Untitled design 20250112 193040 0000 1

 

 

കേരളത്തിലെ 10 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. രാത്രി എട്ട് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലേക്ക് മാറ്റും. നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു.

 

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എൻ ഹരി നടത്തിയ പരാമർശങ്ങളിൽ വക്കീൽ നോട്ടീസ്. കടകംപള്ളി സുരേന്ദ്രന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബസന്ത് കുമാർ ആണ് നോട്ടീസ് അയച്ചത്. സ്വർണക്കൊള്ള വിഷയത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന് ബസന്ത് കുമാർ അയച്ച നോട്ടീസിൽ പറയുന്നു. 2019ലെ എല്ലാ കാര്യങ്ങളും ബസന്തിന് അറിയാമെന്ന് എൻ ഹരി പറഞ്ഞിരുന്നു. എന്നാൽ പരാമർശം പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ഹരി പ്രതികരിച്ചു.

 

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

പിഎം ശ്രീ പദ്ധതിയോടുള്ള വിയോജിപ്പ് സിപിഎമ്മിനെ അറിയിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം വി ഗോവിന്ദനുമായി ആശയവിനിമയം നടത്തിയെന്ന് ബിനോയ് വിശ്വം അറിയിച്ചു. സിപിഐ സംസ്ഥാന കൗൺസിലിലാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്. പി എം ശ്രീയിൽ നിലപാടിൽ പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

 

സിപിഐയുടെ എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്.

 

 

സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. തൻ്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.

 

റസ്റ്റോറന്‍റുകളിൽ ജിഎസ്ടി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് 157 കോടിയുടെ വെട്ടിപ്പ്. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ ഓപ്പറേഷൻ ഹണി ഡ്യൂക്‌സിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

 

മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്. ഇന്ന് നടന്ന ഹിയറിങ്ങിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിൻ്റെ അഡ്രസിലായിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീലതയാണ് പരാതി നൽകിയത്.

 

പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും എന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്കൂൾ നാളെ തുറക്കുന്നത്. പുലിയെ പിടികൂടാനുള്ള കൂടും, സ്കൂൾ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംമന്ത്രിക്ക് കത്ത് നൽകി. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

 

കേരളത്തിൽ മദ്യ ഉൽപ്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം അപക്വമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മന്ത്രിയുടെ പ്രഖ്യാപനം ധാർഷ്ട്യം നിറഞ്ഞതാണെന്നും സമിതി വിമർശിച്ചു. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസ്താവനയിൽ പറഞ്ഞു.

 

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന് നേതൃത്വത്തിന് നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ. ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു. ജനകീയ സമരങ്ങളോട് സി.പി.എം പുലർത്തിപ്പോരുന്ന അസഹിഷ്‌ണുതയാണ് കാണുന്നത്. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റാണ്. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അടിച്ചമർത്തുകയും ഫ്രഷ് കട്ട് മാനേജ്മെൻ്റിന് സംരക്ഷണം നൽകുകയുമാണ് സിപിഎം ചെയ്യുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തോടൊപ്പം എസ്‌ഡിപിഐ ഉറച്ചുനിൽക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി.

 

ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം.മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനെ തുടർന്ന് സമരക്കാർ സമരം അവസാനിപ്പിച്ചു.

 

കൊല്ലം കരുനാ​ഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു. തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു. കരുനാ​ഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.

 

എരുമപ്പെട്ടി ആദൂരിൽ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ടേരി വളപ്പിൽ ഉമ്മർ – മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് നാല് വയസുകാരൻ മരിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് കണ്ടെത്തിയത്.

 

കേരളത്തിൽ എസ്ഐആർ നീട്ടി വയ്ക്കണം എന്ന നിർദ്ദേശത്തിൽ തീരുമാനമാനമെടുക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യവ്യാപക എസ്ഐആറിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കി. കേരളം അടക്കം ചില സംസ്ഥാനങ്ങൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് കമ്മീഷൻ ദില്ലിയിൽ നടന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചു.

 

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ കുട്ടികൾക്കിടയിൽ പ്രചരിച്ച ‘കാർബൈഡ് ഗൺ’ പൊട്ടിത്തെറിച്ച് 14 കുട്ടികൾക്ക് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ മധ്യപ്രദേശിൽ 122-ൽ അധികം കുട്ടികളെയാണ് ഗുരുതരമായ നേത്രരോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 14 കുട്ടികൾക്ക് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം.

 

തുടർച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ക്ല‍ൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കും. ഇതിനിടെ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ദില്ലിയിൽ വായു മലിനീകരണത്തിന് കുറവില്ല.

 

രാജ്യത്ത് നിയമ വിരുദ്ധമായ സ്ത്രീ ലിംഗനിർണ്ണയ, ഭ്രൂണഹത്യ റാക്കറ്റിനെ പിടികൂടി കർണാടക ആരോഗ്യ വകുപ്പും പൊലീസും. മൈസൂരുവിലെ ബന്നൂരിനടുത്തുള്ള ഹനുഗനഹള്ളിയിൽ നിന്നാണ് സംഘം പിടിയിലായത്. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിവേക്, മാണ്ഡ്യ ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) മോഹൻ, മൈസൂരു ഡിഎച്ച്ഒ ഡോ. പിസി കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഭ്രൂണഹത്യ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ റെയ്ഡ് നടത്തിയത്.

 

 

ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 19കാരൻ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനക് സബ് ഡിവിഷനിലെ ധർമ്മബാദ് ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ ഗുർനാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തിൽപെട്ടത്. സ്ഫോടനത്തിൽ 19 വയസ്സുള്ള മൻപ്രീത് കൊല്ലപ്പെട്ടു. സഹോദരൻ ലവ്പ്രീത് സിംഗ് അപകടത്തിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 

തെക്കൻ കാലിഫോർണിയയിൽ 3 പേരുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ 21 വയസ്സുകാരൻ അറസ്റ്റിൽ. അനധികൃത കുടിയേറ്റക്കാരനായ ജഷൻപ്രീത് സിംഗ് ആണ് അറസ്റ്റിലായത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജഷൻപ്രീത് സിംഗ് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാണ് ആളപായമുണ്ടാക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. സാൻ ബെർണാർഡിനോ കൗണ്ടിയിലെ ഒരു ഫ്രീവേയിലെ വാഹനവ്യൂഹത്തിലേക്ക് ഇയാൾ ഓടിച്ച വലിയ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

 

ഒരു കാലത്ത് പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യങ്ങൾ വശീകരിച്ച് ചോർത്തി എന്ന ആരോപണം നേരിട്ട അന്ന ചാപ്മാന് പുതിയ ദൗത്യം. 2010ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട, ചുവന്ന മുടിയുള്ള ഈ കുപ്രസിദ്ധ റഷ്യൻ ചാരവനിതയെ റഷ്യൻ ഇന്‍റലിജൻസ് മ്യൂസിയത്തിന്‍റെ മേധാവിയായിട്ടാണ് നിയമിച്ചിട്ടുള്ളതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. ഒരിക്കലും പിടിക്കപ്പെടാത്ത ചാരന്മാരുടെ കഥ ലോകത്തോട് പറയുക എന്നതാണ് പുതിയ ദൗത്യം.

 

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്ന നടപടിയുമായി ഇസ്രയേൽ മുന്നോട്ട് പോവുകയാണെങ്കിൽ അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് യുഎസ് പ്രസിഡന്..ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും അറബ് രാജ്യങ്ങൾക്ക് താൻ അത് വാക്ക് നൽകിയിട്ടുണ്ടെന്നും ട്രംപ് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *