കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി തുടർന്ന് പൊലീസ് രണ്ട് തവണ പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.
75000 വോട്ടിന് സുരേഷ് ഗോപി ജയിച്ചതിന്‍റെ ചൊരുക്കം കലിപ്പും ഇപ്പോഴും തീർന്നിട്ടില്ലെന്ന് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി പണിയെടുത്താണ് ജയിച്ചത് അഞ്ചുകൊല്ലം മുമ്പ് തോറ്റ് പോയ സുരേഷ് ഗോപി ഇവിടെത്തന്നെ നിന്നു പ്രവർത്തിച്ചു, സുരേഷ് ഗോപിക്കെതിരെ എന്തെല്ലാം ഉമ്മാക്കി കാണിച്ചിട്ടുണ്ട് അതെല്ലാം പൊളിച്ചു പാളിസായി 2029 ലും 34ലും സുരേഷ് ഗോപി തന്നെയെന്നും കുറുനരികൾ കുരച്ചു കൊണ്ടിരുന്നാലും ഗജവീരൻ നെറ്റിപ്പട്ടം കെട്ടി തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെത്തിയ സുരേഷ് ഗോപിയെ മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോയത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. 10 കൊല്ലം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമം നടത്തുന്നു. ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതികൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും ഇപ്പോൾ നടക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്.
വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ. ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസൻ ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു. അതോടൊപ്പം തൃശൂരിൽ സിപിഎം, ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കുമെതിരെ കേസെടുത്തു. അൻപതോളം പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്. കല്ലേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
വോട്ട് കൂട്ടാൻ മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കൾ പലരും തൃശ്ശൂരിലെ പട്ടികയിൽ ചേർത്തതായി വിവരം. മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെയും തൃശൂരിലെ പട്ടികയിൽ ചേർത്തു എന്നാണ് വിവരം. മണ്ഡലത്തിന് പുറത്തുള്ള വോട്ടർമാരെ സ്വന്തം വീടിന്റെ മേൽവിലാസത്തിലാണ് ബിജെപി കൗൺസിലർ വോട്ടര്‍പട്ടികയില്‍ ചേർത്തത്.
ഗവണ്‍മെന്‍റ് അഭിഭാഷകര്‍ക്ക് ശമ്പള വര്‍ധനവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വർദ്ധിപ്പിക്കുന്നത്.
മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്നും കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും കുടുംബം വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു മോഷണം ജനങ്ങളെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നു എന്ന് രമേശ് ചെന്നിത്തല. ഭരിക്കുന്ന പാർട്ടിയായ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചിരിക്കുന്നു എന്നും നരേന്ദ്ര മോദിയും അമിത്ഷായും ഭരിക്കുമ്പോൾ നിഷ്പക്ഷമായി ഒരു തിരഞ്ഞെടുപ്പ് നടക്കില്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ക്രമക്കേടുകൾ തെളിവുകൾ സഹിതം ഞങ്ങൾ അന്ന് പറഞ്ഞു പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് കേട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബ്ലീച്ച് ചെയ്തതും അല്ലാത്തതുമായ ചണം തുണിത്തരങ്ങള്‍, കയറുകള്‍, ചണ നൂലുകള്‍, ചാക്കുകള്‍ തുടങ്ങിയവ കര അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം പുറത്തിറക്കി
സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.കേരഫെഡ് വെളിച്ചെണ്ണയുടെ എംആർപി 529 രൂപയാണെങ്കിലും സപ്ലൈകോ ഔട്ലെറ്റുകളിൽ 457 രൂപയ്ക്ക് ലഭ്യമാക്കാൻ തീരുമാനിച്ചു. ആദ്യം ഒരു കാർഡിന് ഒരു ലിറ്റർ എന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും, അത് നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
താൽകാലിക വിസി നിയമനത്തില്‍ ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജി സുപ്രീം കോടതി പരിഗണിച്ചു. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
മുൻ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയ സി. പി. എം ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തു. ജി. സുധാകരൻ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി. പി. എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം യു. മിഥുനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മിഥുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സബ് കോടതി തള്ളി. സംഘടനയുടെ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രികകള്‍ അയോഗ്യത കല്‍പ്പിച്ച് വരണാധികാരി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പില്‍ പ്രത്യേക അന്വേഷണത്തിന് കളക്ടറുടെ നിർദേശം. ജോയിന്‍റ് പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. തൊണ്ടർനാട് പഞ്ചായത്തില്‍ രണ്ട് വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ള രണ്ടര കോടിയുടെ തട്ടിപ്പാണ് പുറത്ത് വന്നത്.
ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്.
തൃശൂർ ഡെപ്യൂട്ടി മേയർ എംഎൽ റോസിയുടെ ഉദ്ഘാടന ശിലാഫലകം തകർത്ത കോർപറേഷൻ നടപടിക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്. ഇന്നലെ രാത്രിയോടെ കോർപ്പറേഷൻ വണ്ടിയെത്തി ശിലാഫലകം ഇടിച്ച് തകർക്കുകയായിരുന്നു. അരിസ്റ്റോ റോഡിന്‍റെ ആദ്യ ഉദ്ഘാടനം ഈ മാസം ആറാം തീയതിയാണ് നടന്നത്. ഡെപ്യൂട്ടി മേയർ എംഎൽ റോസിയായിരുന്നു ഉദ്ഘാടനം ചെയ്തത്. പിന്നാലെ ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റോഡിന്‍റെ രണ്ടാം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
ജമ്മുകശ്മീരിലെ ഉറി സെക്ടറിൽ ഏറ്റുമുട്ടൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു മരിച്ചു. പ്രദേശത്ത് കനത്ത തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം. ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ചിലെ ഡി ആർ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്.
ധർമ്മസ്ഥലയിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന. പതിമൂന്നാം പോയിന്‍റിലും പുതിയ വിവരങ്ങൾ കിട്ടിയില്ലെങ്കിൽ അന്വേഷണം തുടരുന്നതിൽ അർത്ഥമില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ബിഹാറിൽ വോട്ടറുടെ പ്രായം 124 വയസെന്ന് രേഖപ്പെടുത്തിയതില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. ബിഹാറിലെ സിവാൻ ജില്ലാ കളക്ടറാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 35 വയസുകാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് കളക്ടര്‍ പറയുന്നത്. ഇത് വാർത്തയാവും മുമ്പ് പരിഹരിച്ചെന്നും കളക്ടർ പറയുന്നു. തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നാണ് മിന്‍ത ദേവി എന്ന വോട്ടറുടെ പരാതി. അപേക്ഷ ശരിയായി പൂരിപ്പിച്ചു നല്കിയതാണെന്നും മിന്‍ത ദേവി പറഞ്ഞു.
വോട്ടർ പട്ടിക ക്രമക്കേടിൽ കള്ള വോട്ടിനെതിര വിഡിയോയുമായി രാഹുൽ ഗാന്ധി. നിങ്ങളുടെ വോട്ടും, അവകാശങ്ങളും, സ്വത്വവും മോഷ്ടിക്കപ്പെട്ടേക്കാമെന്ന് രാഹുൽഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു. എന്നാൽ ശകുൻ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തതിന് തെളിവ് എവിടെ എന്ന് ചോദിച്ച് കർണ്ണാടക സിഇഒ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. തെളിവുണ്ടെങ്കിൽ സത്യപ്രസ്താവനയിലൂടെ നല്കാനായിരുന്നു കമ്മീഷൻ നിർദ്ദേശം.
കർണാടകയിൽ കർവാർ എഎൽഎ എംഎൽഎ.യുടെ വീട്ടിൽ ഇഡി റെയ്‌ഡ്. കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടിലാണ് പരിശോധന. ഇന്ന് രാവിലെ 25 അംഗ ഇഡി സംഘമാണ് കർവാറിലെ വീട്ടിൽ റെയ്ഡിന് എത്തിയത്. എംഎൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലാണ്.
ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലെക്ക് പോകും. ഇതിനൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. അതോടൊപ്പം ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻറെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ ഇതുവരെ സമീപിച്ചിട്ടില്ല.
ബിസിസിഐ പ്രസിഡന്റായി റോജര്‍ ബിന്നി അഞ്ച് വര്‍ഷം കൂടി തുടര്‍ന്നേക്കും. പുതിയ സ്‌പോര്‍ട്‌സ് ബില്‍ പ്രകാരം സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ തലപ്പത്തുള്ളവരുടെ പ്രായപരിധി 75 ആക്കിയതാണ് ബിന്നിക്ക് നേട്ടമായത്. പക്ഷ, സെപ്റ്റംപറില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.