◾ബിജെപിക്കുവേണ്ടി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കോടികളുമായി വന്ന മൂന്നു പേര്‍ പിടിയില്‍. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റിക്കാന്‍ ശ്രമിച്ച മൂന്നു പേരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തായിരുന്നു ‘ഓപ്പറേഷന്‍ താമര’. ഫാം ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ പോലീസ് റെയ്ഡ് നടത്തിയാണു പ്രതികളെ പിടികൂടിയത്. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയിലെ ഡി സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
◾സ്വര്‍ണക്കടത്തു കേസിലെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമെന്നും സസ്പെന്‍ഷനിലായിരുന്ന 170 ദിവസവും സര്‍വീസ് ദിവസങ്ങളായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് എം ശിവശങ്കര്‍. സസ്പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ശിവശങ്കര്‍ സമീപിച്ചു.
◾സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി രൂപ അനുവദിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്പളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ തുക. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിച്ചു. സംസ്ഥാന വിഹിതമായ 94.95 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്തു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരേയും സമിതിയില്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാരിന്റെ ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസിലെ ഹര്‍ജിയിലാണ് ഉത്തരവ്.
◾മാതാ അമൃതാനന്ദമയി അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷ. കേന്ദ്രസര്‍ക്കാരാണ് അധ്യക്ഷയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമാണ് ജി-20.
◾പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2016 മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന് കണ്ണൂരിലെ പയ്യാമ്പലത്ത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ബലാല്‍സംഗകേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ അറസ്റ്റു ചെയ്യരുതെന്നു കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിര്‍ദേശം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.
◾ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നുവെന്ന് എസ് രാജേന്ദ്രന്‍. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഡല്‍ പ്രോജക്ടിന് തടയിട്ടത് താനല്ല. നിയമലംഘനത്തിന്റെ പേരില്‍ ഹൈക്കോടതി പദ്ധതി തടഞ്ഞത് കോണ്‍ഗ്രസുകാരുടെ പരാതിയിലാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. കെ.വി ശശിയും എം എം മണിയും തനിക്കെതിരേ നീക്കം നടത്തുകയാണെന്നാണ് രാജേന്ദ്രന്റെ ആരോപണം.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്നു പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പനി ബാധിച്ച രോഗിക്കു മരുന്നു മാറി കുത്തിവച്ചതിനാലാണ് മരിച്ചതെന്നാണ് ഭര്‍ത്താവ് രഘുവിന്റെ പരാതി.
◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടലില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പ്രതിസന്ധിയിലായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വി ഡി സതീശന്‍.
◾വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധം. മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വന്‍ പൊലീസ് സന്നാഹം. സമരത്തിന്റെ നൂറാം ദിനമായ ഇന്നു കരയിലും കടലിലും സമരം നടത്തി.
◾കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. പരിക്കേറ്റ അഭിഭാഷകന്‍ മുകേഷിന്റെ സുഹൃത്തും അയല്‍ക്കാരനുമായ പ്രൈം അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾മൂന്നാര്‍ ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ഥികള്‍ ഗുണ്ട് പൊട്ടിച്ചു. എംജി കോളനിക്കു സമീപമുള്ള താല്ക്കാലിക കോളേജ് കെട്ടിടത്തിലാണു ഗുണ്ട് പൊട്ടിച്ചത്. ക്ലാസുകളിലുണ്ടായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഭയന്നു ബഹളം വച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾പ്രണയപ്പകയില്‍ പെണ്‍കുട്ടിക്കു കുത്തേറ്റു. കറുകച്ചാല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ഉച്ചയോടെ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണു കുത്തിയത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ കസ്റ്റഡിയിലെടുത്തു. സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നപ്പോഴാണ് പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയെ കത്രികകൊണ്ടു കുത്തിയത്. കൈ വിരലിനു കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
◾കോണ്‍ഗ്രസ് ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം കെ.ആര്‍.പ്രകാശ് റാന്നി പഞ്ചായത്ത് പ്രസിഡന്റായി. 13 അംഗങ്ങളില്‍ ഏഴു പേരുടെ പിന്തുണ പ്രകാശിന് ലഭിച്ചു. നേരത്തെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോണ്‍ഗ്രസിലെ ശോഭ ചാര്‍ളിയുടെ ഭരണം. എന്നാല്‍ സിപിഎം ഈയിടെ വിമര്‍ശനം ഉന്നയിച്ചതോടെ ശോഭ ചാര്‍ളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു.
