അധികം ഭാരമെടുത്ത് വ്യായാമം ചെയ്യാന്‍ മടികാണിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് കാനഡയില്‍ നിന്നുള്ള പുതിയ പഠന റിപ്പോര്‍ട്ട്. ഭാരം കുറഞ്ഞ വെയ്റ്റുകള്‍ ഉപയോഗിച്ചും പേശീബലം വര്‍ധിപ്പിക്കാമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. 20 യുവാക്കളില്‍ 10 ആഴ്ച നീണ്ടുനിന്ന പഠനമാണ് കാനഡയിലെ ഗവേഷകര്‍ നടത്തിയത്. ഇവരുടെ ഒരു കൈയ്യിലെയും കാലിലെയും വര്‍ക്കൗട്ട് ഭാരമേറിയ വെയ്റ്റുകള്‍ കൊണ്ടും, മറുഭാഗത്തെ കൈയ്യിലും കാലിലും ഭാരം കുറഞ്ഞ വെയ്റ്റുകള്‍ കൊണ്ടും വ്യായാമം ചെയ്യിപ്പിച്ചു. ഹെവി വെയ്റ്റ് ട്രെയിനിങ്ങില്‍ പരമാവധി 12 തവണ മാത്രം ഉയര്‍ത്താന്‍ കഴിയുന്ന വലിയ ഭാരങ്ങളും ലൈറ്റ് വെയ്റ്റ് ട്രെയിനിങ്ങില്‍ 25 തവണ വരെ ഉയര്‍ത്താന്‍ കഴിയുന്ന കുറഞ്ഞ ഭാരങ്ങളുമായിരുന്നു. ഫലം തുല്യമായിരുന്നു എന്നുമാത്രമല്ല പഠനത്തിനൊടുവില്‍ രണ്ട് രീതിയിലും പേശികളുടെ വളര്‍ച്ച ഒരേപോലെയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. മസിലുകളുടെ വളര്‍ച്ച നിലച്ചുപോകാതിരിക്കാന്‍ കാലക്രമേണ ഭാരത്തില്‍ ചെറിയ വര്‍ധനവ് വരുത്തേണ്ടതുണ്ട്. സ്ഥിരതയാണ് ലൈറ്റ് വെയ്റ്റ് ട്രെയിനിങ്ങില്‍ പ്രധാനം. എങ്കിലും കഠിനമായ വര്‍ക്കൗട്ടുകളോട് താല്‍പ്പര്യമില്ലാത്തവര്‍ക്കും തുടക്കക്കാര്‍ക്കും ഈ വ്യായാമരീതി വലിയ സഹായമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഭാരം കുറഞ്ഞ വെയ്റ്റെടുത്തും പേശീബലം വര്‍ധിപ്പിക്കാം
