ചുരുങ്ങിയ സമയംകൊണ്ട്. ഒരു തെലുങ്ക് ഗാനം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. മദീന്‍ എസ്.കെ ഈണം പകര്‍ന്ന് മമിദി മൗനിക എഴുതി ആലപിച്ച ‘ദാരിപോണ്ടോത്തുണ്ട്’ എന്ന ഡിജെ ഗാനമാണത്. ഇടക്കാലത്ത് യൂട്യൂബിലും സോഷ്യല്‍ മീഡിയാ റീലുകളിലും ഇടംപിടിച്ച തെലുങ്ക് നാടന്‍പാട്ട് റീമിക്‌സുകളുടെ അതേ പാതയില്‍ത്തന്നെയാണ് ‘ദാരിപോണ്ടോത്തുണ്ട്’ എന്ന ഗാനവും എത്തിയത്. മൂന്നുമാസം മുന്‍പ് ട്രീ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. പതിയെപ്പതിയെ ഗാനം കത്തിപ്പടരാന്‍ തുടങ്ങി. ഗാനത്തിലെ നായിക ധരിച്ചിരിക്കുന്ന വേഷവും ഹൂക്ക് സ്റ്റെപ്പുകളുമെല്ലാം ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഭരിക്കാന്‍ തുടങ്ങി. ഗാനത്തിന്റെ പൂര്‍ണരൂപം എന്താണെന്ന് അന്വേഷിച്ച് യൂട്യൂബിലേക്ക് ആളുകളെത്തിയതോടെ പാട്ടിന്റെ റേഞ്ച് തന്നെ മാറി. മൂന്നുമാസംകൊണ്ട് ഏഴുകോടിയിലേറെ പേരാണ് ഗാനം യൂട്യൂബില്‍ മാത്രം കണ്ടത്. നേരത്തേ തെലുങ്ക് ഗാനങ്ങളായ ഓ പിലഗ വെങ്കടേഷ്, റാനു ബോംബെ കി റാനു എന്നീ ഗാനങ്ങളും മലയാളി സംഗീത പ്രേമികള്‍ക്കിടയില്‍ തരംഗമായിരുന്നു.