◾താമരശേരിയിലെ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പ്രധാന പ്രതികളായ അലി ഉബൈറാന്‍, നൗഷാദ് അലി എന്നിവര്‍ക്കായാണ് ലുക്ക് നോട്ടീസ് ഇറക്കിയത്. മുഖ്യ ആസൂത്രകര്‍ ഇവരാണെന്നു പോലീസ്.
◾വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിന് പാലക്കാട് ജില്ലയിലെ എട്ടു സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി.
◾ഇന്ന് പത്താമുദയം. തുലാം പത്ത്. കന്നിക്കൊയ്ത്തു കഴിഞ്ഞുള്ള കാര്‍ഷിക ആഘോഷം. സൂര്യന്‍ ഏറ്റവും ബലവാനാകുന്ന ദിവസമാണ്. കൃഷിക്കു സുപ്രധാന ദിനമാണെന്നാണു പഴമക്കാര്‍ പറയുക.
◾പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് വഴുതാനം പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി. കര്‍ഷകനായ അച്ചന്‍കുഞ്ഞിന്റെ ഉടമസ്ഥതതയിലുള്ള പതിനൊന്നായിരം താറാവുകളെയാണ് തീയിട്ട് കൊന്നത്.
◾പത്തനംതിട്ട റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ സദാചാര ആക്രമണം. സ്ത്രീ ഉള്‍പെട്ട സംഘത്തിനെതിരേ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആറന്മുള പൊലീസില്‍ പരാതി നല്‍കിയത്.
◾ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ ഗ്യാസ് ഏജന്‍സി ഉടയ്ക്കുനേരെ സിഐടിയുവിന്റെ ഭീഷണി. നാലു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നു ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീര്‍ പരാതിപ്പെട്ടു. മുനമ്പം പൊലീസ് കേസെടുത്തു.
◾എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശി ഭഗീരഥി ഡാമിയാണെന്നു തിരിച്ചറിഞ്ഞു. ഇവര്‍ ലക്ഷ്മി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം താമസിച്ചിരുന്ന പങ്കാളിയായ റാം ബഹദൂറിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. നാലു വര്‍ഷമായി ഇവര്‍ എളംകുളത്ത് വാടകയ്ക്കു താമസിച്ച് വരികയായിരുന്നു
◾പാലക്കാട്ടെ സി പി എമ്മിലെ വിഭാഗിയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ആനാവൂര്‍ നാഗപ്പന്‍, കെ ജയചന്ദ്രന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
◾കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തു വയസുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്കു സമീപം ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന്‍ മുഹമ്മദാണ് മരിച്ചത്.
◾തൃശൂരില്‍ അഞ്ചര ഗ്രാം എം.ഡി.എം.എ യുമായി രണ്ടു യുവാക്കളെ കയ്പമംഗലം പോലീസ് പിടികൂടി. എടവിലങ്ങ് സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ജോയല്‍ (19), മേത്തല സ്വദേശി അടിമ പറമ്പില്‍ സാലിഹ് (28) എന്നിവരാണു പിടിയിലായത്.
◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിര്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. രണ്ടു ദിവസത്തെ യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ് അഭ്യന്തര വകുപ്പിന്റെ ചുമതലയെങ്കിലും പങ്കെടുക്കുന്നില്ല. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കുന്നില്ല. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഹോം ഗാര്‍ഡാണു പങ്കെടുക്കുന്നത്.
◾കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്ഫോടനക്കേസില്‍ കാര്‍ സൂക്ഷിച്ചിരുന്ന അഫ്സര്‍ ഖാനെ അറസ്റ്റു ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് ഒരു ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ ബന്ധുവാണ് ഇയാള്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
◾നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തില്‍ ആയിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍, വിവിധ ഗ്രേഡുകളിലുമുള്ള ഉദ്യോഗസ്ഥരെയാണു സ്ഥലംമാറ്റിയത്.
◾കറന്‍സികളില്‍ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രം വേണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പില്‍ മുതലെടുപ്പു നടത്താനാണെന്ന് ബിജെപി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചവരാണ് ആം ആദ്മി പാര്‍ട്ടിയിലുള്ളതെന്ന് ബിജെപി എംപി മനോജ് തിവാരി.
