Screenshot 20250705 135848 2

സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലുള്ള റജിസ്ട്രാർ അനധികൃതമായി

ഓഫീസിൽ പ്രവേശിച്ചെന്നും രേഖകൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങൾ ആരോപിക്കുന്നു. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാൽ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. ഹർജി ഇന്ന് സമർപ്പിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.

 

കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്നും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്നും മന്ത്രി ആർ ബിന്ദു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചതെന്നും തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് കീം ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും സംശയങ്ങൾ ഉയർന്നിരുന്നതായി റിപ്പോർ‌ട്ട്. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റിൽ ചിലമന്ത്രിമാർ സംശയം ഉയർത്തിയതായാണ് പുറത്തുവരുന്ന വിവരം. പുതിയ മാറ്റം ഈ വർഷം വേണോ എന്ന സംശയം ചില മന്ത്രിമാർ ഉയർത്തിയിരുന്നു. പൊതു താല്പര്യതിന്റെ പേരിൽ ഒടുവിൽ നടപ്പാക്കുകയായിരുന്നു എന്നാണ് വിവരം.

 

ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. അതോടൊപ്പം സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു.

 

കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. സർക്കാരിൻറെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

 

കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണ്ടേയെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി ഇതിൻ്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളല്ലേയെന്നും തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.

 

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം സുപ്രഭാതം. സര്‍ക്കാരിന്‍റെ അവിവേകത്തിന് വിദ്യാര്‍ത്ഥികള്‍ ബലിയാടായെന്നാണ് മുഖപ്രസംഗത്തിൽ വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അലംഭാവത്തിന് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിത്. വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ നമ്പര്‍ വണ്‍ പെരുമയ്ക്ക് ചില മന്ത്രിമാരുടെ അപക്വ നിലപാട് കൊണ്ട് മങ്ങലേറ്റു. ഒരേ പരീക്ഷാഫലം രണ്ടു തവണ പ്രഖ്യാപിക്കേണ്ടി വരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിന്റെ മായാത്ത അടയാളമായി ബാക്കിനിൽക്കുമെന്നും മുഖപ്രസംഗത്തിലുണ്ട്.

 

കർഷകർക്ക് സൗരോർജ്ജ പമ്പുകൾ നൽകാനുള്ള പിഎം കുസും പദ്ധതിയിൽ വൻ വെട്ടിപ്പെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനർട് നടത്തിയത് വൻ അഴിമതിയെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിക്കും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചു. അഞ്ച് കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ മാത്രം അധികാരമുള്ള സിഇഒ 240 കോടി രൂപയ്ക്ക് ടെണ്ടർ വിളിച്ചതിലാണ് ആരോപണം. നൂറ് കോടിയുടെ അഴിമതിയാണ് നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

ശശി തരൂരിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്. അടിയന്തരാവസ്ഥ വാര്‍ഷികത്തിലെ ലേഖനത്തെ അവഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചു. ലേഖനം നെഹ്റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാരിനുള്ള സ്തുതി തരൂര്‍ തുടരുകയാണ്.

 

സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു.

 

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പിലാണ് കാന്തപുരത്തിൻ്റെ വിമർശനം.സ്‌കൂൾ സമയ മാറ്റത്തിനെതിരെ നേരത്തെ ഇകെ വിഭാഗം സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു.

 

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പിണറായി സർക്കാർ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും നാസർ ഫൈസി പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതികൾ പരിഗണിക്കുക പോലും ചെയ്തില്ലെന്നും പരമാവധി ക്ഷമിച്ചെന്നും ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോൾ ആണ് സമരം പ്രഖ്യാപിച്ചതെന്നും നാസർ ഫൈസി പറയുന്നു.

 

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ 6 മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. കളക്ട്രേറ്റിൽ ചേർന്ന എ സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

 

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിവരങ്ങൾ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഹർജിക്കാരുടെ അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രനാണ് അറ്റോർണി ജനറലിനെ വിവരങ്ങൾ ധരിപ്പിച്ചത്.

 

നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭ‍ർത്താവ് ടോമി തോമസ്. ഗവർണറെ ഉൾപ്പെടെ കണ്ട് കാര്യങ്ങൾ പറഞ്ഞു സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും. നാളെ രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്. തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി നാളെ വൈകിട്ട് നാല് മണിയോടെ മടങ്ങും.

