ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്ന് ഗവർണർ. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. വിസിയെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് കഴിഞ്ഞ മാസം 18ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍, ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് നേരിട്ട് കൈമാറണമെന്നാണ് ഗവർണറുടെ ആവശ്യം.
കേരള സര്‍വകലാശാലയിൽ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിൽ സമവായം. മിനി കാപ്പന് രജിസ്ട്രാര്‍ ഇൻചാര്‍ജിന്‍റെ ചുമതല നൽകിയ തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി. ഡോ. രശ്മിക്ക് പകരം ചുമതല നൽകും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
താൽകാലിക രജിസ്ട്രാർ മിനി കാപ്പൻ പങ്കെടുക്കുന്നതിൽ ഇടത് അംഗങ്ങള്‍ യോഗത്തിൽ പ്രതിഷേധിച്ചു. തര്‍ക്കത്തിനൊടുവിലാണ് മിനി കാപ്പനെ മാറ്റാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം അതിവേഗത്തിൽ. 58.69% ഫയലുകളാണ് രണ്ട് മാസം കൊണ്ട് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിലെ 51.82 % ഫയലും തീർപ്പാക്കി. പ്രവാസീകാര്യ വകുപ്പാണ് സെക്രട്ടേറിയറ്റിൽ കൂടുതൽ ഫയൽ തീർപ്പാക്കിയത്. 82.81% ഫയലുകളാണ് പ്രവാസി കാര്യ വകുപ്പിൽ തീർപ്പാക്കിയത്. രണ്ട് മാസം കൊണ്ട് ലക്ഷ്യമിട്ടത് 60% ഫയൽ തീർപ്പാക്കാനാണ്. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് അദാലത്ത് നടന്നത്.
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമോയെന്നതിൽ യുഡിഎഫ് ഇന്ന് തീരുമാനം എടുക്കും. മുന്നണി നേതക്കാളുടെ യോഗം വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായി ചേരും. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം എന്ന പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പിൽ വിഎസിനെ സിപിഎം നേതാക്കൾ തിരിച്ചറിയുന്നത് വിയോഗത്തിന് ശേഷമെന്ന് തുറന്നടിച്ച് പിരപ്പൻകോട് മുരളി. വിഎസിനെ പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നെന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങൾ തുറപ്പിച്ചുവെന്നും വിയോഗ ശേഷം വില തിരിച്ചറിഞ്ഞെങ്കിലും വിഎസിനെ കുറിച്ച് മറ്റാരും എഴുതരുതെന്നാണ് പാർട്ടി കർദ്ദിനാൾമാർ ഇപ്പോൾ കൽപ്പിക്കുന്നെന്നും പിരപ്പിൻകോട് മുരളി പരിഹസിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ എ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം വിശദീകരിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ‘എ’ ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല. കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡൻ്റുമായ എം മുനീറാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കാസർകോട് – പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പാസില്ലാതെയും പെർമിറ്റ് ഇല്ലാതെയും അമിതഭാരം കയറ്റി വന്ന ലോറികള്‍കളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയ ശേഷം വാഹനത്തിലെ ലോഡിന്‍റെ ഭാരവും രേഖകളും പരിശോധിക്കാതെ വാഹനം ചെക്ക് പോസ്റ്റ് വഴി കടത്തിവിടുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു
71-ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതിൽ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടർക്ക് പരാതി നൽകി. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. ഫിനിഷിങ് ഒരു സെക്കന്‍റിൽ താഴെ വ്യത്യാസത്തിലാണ്. മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് പുന്നമട ബോട്ട് ക്ലബ് പ്രതികരിച്ചു. പുന്നമട ബോട്ട് ക്ലബ് അനധികൃതമായി ഇതര സംസ്ഥാനത്തെ തുഴച്ചിലുകാരെ തിരുകി കയറ്റിയെന്നായിരുന്നു പരാതി.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സംഘത്തെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടമുണ്ടായത്. പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് എംസി റോഡിൽ തിരുവല്ല കുറ്റൂരിൽ വെച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുക്കുകയായിരുന്നു.
കൊച്ചി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ലായിരുന്നു. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയിൽ തുടരുകയാണ്. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.
മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടു. അതേസമയം ഒരു അധ്യാപകനും ഇനി ഇങ്ങനെ സംഭവിക്കരുതെന്ന് അധ്യാപകൻ ആനന്ദ് വിശ്വനാഥൻ പറഞ്ഞു. 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയത്.
പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ച കേസിൽ മുഖ്യ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയിൽ പ്രതിഷേധ ധർണ നടത്തും.
തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാൽ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് പൊലീസിന് വ്യക്തതയില്ല. അതേസമയം, റീനയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം ഉടൻ എസ്പിക്ക് പരാതി നൽകും.
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. 65കാരനായ രവിയാണ് മകന്റെ മർദനത്തിൽ മരിച്ചത്. കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് പിതാവിന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ഡ്രൈവറാണ് നിഷാദ്.
ശക്തമായ മഴയെ തുടർന്ന് ദില്ലിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു. യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതിതീവ്ര മഴയായതിനാൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യ ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് അത്യന്താപേക്ഷിതമായ ഒരു നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സമ്മർദ്ദങ്ങൾ മറികടക്കാൻ ചൈനയുമായുള്ള ഭിന്നതകൾ പരിഹരിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി.
അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദേശം. ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി.
യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒഎസ്ഡിയാണ് ദീപക് മിത്തൽ. വൈകാതെ ദീപക് മിത്തൽ യുഎഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും.
കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്ത് ചാർ ധാം യാത്രയും ഹേമകുണ്ഡ് സാഹിബ് യാത്രയും സെപ്റ്റംബർ 5 വരെ മാറ്റിവച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഗർവാൾ ഡിവിഷൻ കമ്മീഷണറുമായ വിനയ് ശങ്കർ പാണ്ഡെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു.
കശ്മീരിലെ ബുഡ്ഗാമിലെ ഇച്ച്കൂട്ടിൽ 35 വർഷത്തിന് ശേഷം ശാരദ ഭവാനി ക്ഷേത്രം വീണ്ടും തുറന്ന് കശ്മീരി പണ്ഡിറ്റുകൾ. 1990ൽ കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്തതിന് ശേഷം നശിച്ച ക്ഷേത്രം, ഇപ്പോൾ പ്രാദേശിക സമൂഹങ്ങളുടെ പിന്തുണയോടെ പുനർനിർമ്മിക്കുകയാണ്. ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത ശിവലിംഗം പുനഃസ്ഥാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പിടിഐ വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. മിസോറാമിലെ ഐസ്വാളിൽ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
എൻ ഡി എയുമായുള്ള സഖ്യത്തിൽ നിന്നും പിൻമാറാനൊരുങ്ങി അമ്മ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി ടി വി ദിനകരൻ. എൻഡിഎയുടെ ഭാഗമാണെന്ന നിലപാട് ആവർത്തിച്ചിരുന്ന ദിനകരൻ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് നിലപാടിൽ മാറ്റം വരുത്തിയത്. ഡിസംബറിൽ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നൂറുകണക്കിന് പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ദുരന്തത്തിൽ നിന്നും കരകയറാൻ അഫ്ഗാനിസ്ഥാന് കഴിയട്ടെയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആശംസിച്ചു
ചൈനയിലേക്ക് സംരക്ഷിത ട്രെയിനിൽ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ യാത്ര. ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിന് സാക്ഷിയാകാനാണ് കനത്ത സുരക്ഷയിൽ കിം ട്രെയിൻ മാർഗം പുറപ്പെട്ടത്. ബുധനാഴ്ചയാണ് ചൈനയുടെ വിക്ടറി ഡേ പരേഡ് നടക്കുന്നത്. അന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാകും കിം ജോംഗ് ഉൻ ആദ്യത്തെ ബഹുമുഖ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുക.
തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച ‘പ്രകടനാത്മകം’ എന്നാണ് ബെസന്‍റ് വിശേഷിപ്പിച്ചത്. അതേസമയം, നികുതികൾ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഗാസയെ അമേരിക്കയുടെ മേൽനോട്ടത്തിൽ പുനസൃഷ്ടിക്കാനെന്ന രീതിയിൽ അവതരിപ്പിച്ച ഗാസ റിവിയേരയുടെ വിവരങ്ങൾ പുറത്തായി. ഇതിനു പിന്നാലെ വൻ വിമർശനം. ലക്ഷക്കണക്കിന് ആളുകളെ തുടച്ച് നീക്കിയാണ് ഗാസയിൽ യുദ്ധ ശേഷം പുത്തൻ നഗരമാക്കാനുള്ള പദ്ധതിയിടുന്നതെന്നാണ് വിമർശനം. ഞായറാഴ്ചയാണ് 38 പേജുകൾ വരുന്ന ആർട്ടിഫീഷ്യൽ ഇൻറലിജൻസ് സഹായത്തോടെ നിർമ്മിതമായ ഗാസ റിവിയേരയുടെ വിവരങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് പുറത്ത് വിട്ടത്.