കാറിനെ ഹെലിക്കോപ്റ്റര്‍ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗ്രഹിലെ കര്‍ഷകനായ അനില്‍ പട്ടേല്‍. മുകളില്‍ വലിയ ലീഫുകളും നീണ്ടവാലുമായി റോഡിലൂടെ നീങ്ങുന്ന വാഗണ്‍ ആറിനെ കണ്ടാല്‍ ആദ്യ കാഴ്ചയില്‍ ഹെലിക്കോപ്റ്ററാണെന്നേ തോന്നൂ. ദെഹാത്തി ക്രിയേറ്റര്‍ എന്ന യൂട്യൂബ് പേജിലാണ് ഈ ഹെലിക്കോപ്റ്റര്‍ കാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുകളിലെ നീണ്ട ഫാനുകള്‍ കറക്കിക്കൊണ്ട് മുന്നോട്ടു പോകുന്ന ഹെലിക്കോപ്റ്റര്‍ കാറിന്റെ ദൃശ്യം ഈ വീഡിയോയിലുണ്ട്. നീണ്ട വാലിന് അറ്റത്തുള്ള ഫാനും കറങ്ങുന്നുണ്ട്. കാറിന്റെ സ്റ്റിയറിങ്ങിന്റെ വലതുവശത്താണ് ഹെലിക്കോപ്റ്റര്‍ ഫാനുകളുടെ നിയന്ത്രിക്കാനുള്ള സംവിധാനമുള്ളത്. കാറിന് മുകളിലെ ലീഫുകള്‍ കറങ്ങുന്നതിന്റെ വേഗം ക്രമീകരിക്കാനും സാധിക്കും. കാഴ്ചയില്‍ അടിപൊളി ഹെലിക്കോപ്റ്ററാണെങ്കിലും ഈ ഹെലിക്കോപ്റ്റര്‍ കാറിന് പറക്കാനാവില്ല. അനില്‍ ഈ കാര്‍ മാറ്റിയെടുത്തത് വിവാഹങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുക എന്ന ഉദ്ദേശത്തിലാണ്. നിരവധി ബുക്കിങ്ങുകള്‍ ലഭിക്കുകയും ചെയ്തു. ഹെലിക്കോപ്റ്റര്‍ കാറിന്റെ ബോണറ്റില്‍ ശുഭ് വിവാഹ് എന്ന് എഴുതിയിരിക്കുന്നതും വിവാഹ ചടങ്ങുകള്‍ ലക്ഷ്യം വച്ചു തന്നെ. വശങ്ങളിലെ നീലയും ചുവപ്പും നിറത്തിലുള്ള വരകളും വെള്ള കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. രാത്രിയില്‍ പ്രത്യേക ലൈറ്റ് സംവിധാനവും ഹെലിക്കോപ്റ്റര്‍ വര്‍ണാഭമാക്കുന്നു. ഒരു ലക്ഷം രൂപക്ക് വാങ്ങിയ പഴയ വാഗണ്‍ ആറില്‍ രണ്ട് ലക്ഷം രൂപ മുടക്കിയാണ് അനില്‍ ഹെലിക്കോപ്റ്റര്‍ കാര്‍ ഒരുക്കിയത്.
കാറിനെ ഹെലികോപ്റ്ററാക്കി കര്ഷകന്
