മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവർണർ പറഞ്ഞു. എന്നാൽ സർക്കാരിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച ഗവർണ്ണർ പാക്കിസ്ഥാൻ്റെ ഭാഷയിൽ ഭരണഘടനക്കെതിരെ സംസാരിക്കുന്നവർ വരെ കേരളത്തിലുണ്ടെന്ന് പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമ മന്ത്രി ആരാണെന്നും ഗവർണർ ചോദിച്ചിരുന്നു.
ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ നൽകിയ ഇളവ്നീക്കി മോട്ടോര്‍ വാഹന പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയത്. അതേസമയം നിലവിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾക്ക്, അടുത്ത തവണ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം.
പ്രണയം നിരസിച്ചതിന് ഒരു കൊലപാതകം കൂടി. പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ ഇന്ന് ഉച്ചയോടെ കാണപ്പെട്ടിരുന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്. കേസിൽ കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവ് കുറ്റം സമ്മതിച്ചതായാണ് വിവരം.
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയുംഅന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ഇരുവരുടേയും സാന്നിധ്യത്തിലാണ് കോവളത്ത് വെച്ച് പരാതിക്കാരിയായ യുവതി ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രദേശ വാസികളായ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിർത്തി 2 യുവാക്കൾ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം. എന്തിനാണ് മർദ്ദിച്ചതെന്നറിയില്ല എന്നും മർദ്ദിച്ചവരെ ആദ്യമായി കാണുകയാണെന്നും ഡ്രൈവർപറയുന്നു.
സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിനടക്കം നടപടി ബാധകമായേക്കുമെന്നാണ് സൂചന.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ദിനത്തിൽ നിർദ്ദേശങ്ങളുമായി സർക്കാർ . ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.