക്കുന്ന അവസരങ്ങള്‍ ഇല്ലാത്തതാണ്. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച തൊഴിലവസരങ്ങളും വലിയ പ്രതിഫലങ്ങളും ഇല്ലാത്തതാണ്. സര്‍വകലാശാലകളേയും തൊഴിലവസരങ്ങളേയും ഭരണകൂടംതന്നെ ഹൈജാക്കു ചെയ്യുന്നു. ഭരണകൂട നയങ്ങള്‍ യുവതലമുറയെ നാടുകടത്തുന്നതാകരുതെന്നു മാത്രം ഓര്‍മിപ്പിച്ചുകൊണ്ട് ഈ വാരത്തിലെ ഫ്രാങ്ക്ലി സ്പീക്കിംഗ് അവസാനിപ്പിക്കുന്നു.