സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിന് തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈൻ റിസർവ് ബറ്റാലിയന് അനുമതി നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ സുരക്ഷ, ആഴക്കടലിലൂടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് പിടികൂടൽ തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള പ്രത്യേക ഇന്ത്യൻ റിസർവ് ബറ്റാലിയനാണ് കേന്ദ്രം ഉറപ്പ് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്നും സ്വർണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.സ്മാർട്ട് ക്രിയേഷൻസിന് 109.243 ഗ്രാം സ്വർണവും കൈമാറി. പിന്നീട് 474.9 ഗ്രാം സ്വർണം മിച്ചമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചു. എന്നാൽ, അത് ബോർഡിനെ തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് സംഭവിച്ചെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷ് എന്ന വ്യക്തിക്കാണ് സ്വർണപ്പാളി കൈമാറിയതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
അഞ്ച് വയസ് മുതൽ പതിനേഴു വയസുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു. ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു.
പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തത്. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ് ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. നിയമസഭയിൽ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാർട്ടി എത്ര പിന്തിരിപ്പൻ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും പികെ ഫിറോസ് പറഞ്ഞു. ചിത്തരഞ്ചൻ സഭയിൽ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ല. മുഖ്യമന്ത്രി പരാമർശത്തിൽ മാപ്പ് പറയും എന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പരാമർശങ്ങളുടെ തുടർച്ചയാണിതെന്നും പികെ ഫിറോസ് പറഞ്ഞു.
പെരിങ്ങമ്മല ഇക്ബാൽ കോളേജ് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്. വിതുര സ്റ്റേഷനിലെ സിപിഒ വിജിത്തിന് നെറ്റിയിലാണ് പരിക്കേറ്റത്. കോളേജ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് എസ്എഫ്ഐയും കെഎസ്യുവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. എസ്എഫ്ഐയും കെഎസ്യുവും പരസ്പരം എറിഞ്ഞ കമ്പ് കൊണ്ടാണ് പൊലീസുകാരന് പരിക്കേറ്റത്.
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും. ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.
എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി. നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിൽ ഹർഷിത അത്തല്ലൂരി തുടരും.
യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയം. കിഹോള്‍ ശസ്ത്രക്രിയ രണ്ട് തവണ പരാജയപ്പെട്ടു. കിഹോള്‍ വഴി ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. തകിൽ വിദ്വാൻ മധുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. ഇന്നലെയാണ് ഇയാളെ തിരിച്ചെടുത്തത്. ഉള്ളൂർ സബ്ഗ്രൂപ്പിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മധു ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു.
പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹി വിനേഷിനെ ആക്രമിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പ്രതികൾ വിനേഷിനെ പിന്തുടർന്നെത്തി ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ചതായി പൊലീസ് പറയുന്നു. ആക്രമണം വ്യക്തി വിരോധം മൂലമെന്നും പ്രതികൾക്കെതിരെ സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. തലച്ചോറിന് പരിക്കേറ്റ് വെൻ്റിലേറ്ററിൽ കഴിയുന്ന വിനേഷിൻ്റെ നില അതീവഗുരുതരമായി തുടരുകയാണ്.
കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങൾ കണക്കിലെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മറ്റിടങ്ങളിലേതിന് സമാനമായ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എം എൽ എ എം വി ഗോവിന്ദനും പറഞ്ഞു.
കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് മന്ത്രി എംമബി രാജേഷ് പറഞ്ഞു. തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്.
കോഴിക്കോട് താമരശ്ശേരിയിലെ ഒൻപത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.
മലപ്പുറം കാടാമ്പുഴയിൽ പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച കേസിൽ സഹപാഠിയുടെ പിതാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന തർക്കത്തിലാണ് പ്രതി ഇടപെട്ടത്. സെപ്തംബർ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂട്ടിയിൽ സ്വന്തം മകനൊപ്പം പിന്തുടർന്നെത്തിയാണ് പ്രതി പതിമൂന്നുകാരനെ മർദിച്ചത്.
ട്രംപിന് സമാധാന നൊബേൽ സമ്മാനം നൽകാത്തതിന് പുരസ്കാര സമിതിയെ വിമർശിച്ച് വൈറ്റ് ഹൗസ്. പുരസ്കാര സമിതി സമാധാനത്തെക്കാൾ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി എന്നാണ് വൈറ്റ് ഹൗസിന്റെ വിമര്‍ശനം. യുദ്ധങ്ങൾ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകൾ ഉണ്ടാക്കുന്നതും മനുഷ്യജീവൻ രക്ഷിക്കുന്നതും ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അഫ്ഗാനിസ്ഥാൻ തങ്ങളുടെ പ്രദേശം ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യക്ക് ഉറപ്പുനൽകി. ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിൽ നടന്ന അപൂർവ ഉന്നതതല നയതന്ത്ര ചര്‍ച്ചയിലാണ് ഇക്കാര്യം അഫ്ഗാൻ മന്ത്രി വ്യക്തമാക്കിയത്. ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുത്തഖി ഈ പ്രഖ്യാപനം നടത്തിയത്.
ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) ആഹ്വാനം ചെയ്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2 പേർ കൊല്ലപ്പെട്ടു. ലാഹോറിൽ നടന്ന മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ചർച്ച ചെയ്തുകൊണ്ടിരുന്ന, സുരക്ഷാ മന്ത്രിസഭാ യോഗം നിർത്തിവച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ അറ്റൻഡ് ചെയ്തതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കാബൂളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ മിഷനെ, ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്താൻ ധാരണ. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. താലിബാൻ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്.
അഫ്ഗാനിസ്ഥാന് പാകിസ്താന്റെ ‘ഒന്നാം നമ്പര്‍ ശത്രുവെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാന് പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ ന്യായീകരിക്കാനായി ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രതിരോധസേന. കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് ഭാഗികമായി പിന്മാറിയതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന്.തുടക്കമാകുകയും ചെയ്തു.
കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്താനാണ് ആക്രമണത്തിന് പിറകിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക് സൈന്യംവ്യോമാക്രമണം നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.
തമിഴ്നാട് കരൂർ തിക്കിലും തിരക്കിലും പെട്ട അപകടത്തിലെ എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു.
