ജാപ്പനീസ് അനിമെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നേരത്തേ ആരാധകരുണ്ട്. എന്നാല്‍ ‘ഡീമന്‍ സ്ലേയര്‍’ സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ‘ഡീമന്‍ സ്ലേയര്‍: കിമിറ്റ്‌സു നോ യൈഡ ഇന്‍ഫിനിറ്റി കാസില്‍’ ന് ലഭിച്ചതുപോലെ ഒരു റിലീസ് ഇന്ത്യയില്‍ മുന്‍പ് ഒരു ജാപ്പനീസ് അനിമെ ചിത്രത്തിനും ലഭിച്ചിട്ടില്ല. കേരളത്തിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്നലെ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമത് ‘ഇന്‍ഫിനിറ്റി കാസില്‍’ ആണ്. ഒരു മലയാള ചിത്രത്തെയും തെലുങ്ക് ചിത്രത്തെയും ബഹുദൂരം മറികടന്നാണ് ഈ നേട്ടം എന്നതും കൗതുകകരമാണ്. ബിഗ് ബോസ് മുന്‍താരം അഖില്‍ മാരാര്‍ നായകനായ മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി, തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം മിറൈ എന്നിവയെയാണ് കേരളത്തില്‍ ഇന്‍ഫിനിറ്റി കാസില്‍ റിലീസ് ദിനത്തില്‍ മറികടന്നത്. ട്രാക്കര്‍മാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി കേരളത്തില്‍ റിലീസ് ദിനത്തില്‍ നേടിയത് 2.15 ലക്ഷമാണ്. മിറൈ നേടിയത് 6.6 ലക്ഷവും. അതേസമയം ഡെമോണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസില്‍ കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയിരിക്കുന്നത് 91 ലക്ഷമാണ്.