പാഴ്ശ്രമം
ബെല്‍ അമി | അദ്ധ്യായം 19 | രാജന്‍ തുവ്വാര

ജൂഡിത്തിന്റെ നിരീക്ഷണം ശരിയാണെന്ന് എനിക്ക് തോന്നി. മധുമതിയുമായുള്ള ചാരുവിന്റെ പ്രശ്‌നം പകയല്ല, ഈഗോയാണ്. ആ ഈഗോ അവസരം വരുന്നിടത്തെല്ലാം അവള്‍ പ്രകടിപ്പിക്കുന്നു.
അമ്മ ഇത്ര വലിയൊരു കലാകാരിയാണെന്ന് അവള്‍ ജൂഡിത്തിനോട് പറഞ്ഞിട്ടില്ല. അമ്മയെക്കുറിച്ച് പറയാന്‍ അവള്‍ക്ക് താല്പര്യമില്ല. അമ്മയെ അവള്‍ പൂര്‍ണ്ണമായി അവഗണിക്കുന്നു.
ഞാന്‍ മധുമതിയെ കണ്ടുമുട്ടിയ കാര്യം ജൂഡിത്തിനോട് പറഞ്ഞു. അവളുമായി ഹോട്ടല്‍മുറിയില്‍ ശയിച്ചത് എന്തുകൊണ്ടോ അവളോട് പറയാന്‍ തോന്നിയില്ല.
ജെന്നിസെവില്ലെ ബാംഗളൂര്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നന്നതിനുള്ള കാരണം മധുമതിയുടെ അതിവിപുലമായ ബന്ധങ്ങളാണ്.
അതു കേട്ടപ്പോള്‍ ജൂഡിത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. മധുമതിയുടെ കലാജീവിതത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ തുടരെത്തുടരെ അത്ഭുതം നിറഞ്ഞു.
‘എന്റെ മമ്മയുമായി ഞാനിപ്പോള്‍ അടുപ്പം കാണിക്കുന്നത് ഒരു വിട്ടുവീഴ്ചയുടെ പേരിലാണ്. ആ വിട്ടു വീഴ്ചയില്ലെങ്കില്‍ ബന്ധം ശിഥിലമാകും.’
‘എന്തു വിട്ടുവീഴ്ച?’
‘തെറ്റുകള്‍ ആണെന്നറിഞ്ഞിട്ടും തന്നിഷ്ടവും സ്വര്‍ഥതയും ആഗ്രഹിക്കാത്തവരില്ല ഈ ലോകത്തില്‍ എന്ന തിരിച്ചറിവ്. മനസ്സിനകത്ത് ഏകാധിപനെ പാര്‍പ്പിക്കുന്നവര്‍ അത് ഒരിക്കലും അംഗീകരിക്കാറില്ല. അതാണ് അവരുടെ പ്രശ്‌നം.’
‘എങ്കില്‍ നീയത് നിന്റെ കൂട്ടുകാരിയെ ബോധ്യപ്പെടുത്ത്…’
ഞാന്‍ പരിഹാരം നിര്‍ദേശിച്ചു.
‘എനിക്കവളോട് അമ്മയുമായി കലഹം സൂക്ഷിച്ചു വെക്കരുതെന്ന് പറയാന്‍ ധൈര്യം തോന്നുന്നില്ല. ആ പെണ്ണിന്റെ മൂഡ് പെട്ടെന്ന് മാറി മറിയും…’ ജൂഡിത്ത് സന്ദേഹിച്ചു.
‘നിങ്ങള്‍ കമിതാക്കളല്ലേ, പ്രണയലോലുപയാകുമ്പോള്‍ അവളെ പിടിച്ചുകെട്ടാമോ എന്ന് ശ്രമിച്ചുനോക്ക്.’
ജൂഡിത്തിന്റെ കണ്ണുകളില്‍ ഒരു പുരുഷന്റെ ആര്‍ത്തി ഞാന്‍ കണ്ടു.
അന്ന് രാത്രി അത്താഴത്തിനിരിക്കുമ്പോള്‍ ചാരുമതിയുടെ മുഖത്ത് വികാരലോലുപയുടെ തിളക്കം. ഞാന്‍ യാന്ത്രികമായി റൊട്ടി പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. കറിയില്‍ മുക്കാതെയാണ് ഞാന്‍ തിന്നുകൊണ്ടിരുന്നതെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു.
