തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ‘കളങ്കാവലി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘എന്‍ വൈഗയ്’ എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാര്‍ സിംഗര്‍ താരം ശ്രീരാഗും സിന്ധു ഡെല്‍സണും ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് മുജീബ് മജീദ് ആണ്. വിന്റേജ് തമിഴ് സോംഗ് ടച്ചിലിറങ്ങിയ ഗാനത്തിന് പ്രശംസ ഏറെയാണ്. ചിത്രത്തിന്റെ കഥയുമായും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവുമായും ഏറെ ബന്ധപെട്ടു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ ഗാനം സഞ്ചരിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ആഗോളതലത്തില്‍ 44.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. മമ്മൂട്ടി, വിനായകന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കളങ്കാവല്‍ സംവിധാനം ചെയ്തത് ജിതിന് കെ. ജോസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്, രെജിഷ വിജയന്, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
