താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്.
പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അതു തടയാനാണ് അപേക്ഷ നല്കാന് നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചത്. ഭരിക്കുമ്പോള്‍ ‘കടക്കൂ പുറത്ത്’ എന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ ‘മാധ്യമ സിന്‍ഡിക്കറ്റ്’ എന്നും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതു താനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞില്ല. അവധിദിവസമായ ഇന്നലെ പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍.
ഇന്ത്യന്‍ വംശജന് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മിനിമം യോഗ്യതയായ 100 എംപിമാരുടെ പിന്തുണ ലഭിച്ചില്ല. ഇതോടെ ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ലിസ് ട്രസ് രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
തന്റെ അന്ത്യശാസനമനുസരിച്ചു രാജിവയ്ക്കാത്ത വൈസ് ചാന്‍സലര്‍മാര്‍ക്കു നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്കിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വരും. വിസിമാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് നിയമനം എന്നതാണ് പ്രശ്നം. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനു നാലു മാധ്യമങ്ങളുടെ ലേഖകര്‍ക്കു പ്രവേശനാനുമതി നിഷേധിച്ചു. തന്നെ നിശിതമായി വിമര്‍ശിക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കാണ് അനുമതി നിഷേധിച്ചത്. വാര്‍ത്താസമ്മേളനത്തിനു വരാന്‍ താല്പര്യമുള്ളവര് അപേക്ഷ നല്‍കണമെന്ന നിര്‍ദേശമനുസരിച്ച് ഇവരും അപേക്ഷ നല്‍കിയെങ്കിലും പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.
സര്‍വകലാശാലകള്‍ക്കു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡിജിപിക്കു കത്തു നല്കി. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
അധികാരപരിധി വിട്ട് ഒരിഞ്ചു മുന്നോട്ടു പോകാമെന്നു കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി ഇടപെടലിനു പിറകേ ഗവര്‍ണര്‍ക്കു താക്കീതുമായാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ചട്ടവും കീഴ്വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സേവന കാലാവധി കഴിഞ്ഞ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനനന്‍ കുന്നുമ്മലിന്. ഗവര്‍ണറാണ് ചുമതല നല്‍കിയത്. കേരള വിസി ഡോ. വി.പി മഹാദേവന് പിള്ളയുടെ സേവന കാലാവധി ഇന്നലെ പൂര്‍ത്തിയായി.
ഗവര്‍ണര്‍ക്കെതിരെ ഇന്നും നാളെയുമായി എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരുവനന്തപുരത്തു പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ പൊതുയോഗം നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രസംഗിക്കും.
സംസ്ഥാന സര്‍ക്കാരിനെതിരേ മൂന്നു ഘട്ട സമരവുമായി കോണ്‍ഗ്രസ്. നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച്. ‘പിണറായി ഭരണത്തിനെതിരെ പൗര വിചാരണ’ എന്ന മുദ്രാവാക്യവുമായാണ് ഈ സമരം. രണ്ടാം ഘട്ടമായി നവംബര്‍ 20 മുതല്‍ 30 വരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ വാഹന പ്രചരണ ജാഥകള്‍ നടത്തും. ഡിസംബര്‍ രണ്ടാം വാരത്തില്‍ ‘സെക്രട്ടേറിയറ്റ് വളയല്‍’ സമരം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
ഗവര്‍ണറുടെ കൈകള്‍ ശുദ്ധമല്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വജനപക്ഷപാത വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന് നിയമനം നടത്തിയതു ഗവര്ണര്തന്നെയാണെന്ന് സുധാകരന് കുറ്റപ്പെടുത്തി.
ഇന്നു സൂര്യഗ്രഹണം. വൈകുന്നേരം അഞ്ചു മുതല്‍ 6.20 വരെയാണ് സൂര്യഗ്രഹണം.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ദേശീയ പുരസ്കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. അഞ്ചു പതിറ്റാണ്ടായി ആദിവാസികള്‍ക്കിടയില്‍ നടത്തിയ മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് പുരസ്കാരം. ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
മാനന്തവാടിയിലെ ടയര്‍ കടയില്‍നിന്നും വടിവാളുകള്‍ പിടികൂടിയ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രദേശിക നേതാവ് അറസ്റ്റില്‍. കല്ലുമൊട്ടന്‍കുന്ന് സലീമിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് കൊല്ലപെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തിനു 35 ലക്ഷം രൂപയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.