ഓഗസ്റ്റ് മാസത്തില്‍ ചരക്കു സേവന നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 1.86 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 1.74 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനം. 6.5 ശതമാനം വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 11.37 ലക്ഷം കോടി രൂപ വാര്‍ഷിക ജി.എസ്.ടി വരുമാനമാണ് സര്‍ക്കാരിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഓഗസ്റ്റ് മാസത്തിലെ മൊത്ത പ്രാദേശിക വരുമാനം 1.37 ലക്ഷം കോടി രൂപയാണ്. 2024 ഓഗസ്റ്റില്‍ നേടിയ 1.25 ലക്ഷം കോടി രൂപയേക്കാള്‍ 9.6 ശതമാനം കൂടുതല്‍. ഇറക്കുമതിയില്‍ നിന്ന് ലഭിച്ച നികുതി കഴിഞ്ഞ വര്‍ഷം ലഭിച്ച 50,000 കോടി രൂപയില്‍ നിന്നും 49,300 കോടി രൂപയായി കുറഞ്ഞു. ഇക്കൊല്ലം ഏപ്രിലില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജി.എസ്.ടി വരുമാനമായ 2.37 ലക്ഷം കോടി രൂപയും സര്‍ക്കാര്‍ നേടിയിരുന്നു. ഓഗസ്റ്റിലെ ജി.എസ്.ടി പിരിവില്‍ കേരളം മികച്ച നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു. ഓഗസ്റ്റില്‍ 2,723 രൂപയാണ് ജി.എസ്.ടി ഇനത്തില്‍ കേരളം പിരിച്ചത്. 2024 ഓഗസ്റ്റില്‍ 2,511 കോടി രൂപയായിരുന്നു കേരളത്തിന്റെ പിരിവ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം വര്‍ധന.