 

 

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു. ജൂലൈ നാലിന് പണം ഏൽപ്പിച്ചതായി സർക്കാർ തന്നെ ‍ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

 

 

ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവർണറുടെ അനുമതി. സർക്കാർ ശുപാർശ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്.

 

പൊതുമരാമത്ത് റോഡില്‍ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലില്‍ഒരു തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തൊളിക്കോട് ഗ്രാമപഞ്ചായത്താണ് 22500 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ എട്ട് ശതമാനം പലിശ നല്‍കേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു.

 

 

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ മുറിയിൽ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു. അതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും ഡിപ്രഷനിലേക്ക് പോകരുതെന്നും ഈ കുറിപ്പിൽ നേഹ സുഹൃത്തുക്കളോട് പറയുന്നുണ്ട്.

 

അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

 

 

ശശി തരൂരിൻ്റെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ നെഹ്റു കുടുംബത്തിനെതിരെ വിമർശനം ശക്തമാക്കി ബിജെപി. തരൂരിൻ്റെ ലേഖനം രാഹുൽ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയെന്ന് ബിജെപി വക്താവ് ആർ പി സിംഗ് പറഞ്ഞു. മോദിയുടെ ജനാധിപത്യത്തെ തരൂർ പുകഴ്ത്തിയത് അതുകൊണ്ടാണ്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പൂർണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാർട്ടിയെന്നും ആർപി സിംഗ് ചൂണ്ടിക്കാട്ടി.

 

മാടായി കോളേജ് നിയമന വിവാദം കണ്ണൂർ കോൺഗ്രസിൽ വീണ്ടും പുകയുന്നു. പ്രശ്ന പരിഹാരത്തിന് കെപിസിസി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. അടുത്ത മാസം കുഞ്ഞിമംഗലത്ത് പ്രവർത്തക കണ്‍വെൻഷൻ വിളിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

 

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ എറണാകുളം മുതൽ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്.

 

ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവർണറുടെ അനുമതി. സർക്കാർ ശുപാർശ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്.

 

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമുർ റോഡിലാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു.

 

നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുന്നതിനിടെ നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചു. എന്നാൽ മോദിക്ക് പ്രായപരിധിയിൽ ഇളവുണ്ടാവുമെന്ന് ആർഎസ്എസ് നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഇതേ തുടർന്ന് മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയിൽ ആർഎസ്എസ് വിശദീകരണം നൽകിയേക്കും എന്നാണ് വിവരം.

 

ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്കെതിരെ വിദ്വേഷ പരാമർശവുമായി ശിവസേന എംഎൽഎ. ബുൽധാൻ മണ്ഡലത്തിലെ എംഎൽഎയായ സഞ്ജയ് ഗായ്ക്‌വാഡാണ് ദക്ഷിണേന്ത്യക്കാർ ഡാൻസ് ബാറുകൾ നടത്തി മറാത്തി സംസ്കാരം തകർത്തതായും കുട്ടികളുടെ സ്വഭാവം നശിപ്പിച്ചതായും ആരോപിച്ചത്.കൊളാബയിലെ എംഎൽഎ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിന് പിന്നാലെ കാന്റീൻ ജീവനക്കാരനെ കയ്യേറ്റം ചെയ്ത ശേഷമായിരുന്നു വിദ്വേഷ പരാമർശം.

 

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തോടെ ബാൻഗര്‍ ബസാറിൽ നിന്നും മാരീച്ചയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടെ കനാലിന് സമീപത്തുവെച്ചാണ് റസാഖ് ഖാനുനേരെ ആക്രമണം ഉണ്ടായത്.

 

വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി മകന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വീഡനിലെ മന്ത്രി. സ്വീഡനിലെ കുടിയേറ്റ കാര്യ മന്ത്രി ജോഹൻ ഫോർസെലാണ് മകന് വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി അടുത്ത ബന്ധങ്ങളുണ്ടെന്ന് വിശദമാക്കിയത്. വംശീയ വെറിക്കെതിരായ പരിപാടിയിൽ സ്വീഡനിലെ മന്ത്രിയുടെ ഉറ്റ ബന്ധുവിന് തീവ്രവലത് പക്ഷ ഗ്രൂപ്പുകളിൽ സജീവ പങ്കാളിത്തമുണ്ടെന്ന് ആരോപിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *