കേരളത്തിലടക്കം ചര്‍ച്ചയായി മാറിയ മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ‘കണ്ണപ്പ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ദൈവം ഇല്ലെന്ന് വിശ്വസിച്ചിരുന്നൊരാള്‍ ശിവ ഭക്തനായി മാറുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഭക്തിക്കൊപ്പം മാസും ആക്ഷനും നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്. ചിത്രം ജൂണ്‍ 27 ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. കിരാത എന്ന കഥാപാത്രത്തെയാണ് കണ്ണപ്പയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തുന്നത്. ഭഗവാന് ശിവന് ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്.