‘കറി തൊട്ടടുത്തുള്ളത് കണ്ടില്ലേ?’
ജൂഡിത്തിന്റെ ശബ്ദമാണെന്നെ തീന്മേശയിലേക്ക് മടക്കികൊണ്ടുവന്നത്.
ഞാന്‍ ജാള്യത മറക്കാന്‍ പുഞ്ചിരിച്ചു.
‘ഓ, ഞാനത് ഓര്‍ത്തില്ല.’
ചാരുമതി എന്നെ നോക്കുന്നുണ്ടെങ്കിലും മുഖത്ത് ഒരു ഭാവഭേദവുമില്ല. അപ്രതീക്ഷിതമായി ഞാന്‍ തീന്‍മേശയില്‍ നിന്നെഴുന്നേറ്റു.
ചാരുവും ജൂഡിത്തും അത് പ്രതീക്ഷിച്ചിരുന്നില്ല.
ഞാന്‍ കൈകഴുകി തിടുക്കത്തില്‍ മുകളിലേക്ക് കയറിപ്പോയി.
കമ്പ്യൂട്ടര്‍ തുറന്ന് ഞാന്‍ മെയില്‍ ചെക്ക് ചെയ്തു. പുതിയ പുസ്തകത്തിന്റെ ഓഥേഴ്‌സ് കോപ്പി അയച്ചിട്ടുണ്ട്, കിട്ടിയാല്‍ അക്‌നോളഡ്ജ് ചെയ്യണം.
അടുത്ത രചനക്ക് എല്ലാ ഭാവുകങ്ങളും. ഹാര്‍മണിയുടെ പുതിയ പുസ്തകങ്ങളുടെ ഒരു പട്ടികയും അറ്റാച്ച് ചെയ്തിട്ടുണ്ട്.
ഞാന്‍ അത് തുറന്നു നോക്കുന്നതിനിടെ ജൂഡിത്ത് എന്റെ മുറിയിലേക്ക് കയറി വന്നു. അവള്‍ കിതക്കുന്നുണ്ടായിരുന്നു.
‘കാര്യങ്ങള്‍ കൈവിട്ടുപോയെന്നു തോന്നുന്നു. ഒന്ന് വേഗം താഴേക്ക് വരൂ.’
ഞാന്‍ ജൂഡിത്തിനേക്കാള്‍ മുന്നെ താഴെയെത്തി.
തീന്‍മേശപ്പുറത്തെ പാത്രങ്ങള്‍ താഴേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
കസേരകള്‍ മറിഞ്ഞുകിടക്കുന്നു. ചാരുമതിയുടെ ചെരുപ്പുകള്‍ തലങ്ങും വിലങ്ങും കിടക്കുന്നു.
‘അവള്‍ എന്നെ മുഖത്ത് തല്ലി, തള്ളിയിട്ടു…’
ജൂഡിത്തിന്റെ മുഖത്ത് തല്ലിന്റെ അടയാളമുണ്ട്. തല്ല് അത്ര മോശപ്പെട്ടതായിരുന്നില്ല.
‘അവള്‍ എവിടെ?’
ജൂഡിത്ത് അറിയില്ലെന്ന് കൈ മലര്‍ത്തി.
ഞാന്‍ പുറത്ത് ചെന്നു നോക്കി. അവിടെയില്ല.
പെട്ടെന്ന് ഒരു കാര്യം മനസ്സില്‍ മിന്നി.
അവളുടെ മുറി അകത്തുനിന്ന് അടച്ചിരിക്കുന്നു.
ജൂഡിത്ത് പരിഭ്രമിച്ചു കരഞ്ഞു.
മുട്ടിയാല്‍ അവള്‍ വാതില്‍ തുറക്കില്ല.
അവള്‍ എന്തെങ്കിലും അബദ്ധം കാണിച്ചേക്കുമെന്ന് എന്റെ മനസ്സ് ഭയപ്പെടുത്തി.
ആ വാതിലില്‍ ഞാന്‍ ചവിട്ടി നോക്കി സാമാന്യം ഉറപ്പുള്ള വാതില്‍. പഴയകാല നിര്‍മ്മിതിയായതുകൊണ്ട് നല്ല ഉറപ്പുണ്ട്.
പിന്നോക്കം മാറി ഓടി വന്ന് ചവിട്ടിയപ്പോള്‍ വാതില്‍ ഇളകി.
ഒരു ശ്രമം കൂടി നടത്തിയാല്‍ വാതില്‍ പിളര്‍ന്നേക്കുമെന്ന് എനിക്ക് തോന്നി. അത്തവണയും വാതില്‍ ഉലഞ്ഞതേയുള്ളു എങ്കിലും പുരോഗതിയുണ്ട്.
ജൂഡിത്തിന്റെ കരച്ചില്‍ നിലവിളിയിലേക്ക് മാറുന്നു.
അടുത്ത തവണ സര്‍വ്വശക്തിയുമെടുത്ത് പാഞ്ഞുവന്ന് ഞാന്‍ വാതിലില്‍ ചവിട്ടി.
പൂര്‍ണമായി തുറന്നില്ലെങ്കിലും വാതില്‍പാളികള്‍ അകന്നു. അവള്‍ കിടക്കയില്‍ കിടക്കുന്നു.
ഞാന്‍ ഒരിക്കല്‍ കൂടി ചവിട്ടിയപ്പോള്‍ വാതില്‍ തുറന്നു.
ലൈറ്റിട്ടു.
തറയില്‍ ചോര. ഞാന്‍ അതില്‍ ചവിട്ടിയാണ് നില്‍ക്കുന്നത്.
‘ജൂഡിത്ത് നീ കാറെടുക്ക്.’
ചാരുപടിയില്‍ കിടന്നിരുന്ന നീളന്‍ ടവലെടുത്ത് ചാരുമതിയുടെ കൈതണ്ടയില്‍ ഞാന്‍ വരിഞ്ഞുകെട്ടി.ചോരയൊഴുക്കിനു നേരിയ ശമനം.
അവളെ ചുമലിലേറ്റി ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും ജൂഡിത്ത് കാര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു.
നാരായണ ഹൃദയാലയയില്‍ തീവ്രപരിചരണ വിഭാഗത്തിനുമുന്നില്‍ അഞ്ചു മണിക്കൂര്‍ നേരമായി ഞാനിരിക്കുന്നു. ജൂഡിത്ത് ഒരു കസേരയിലിരുന്ന് ഉറങ്ങുന്നു. പാവം അവളുമായി നടന്ന സംസാരമായിരിക്കും ചാരുമതിയെ പ്രകോപിപ്പിച്ചിട്ടുണ്ടാകുക. ചിത്രകാരികള്‍ പൊതുവെ തരള ചിത്തരാണ്. പുറമേക്ക് ഈഗോ ഊറ്റത്തോടെ പ്രകടിപ്പിക്കും. ഉള്ളില്‍ അതിനു തക്ക കരുത്തുണ്ടാവുകയില്ല.
പുലര്‍ച്ചെ നാലുമണിയായപ്പോള്‍ സി സി യു വിന്റെ ചുമതലയുള്ള സിസ്റ്ററുടെ ഉച്ചത്തിലുള അന്വേഷണം കേട്ടാണ് ഞാന്‍ മയക്കം വിട്ടുണര്‍ന്നത്:
‘ചാരുമതിയുടെ ബൈ സ്റ്റാന്‍ഡേഴ്‌സ് ആരെങ്കിലുമുണ്ടോ?’
ഞാന്‍ എഴുന്നേറ്റ് ചെന്നു
‘പേഷ്യന്റിന് ബോധം വന്നു. ഡോക്ടര്‍ വന്നാല്‍ മുറിയിലേക്ക് മാറ്റാം.’
സിസ്റ്റര്‍ പോയി
ഞാന്‍ ജൂഡിത്തിനെ വിളിച്ചെഴുന്നേല്പിച്ച് വിവരം പറഞ്ഞു.
‘താങ്ക് ഗോഡ്.’
ഞാന്‍ കുറച്ചു നേരത്തേക്ക് നിശ്ശബ്ദനായിരുന്നു. ജൂഡിത്ത് ഇങ്ങോട്ടെന്തെങ്കിലും പറയുമോ എന്ന് നോക്കാം.
ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത തുടര്‍ന്നപ്പോള്‍ ജിജ്ഞാസ മറികടക്കുവാന്‍ ഞാന്‍ ജൂഡിത്തിനെ നോക്കി
എന്റെ നോട്ടത്തിന്റെ ലക്ഷ്യം അവള്‍ക്കു മനസ്സിലായി. അവള്‍ അടുത്തേക്ക് നീങ്ങിയിരുന്നു.
‘അമ്മയുമായി ഇനിയുള്ള കാലം സ്‌നേഹത്തോടെ, കലഹിക്കാതെ ജീവിച്ചുകൂടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടാതിരുന്നു. ഞാന്‍ എന്റെ മമ്മയുമായി കലഹിച്ചതും ഇപ്പോള്‍ ഒരുമിച്ചു ജീവിക്കുന്നതും പറഞ്ഞപ്പോള്‍ അവളുടെ മട്ടും മാതിരിയും മാറി. എന്നെ ആക്രമിക്കുമോ എന്ന് ഞാന്‍ ഭയന്നു. പിന്നെ ഞാന്‍ കുറച്ചു പണം നല്‍കി അവളെ സഹായിക്കാമെന്ന് പറഞ്ഞു. അതോടെ അവള്‍ കൈയിലുണ്ടായിരുന്ന ലാപ് ടോപ് താഴെയിട്ട് പുറത്തേക്ക് പാഞ്ഞു. പിന്നെ എന്നോട് മിണ്ടിയിട്ടില്ല.’
ഞാന്‍ ഐ സി യൂണിറ്റിന് നേര്‍ക്ക് നോക്കിയിരുന്നു.
ജൂഡിത്ത് കുലുക്കി ഉണര്‍ത്തിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധമുണ്ടാകുന്നത്. ഐ സി യുവിന് മുന്നിലെ കസേരയില്‍ ചാരിയിരുന്ന് ഉറങ്ങുകയാണ് ഞാന്‍. വാച്ചില്‍ രാവിലെ ഏഴുമണി. ഇപ്പോള്‍ ആശുപത്രി വരാന്ത ശബ്ദങ്ങള്‍ കൊണ്ടും ചലനങ്ങള്‍കൊണ്ടും സജീവമായിക്കഴിഞ്ഞു.
ഡോക്ടര്‍ അന്വേഷിക്കുന്നുവെന്ന് ഒരു നഴ്‌സ് വന്നു പറഞ്ഞു.
ഞാന്‍ ഐ സി യുവിന് മുന്നിലെ കാള്‍ ബെല്‍ അമര്‍ത്തി. അല്പം കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വന്നു. രാത്രിയില്‍ കണ്ട സിസ്റ്റര്‍ അല്ല.
ഞാന്‍ അവരോട് നേരത്തെ ഡോക്ടര്‍ അന്ന്വേഷിച്ച വിവരം പറഞ്ഞു.
ഐ സി യൂണിറ്റിന്റെ ഏറ്റവും ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പായി ചെറിയൊരു ക്യാബിനുണ്ട്. സിസ്റ്റര്‍ എന്നെ അതിനകത്തേക്ക് കടത്തിവിട്ടു.
‘ചാരുമതിയുടെ ബൈ സ്റ്റാന്‍ഡര്‍ ആണ്.’ സിസ്റ്റര്‍ എന്നെ പരിചയപ്പെടുത്തി.
‘ഇരിക്കൂ.’
ഞാന്‍ ഡോക്ടറുടെ മുന്നിലെ കസേരയിലിരുന്നു.
‘ഇപ്പോള്‍ അവര്‍ ക്രിട്ടിക്കല്‍ കണ്ടീഷന്‍ സര്‍വൈവ് ചെയ്തു. കുറച്ചു ബ്ലഡ് പോയിരുന്നു.’
‘റൂമിലേക്ക് മാറ്റുമെന്ന് പറഞ്ഞു.’
‘ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റാം. പിന്നെ അവര്‍ക്ക് ചെറിയ ഡിപ്രെഷന്‍ ഉണ്ട്, ഡിസോറിയെന്റേഷനുണ്ട്.’
ഞാന്‍ പ്രതികരിക്കാതെ ഡോക്ടറുടെ മുഖത്ത് നോക്കിയിരുന്നു.
‘ഒരു സൂയിസൈഡ് അറ്റെംറ്റ് നടത്താന്‍ തക്ക കാരണമുള്ളതായി നിങ്ങള്‍ക്ക് വല്ല ധാരണയുമുണ്ടോ?’
‘ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല.’
‘വാട്ട് ഈസ് ഷി?’
‘ആര്‍ട്ടിസ്റ്റ്, ഐ മീന്‍, എ പെയിന്റര്‍.’
‘യൂര്‍ വൈഫ്?’
‘നോ. ഷി ഈസ് മൈ സ്റ്റാഫ്. വി ലീവ് ടുഗതര്‍.’
ഡോക്ടര്‍ എന്നെ നോക്കി ചിരിച്ചു.
‘ഓക്കേ. യു മേ നോട്ട് സോള്‍വ് ദി ഇഷ്യൂ.’
എനിക്ക് ഡോക്ടര്‍ പറഞ്ഞത് മനസ്സിലായില്ല.
‘ഹൂ ഈസ് ജൂഡി?’
‘ഹേര്‍ ഫ്രണ്ട്, ആന്‍ ആര്‍ട്ടിസ്റ്റ്.’
‘ഓക്കേ ലെറ്റ് ഹേര്‍ ടോക്ക് ടു ദാറ്റ് ലേഡി.’
ഞാന്‍ പുറത്തു വന്ന് ജൂഡിത്തിനോട് ഈ വിവരം പറഞ്ഞു. ജൂഡിത്ത് കരയാന്‍ തുടങ്ങി.
ഇത്രയേ ഉള്ളൂ ഈ പെണ്‍പ്രതിഭയുടെ ചങ്കുറപ്പ്. ഭൂഗോളം മുഴുവന്‍ ഒറ്റയ്ക്ക് സഞ്ചരിക്കും, എത്ര അപഥ സഞ്ചാരങ്ങള്‍ വേണമെങ്കിലും നടത്തും. ഒരു പ്രതിസന്ധിഘട്ടം വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിലവിളിക്കും. മനസ്സുഖം ലഭിക്കുമ്പോള്‍മാത്രം ലിബെര്‍ട്ടിന്‍.
‘നീ വാ നമുക്ക് ക്യാന്റീനില്‍ പോയി ഒരു ചായ കുടിക്കാം.’
ഒരു ദിവസം ആശുപത്രിയില്‍ കിടക്കണമെന്നായിരുന്നു ഡോക്ടറുടെ തീരുമാനം. ചാരുമതി ഇപ്പോള്‍ സാധാരണ രീതിയിലേക്ക് മടങ്ങി വന്നു കഴിഞ്ഞു. ജൂഡിത്ത് ആശുപത്രിയില്‍ അവള്‍ക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കാമെന്നേറ്റു. ഞാന്‍ വീട്ടിലേക്ക് മടങ്ങും. നാളെ രാവിലെ ചാരുമതിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞേക്കും.
ഞാന്‍ അവളോട് യാത്ര പറഞ്ഞിറങ്ങി. ജൂഡിത്ത് എന്റെയൊപ്പം മുറിയുടെ പുറത്തേക്കിറങ്ങി വന്നു.
‘പണത്തിന്റെ കാര്യം ഇനി അവളോട് പറയരുത്.’
ഇല്ലെന്ന് അവള്‍ തല കുലുക്കി.
‘ഡോക്ടര്‍ പറഞ്ഞത് കേട്ടല്ലോ. നിന്റെ മനസ്സ് സ്വന്തം മനസ്സുമായി ചേര്‍ത്തുകെട്ടിയിരിക്കുകയാണവള്‍.’
അവള്‍ ഞാന്‍ പറയുന്നത് സാകൂതം കേള്‍ക്കുന്നുവെന്നല്ലാതെ ഒന്നും മിണ്ടുന്നില്ല.
മനസ്സിന്റെ രസതന്ത്രമാണ് പെണ്‍ പ്രണയം. ഈ രണ്ടു ചിത്രകാരികളും ശരീരം കൊണ്ടു മാത്രമല്ല പ്രണയിക്കുന്നത്. ശരീരത്തിലൂടെ മാത്രമല്ല കാമം സഞ്ചരിക്കുന്നത്.
ഈ ആലോചനയുടെ അവസാനം ഞാന്‍ ആശുപത്രിയുടെ വരാന്തയിലെത്തി.
ഡ്രൈവിങ്ങ് അറിയാത്തതിനാല്‍ ഒരു യൂബര്‍ ടാക്‌സി വിളിച്ച് ഞാന്‍ ബെല്‍ അമിയിലേക്ക് പോന്നു.

ബെല്‍ അമി | അദ്ധ്യായം 20

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *