അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദൃശ്യം 2’വിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 2 മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേര്‍ക്കുനേര്‍ പൊരുതുന്ന രംഗങ്ങള്‍ ട്രെയിലറിന്റെ പ്രധാന ആകര്‍ഷണമാണ്. മലയാളത്തില്‍ ആശാ ശരത്ത് അവതരിപ്പിച്ച കഥാപാത്രം കൈകാര്യം ചെയ്യുന്നത് തബു ആണ്. ഐജി മീര ദേശ്മുഖ് എന്നാണ് കഥാപാത്രത്തിന്റെ പേര്. വിജയ് സാല്‍ഗോന്‍കര്‍ എന്നാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പിഎസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’ ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമായ ‘സര്‍ദാറി’ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പി എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
നിലവിലെ നിക്ഷേപകരില്‍നിന്ന് കൂടുതല്‍ ധനസമാഹരണം നടത്തി ബൈജൂസ്. 2023 മാര്‍ച്ച് മാസത്തോടെ ലാഭത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആകെ മൂല്യത്തില്‍ മാറ്റമില്ല. ഇതിപ്പോഴും 22 ബില്യണ്‍ ഡോളറാണ്. കമ്പനിക്ക് നിലവില്‍ 150 ദശലക്ഷം സബ്‌സ്‌ക്രൈബഴ്സ് ആണ് ഉള്ളത്. ആറ് മാസം കൊണ്ട് ലാഭത്തിലെത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കമ്പനി ഈ അടുത്താണ് ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് 2500 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ നഷ്ടം 4588 കോടി രൂപയായിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം ഉയര്‍ന്നതായിരുന്നു ആ വര്‍ഷത്തെ നഷ്ടം.
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കാണ് കൂട്ടിയത്. 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ വായ്പാചെലവ് വീണ്ടും ഉയരും. ഭവന വായ്പ ഉള്‍പ്പെടെ ദീര്‍ഘകാലത്തേയ്ക്കുള്ള വായ്പകള്‍ എംസിഎല്‍ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി. ഒരു വര്‍ഷം വരെയുള്ള വായ്പയുടെ പലിശനിരക്ക് നിലവിലെ 7. 7ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായി ഉയരും. രണ്ടുവര്‍ഷത്തേയ്ക്കുള്ള വായ്പയുടെ പുതുക്കിയ പലിശനിരക്ക് 8.15 ശതമാനമാണ്. മൂന്ന് വര്‍ഷ കാലാവധിയുള്ള വായ്പയ്ക്ക് 8.25 ശതമാനം പലിശ നല്‍കണം. കഴിഞ്ഞദിവസം എസ്ബിഐ സ്ഥിര നിക്ഷേപത്തിനുള്ള പലിശനിരക്കും ഉയര്‍ത്തിയിരുന്നു. എസ്ബിഐയ്ക്ക് പുറമേ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും വായ്പാനിരക്ക് വര്‍ധിപ്പിച്ചു.
ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായതും ദുര്‍ഘടപാതയിലും സുഗമമായ യാത്ര സാദ്ധ്യമാക്കുന്നതുമായ ‘യോദ്ധ 2.0’, ഇന്‍ട്ര വി20 ബൈ-ഫ്യുവല്‍, ഇന്‍ട്ര വി50 പിക്കപ്പ് ശ്രേണി അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്. ഉയര്‍ന്ന പോലോഡ് ശേഷി, കരുത്തുറ്റ ബോഡി, നീളം കൂടിയ ഡെക്ക്, ഉയര്‍ന്ന റേഞ്ച്, യാത്ര സുരക്ഷിതവും സുഗമവുമാക്കാന്‍ ആധുനിക ഫീച്ചറുകള്‍ എന്നിങ്ങനെ നിരവധി മികവുകളുണ്ട്. ഇതിനകം രാജ്യമെമ്പാടുമായി 750 യൂണിറ്റുകളുടെ വിതരണം ടാറ്റ നടത്തി. കൃഷി, പൗള്‍ട്രി, ഡയറി മേഖലകള്‍ക്കും എഫ്.എം.സി.ജി., ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ക്കും അനുയോജ്യമാണ് ടാറ്റാ മോട്ടോഴ്സിന്റെ ഈ പിക്കപ്പുകള്‍. മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഉടമയുടെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.
മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ ‘പൊറള്’ വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. മാതൃഭൂമി ബുക്‌സ്. വില 256 രൂപ.
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ ചില പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കുറവ് ഉറക്കക്കുറവിന് കാരണമാകാം. ആദ്യമേ തന്നെ ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് ഉറക്കക്കുറവിന് കാരണമാകാം. മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്‌ട്രെസ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതിനാല്‍ ചീര, സോയ, പൊട്ടറ്റോ, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ഡിയുടെ അഭാവവും ഉറക്കക്കുറവിന് കാരണമാകാം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. നമ്മുടെ ശരീരത്തില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിലും വിറ്റാമിന്‍ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവും ഉറക്കക്കുറവിന് കാരണമാകാം. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് ‘സാല്‍മണ്‍’ മത്സ്യമാണ് വിറ്റാമിന്‍ ഡിയുടെ ഉറവിടം. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന അടുത്ത ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. അതുപോലെ തന്നെ, ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി12-ന്റെ അഭാവവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മത്സ്യം, മുട്ട, ചിക്കന്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവും ഉറക്കക്കുറവിന് കാരണമാകാം. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍, ഫ്ളാക്സ് സീഡ് തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം.