മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കത്തിനും വ്യായാമത്തിലും തുല്യ പ്രധാന്യമാണ് ഉള്ളത്. എന്നാല്‍ ഉറക്കം പൂര്‍ത്തിയാക്കണോ അതോ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു വര്‍ക്ക്ഔട്ട് ചെയ്യണമോ എന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഹോര്‍മോണ്‍ നിയന്ത്രണം, ന്യൂറോളജിക്കല്‍ റിപ്പയര്‍, പേശികളുടെ തകരാറുകള്‍ പരിഹരിക്കല്‍ തുടങ്ങിയ മിക്ക ശാരീരിക പ്രക്രിയകളും നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരം നടത്തുന്നത്. പ്രഭാതദിനചര്യ മെച്ചപ്പെടുത്താന്‍ ഉറക്കത്തില്‍ വീട്ടുവീഴ്ച ചെയ്യുന്നത് ദിവസം മുഴുവന്‍ ക്ഷീണവും ഉന്മേഷം കുറയാനും കാരണമാകും. ഉറക്കക്കുറവ് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂട്ടാനും കാരണമാകും. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം. രാവിലെ വ്യായാമം അല്ലെങ്കില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ വേണ്ടി തുടര്‍ച്ചയായി ആറ് മുതല്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് ക്ഷീണം, മോശം പ്രകടനം, പരിക്കുകള്‍ക്കുള്ള സാധ്യത എന്നിവ വര്‍ധിപ്പിക്കുന്നു. രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ പ്രയാസമായി വരുന്നവെങ്കിലും വ്യായാമം കുറച്ചാലും ഉറക്കത്തില്‍ വിട്ടുവീഴ്ച പാടില്ല. ഉറക്കത്തിന് മേല്‍ വ്യായാമത്തിന് പ്രധാന്യം നല്‍കുന്നത് വിപരീതഫലമുണ്ടാക്കും. മുതിര്‍ന്ന വ്യക്തി ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കണം. ഉറക്കം ശരീരത്തിന്റെ റിപ്പയര്‍ മെക്കാനിസത്തിനും മെച്ചപ്പെട്ട പ്രകടനത്തിനും വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജത്തിനും പ്രധാനമാണെന്ന് മനസിലാക്കുക. അമിത പരിശീലനത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഉയര്‍ന്ന സമ്മര്‍ദമുള്ള സാഹചര്യങ്ങളില്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറക്കത്തിന് മുന്‍ഗണന നല്‍കുക.
ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു വര്‍ക്ക്ഔട്ട് വേണോ?