◾മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ റിയാക്ടര്‍ വെസലിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റിലായിരുന്നു സ്ഫോടനം.
◾മറ്റൊരു യുവതിയുമായി കാറില്‍ പോകുന്നതു കണ്ട് തടയാനെത്തിയ ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ച സിനിമാ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്രയ്ക്കെതിരെ പൊലീസ് കേസ്. അന്ധേരിയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന സംഭവത്തിലാണു കേസ്.
◾ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദര്‍ നാരായണ്‍ ഇരുപതിലധികം സ്ത്രീകളെ പീഡിപ്പിച്ചെന്നു സാക്ഷി മൊഴി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലെ അന്വേഷണത്തിലാണ് ഇങ്ങനെ സാക്ഷിമൊഴിയുണ്ടായത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
◾ചെന്നൈയില്‍ ഇലക്ട്രിക് പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് 33 കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ തെരുവിളക്കിന്റെ പോസ്റ്റില്‍ കൈ വച്ചപ്പോഴാണ് രാമനാഥപുരം സ്വദേശിയായ എസ് ഇളവരശന് ഷോക്കേറ്റത്.
◾അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടവര്‍ക്കു തടവുശിക്ഷ. മിഷിഗണിലെ ഡെമോക്രാറ്റിക് ഗവര്‍ണറായ ഗ്രെച്ചെന്‍ വിറ്റ്മെറിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ജോസഫ് മോറിസണ്‍ (28), അമ്മായിയച്ഛന്‍ പീറ്റെ മ്യൂസികോ (44), പോള്‍ ബെല്ലര്‍ (23) എന്നിവരെയാണു ശിക്ഷിച്ചത്.
◾അശ്ലീല വീഡിയോകള്‍ കാണരുതെന്ന് വൈദികരോടും കന്യാസ്ത്രീകളോടും ഫ്രാന്‍സീസ് മാര്‍പാപ്പ. വത്തിക്കാനിലെ പരിപാടിയില്‍ ചോദ്യത്തിന് ഉത്തരമായാണ് മാര്‍പാപ്പയുടെ ഉപദേശം.
◾ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഇനി തുല്യ പ്രതിഫലം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് ലിംഗസമത്വം കൈവന്നുവെന്ന് ജയ് ഷാ.
◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് തോല്‍പിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി. 56 പന്തില്‍ 109 റണ്‍സ് നേടിയ റിലി റൂസ്സോയുടേയും നാല് വിക്കറ്റെടുത്ത ആന്റിച്ച് നോര്‍ക്യെയും പ്രകടനം ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് മാറ്റ് കൂട്ടി.
◾ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന് ഇന്ത്യക്കെതിരെ 180 റണ്‍സ് വിജയലക്ഷ്യം. 53 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 62 റണ്‍സെടുത്ത വിരാട് കോലിയുടേയും 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവിലാണ് ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 179 റണ്‍സെടുത്തത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3895 രൂപയാണ്.
◾ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി രാജ്യാന്തര എയര്‍ പോര്‍ട്ട്. ഒക്ടോബറിലെ എയര്‍ലൈന്‍ കപ്പാസിറ്റിയുടെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ അനലിസ്റ്റ് ഒഎജിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോവിഡിനു മുമ്പുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി വിമാനത്താവളം. കോവിഡിനു മുമ്പ് 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു ഡല്‍ഹി. ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് അറ്റ്‌ലാന്റ ഹാര്‍ട്ട്ഫീല്‍ഡ് ആണ് ഏറ്റവും തിരക്കുള്ള വിമാനത്താവളം. ദുബൈ ആണ് രണ്ടാം സ്ഥാനത്ത്. ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ട് മൂന്നാമതെത്തി. ഡള്ളാസ്, ഡെന്‍വര്‍, ഹീത്രൂ, ചിക്കാഗോ, ഇസ്തംബുള്‍, ലോസ്ഏഞ്ചല്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
◾റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നേരത്തെ സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
◾അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല പോള്‍ മലയാളത്തിലേക്ക് കേന്ദ്ര കഥാപാത്രമാക്കി തിരിച്ചുവരുന്ന ചിത്രമാണ് ദി ടീച്ചര്‍. അതിരന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമല പോളിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തും. സ്പെഷന്‍ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
◾മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണു മോഹന് ബെന്‍സിന്റെ ചെറു എസ്യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് മെഴ്സിഡീസ് ബെന്‍സ് ജിഎല്‍എ 200 എന്ന ചെറു എസ്യുവി ഉണ്ണി മുകുന്ദന്‍ വിഷ്ണുവിനായി തിരഞ്ഞെടുത്തത്. മെഴ്സിഡീസ് ബെന്‍സ് നിരയിലെ ഏറ്റവും ചെറിയ എസ്യുവിയാണ് ജിഎല്‍എ. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട് വാഹനത്തിന്. 1.4 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ജിഎല്‍എയുടെ പുതിയ മോഡലില്‍. പെട്രോള്‍ എന്‍ജിന്‍ 163 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍, ഡീസല്‍ എന്‍ജിന്റെ കരുത്ത് 190 ബിഎച്ച്പിയാണ്. ഏകദേശം 44.90 ലക്ഷം രൂപ മുതലാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
◾ഭാഷാശാസ്ത്രം, വ്യാകരണം ,ശാസ്ത്രപഠനം വിഭാഗത്തില്‍ 2021 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐസി ചാക്കോ എന്‍ഡോവ്‌മെന്റു അവാര്‍ഡ് ലഭിച്ച കൃതി
അടയാളകളുടെ അത്ഭുത ലോകം. ‘.ഇടയാളം’. വൈക്കം മധു. മനോരമ ബുക്സ. വില 342 രൂപ.
◾അമിതഭാരം ഉള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്ന കാര്യമാണ് പതിവ് നടത്തം. കലോറി എരിച്ചു കളയാന്‍ എന്നും നടക്കുന്നത് ഉത്തമമാണ്. രാവിലയോ വൈകീട്ടോ വണ്ണം കുറയ്ക്കാന്‍ പതിവായി നടക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ എത്ര നടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന് തോന്നുന്നുണ്ടോ? മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് നടത്തം എരിച്ചു കളയുന്ന കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരിയായ രീതിയിലെ നടത്തം മാത്രമേ കലോറി കുറയ്ക്കുകയുള്ളു. ദിവസവും 10,000 അടിയെങ്കിലും സാമാന്യം വേഗതയിലും ശക്തിയിലും നടക്കണം. ഇത് പ്രമേഹം, ബി പി, അമിതവണ്ണം, ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ഉറക്ക പ്രശ്നങ്ങള്‍ എന്നിവയെല്ലാം അകറ്റാന്‍ സഹായിക്കുന്നു. പതിയെ ഏറെ ദൂരം നടക്കുന്നത് കൊണ്ട് ഫലമെന്നുമില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. 30 മിനിട്ട് നല്ല രീതിയില്‍ നടക്കുമ്പോള്‍ ഒരാളില്‍ നിന്ന് 150 കലോറിയാണ് എരിച്ചു കളയാന്‍ സാധിക്കുന്നത്. അതിരാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുന്‍പുള്ള നടപ്പ് വളരെ നല്ലതാണ്. ഈ സമയത്ത് ശരീരത്തില്‍ കലോറി കുറവായിരിക്കും. അപ്പോള്‍ നടക്കുന്നത് കൊഴുപ്പ് കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു. കൈ നന്നായി വീശി നടക്കുന്നത് ശരീരത്തിന് മികച്ച വ്യായാമമാണ്. ഇത് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ അമിത കലോറി കത്തിക്കുന്നു. നടപ്പ് ശരീരാരോഗ്യത്തിന് വേണ്ടി മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. സമ്മര്‍ദ്ദം,ഉത്കണ്ഠ,വിഷാദരോഗം തുടങ്ങിയവ ഒരു പരിധി വരെ അകറ്റാന്‍ ഇതിന് കഴിയുന്നു
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.32, പൗണ്ട് – 95.49, യൂറോ – 82.83, സ്വിസ് ഫ്രാങ്ക് – 83.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.32, ബഹറിന്‍ ദിനാര്‍ – 218.40, കുവൈത്ത് ദിനാര്‍ -266.10, ഒമാനി റിയാല്‍ – 213.78, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.41, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 60.60.