കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിർത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്ഐആര്‍ നടപടിനടപടികളില് ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ബിജെപിയെ സഹായിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ അജണ്ടയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അനീഷിന്റെ അച്ഛൻ തന്നെ ജോലി സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, പിതാവ് പറഞ്ഞത് വിഡി സതീശന് വിശ്വസിക്കാൻ ആകില്ലേയെന്നും എങ്ങനെയെങ്കിലും മരണം സിപിഎമ്മിന്റെ പെടലിക്ക് ഇടാനാണ് സതീശന്റെ ശ്രമമെന്നും കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുൽ ഗാന്ധി പറയുന്നതല്ല ആർഎസ്എസ് പറയുന്നതാണ് പഥ്യം എന്നും കെകെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് എസ്ഐആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎൽഎഒയ്ക്ക് കോഴിക്കോട് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.പിഡബ്ല്യുഡി സീനിയർ ക്ലർക്കായ അസ്ലമിനാണ് നോട്ടീസ് അയച്ചത്. ഏൽപ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തെന്നാണ് നോട്ടീസിൽ പറയുന്നത്. നവംബര്‍ 13ന് നൽകിയ കാരണം കാണിക്കൽ നോട്ടീസാണ് ഇപ്പോള്‍ പുറത്തുവന്നത്.
തമിഴ്നാട്ടിൽ റവന്യു ജീവനക്കാര്‍ നാളെ മുതൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരമെന്നും ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും ആരോപിച്ചാണ് എസ്ഐആര്‍ നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ (FERA) അറിയിച്ചു. ശരിയായ പരിശീലനം നൽകാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി.
രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്തിരുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. എസ്ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. കേരളത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്ത വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സമാനമായ വിഷയം ചൂണ്ടിക്കാണിച്ചുള്ള മറ്റൊരു മരണം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ച് എസ്ഐടി. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ശബരിമല ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയായിരുന്നെന്നും പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന ഉണ്ടായിരുന്നെന്നും ജീവനക്കാർ മൊഴി നല്കി .
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന്, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കാന് സര്‍ക്കാര്‍ നിരന്തരം വിസമ്മതിക്കുന്നതാണ് ഹൈക്കോടതി ചോദ്യംചെയ്തത്. സാധാരണ ഇടതുപക്ഷ സര്‍ക്കാരുകള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്ന പൊതുധാരണയ്ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു.
ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
അധികാരമല്ല വലുത്, ആദർശമാണ് വലുതെന്ന് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മയെ ദീപാദാസ് മുൻഷിയും കെപിസിസി അധ്യക്ഷൻ സണ്ണിജോസഫും ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. സിപിഐ ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് മത്സരിക്കാൻ നൽകുമെന്നാണ് വിവരം.
തൃക്കാകരയിൽ ഡിവൈഎഫ്ഐ നേതാവിന് കോണ്‍ഗ്രസില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിത്വം. ഡിവൈഎഫ്ഐ നേതാവും മുന്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ വെസ്റ്റ് മേഖല അംഗവുമായ എം എസ് ശരത് കുമാര്‍ ആണ് ഇത്തവണ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നത്. ബിജെപി സിപിഎം ഡീലെന്ന് ആരോപിച്ചാണ് ശരത്കുമാര് കോണ്‍ഗ്രസിലേക്ക് കളം മാറിയത്.
തൃശ്ശൂർ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിക്കുന്നു.
ആലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ സ്ഥാനാർഥി. തൈക്കാട്ടുശ്ശേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ ആർ ചക്രപാണിയാണ് പാർട്ടി വിട്ടത്. സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തിട്ട് നൽകാത്തതിനെ തുടർന്നാണ് സിപിഐ ൽ ചേർന്നത്. 40വർഷമായി കോൺഗ്രസ് പ്രവർത്തകനായിരുന്നു കെ ആർ ചക്രപാണി. ഗ്രൂപ്പുകൾ പാർട്ടി കീഴടക്കുന്നു എന്ന് ആരോപിച്ചാണ് പാർട്ടി മാറ്റം.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ സിപിഎമ്മിൽ രാജി. ആലപ്പുഴ കണിച്ചകുളങ്ങര ചെത്തി ബ്രാഞ്ചിൽ നിന്ന് മൂന്ന് സിപിഎം എൽസി മെമ്പർമാർ രാജി കത്ത് നൽകി. അഞ്ചാം വാർഡ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും ആർ സുജിത്ത് രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ആർ സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.
അതീവ ഗുരുതരമായ ചില സംഭവങ്ങൾ ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ്. ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ അനന്തു അജിയുടെ മരണവുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണമാണ് നടക്കുന്നത്. പ്രകൃതിവിരുദ്ധ രീതികൾ അവലംബിക്കുന്ന പ്രസ്ഥാനം വേറെയില്ലെന്നാണ് എന്നതാണ് അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും വ്യക്തമാക്കുന്നത്. ആരെങ്കിലും മരിച്ചാൽ അവരോട് ഒരു ദയയോ സ്നേഹമോ കാണിക്കാൻ ബിജെപി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു.
ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവാഹ മോചന കേസിൽ ഒത്തുതീർപ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം പത്താംകല്ല് വി.ഐ.പി ജംഗ്ഷൻ സുലേഖ മൻസിലിൽ അഡ്വ.യു.സുലേഖ (57), വി.അരുൺ ദേവ് (52) എന്നിവരെയാണ് നെടുമങ്ങാട് പൊലീസിൻ്റെ അന്വേഷണ സംഘം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതി മധ്യസ്ഥ നടപടിക്കിടെ, കേസിലെ കക്ഷിയായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നൽകിയ 40 ലക്ഷം രൂപ എതിർ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്.
തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിത ഡോക്ടർ ഷഹീനക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. അതേസമയം അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരൻ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം.
ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ഗാന്ധിമൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി മുഖ്യമന്ത്രിയായി പത്താം തവണയും അധികാരമേൽക്കാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. രാജ്യത്ത് ഒരു വ്യക്തി ഇത്രയധികം തവണ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്.
ബിഹാറിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻ്റെ മൂന്നു പെൺമക്കൾ കൂടി മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വിമർശിച്ച് വീട്ടിൽ നിന്ന് മാറി. മറ്റൊരു മകൾ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ് യാദവ് ആണെന്നാണ് സഹോദരിമാർ പറയുന്നത്.
ബിഹാറിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ നേതൃ സ്ഥാനത്തേക്ക് എത്തേണ്ടത് മമത ബാനർജിയാണെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് അംഗം. എൻഡിഎയ്ക്ക് എതിരായ രാഷ്ട്രീയ പോരിൽ ഇന്ത്യ സഖ്യത്തിന്റെ സാരഥിയാവേണ്ടത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണെന്നാണ് മുതിർന്ന നേതാവാണ് കല്യാൺ ബാനർജി വിശദമാക്കുന്നത്.
കർണാടകയിൽ ജയിൽ എഡിജിപി ദയാനന്ദിന്റെ പേരിൽ തട്ടിപ്പ്. ദയാനന്ദിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നായിരുന്നു പണപ്പിരിവ്. മെസഞ്ചർ വഴിയാണ് തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടത്. സൈബർ പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുകയാണ്. മൂന്നുതവണ വ്യാജ അക്കൗണ്ട് തുറന്നതായാണ് എഡിജിപി പറയുന്നത്.
മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. 49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട് . ഖനിയിൽ തൊഴിലാളികളും സൈനികരും തമ്മിൽ അപകടത്തിന് മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ തൊഴിലാളികൾ ഖനിക്കകത്തെ ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവർ തടിച്ചുകൂടി നിന്നപ്പോഴാണ് ഖനിയിൽ അപകടം സംഭവിച്ചതെന്നാണ് വിവരം.
