കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിന് കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ ആസിഡിന്റെ (പിത്തരസം) അസന്തുലിതാവസ്ഥ കരള്‍ കാന്‍സറിന് കാരണമാകാമെന്ന് പുതിയ പഠനം. കൊഴുപ്പുകളുടെയും കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളുടെയും ദഹനത്തിലും ആഗിരണത്തിലും ബൈല്‍ ആസിഡ് നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ ഇവയുടെ അസന്തുലിതാവസ്ഥ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനിലെ ഡെവലപ്മെന്റ് ബയോളജി ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കരളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ബൈല്‍ ആസിഡ് ഒരു പ്രകൃതിദത്ത ഡിറ്റര്‍ജന്റായി പ്രവര്‍ത്തിക്കുകയും കൊഴുപ്പിനെ ചെറുകുടലിനെ കോശങ്ങള്‍ക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായകരമാകുന്ന തരത്തില്‍ ചെറിയ തുള്ളികളായി വിഘടിപ്പിക്കുന്നു. കൂടാതെ കൊളസ്‌ട്രോള്‍ മെറ്റബോളിസത്തിന്റെ നിയന്ത്രണം, കോശ പ്രവര്‍ത്തനങ്ങളുടെ സിഗ്‌നലിങ് എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക പ്രക്രിയകളിലും ബൈല്‍ ആസിഡുകള്‍ ഉള്‍പ്പെടുന്നു.സെല്‍ സിഗ്‌നലിങ്ങിനെ കുറിച്ചുള്ള പഠനത്തില്‍ ഹിപ്പോ/വൈഎപി പാത ട്യൂമര്‍ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ബൈല്‍ ആസിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതില്‍ അതിശയിപ്പിക്കുന്ന പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വൈഎപി ഒരു റിപ്രസ്സറായി പ്രവര്‍ത്തിക്കുകയും എഫ്എക്‌സ്ആര്‍ എന്നറിയപ്പെടുന്ന ഒരു പ്രധാന ബൈല്‍ ആസിഡ് സെന്‍സറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായും പഠനത്തില്‍ കണ്ടെത്തിയെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് കരളില്‍ ബൈല്‍ ആസിഡുകളുടെ അമിത ഉല്‍പാദനത്തിന് കാരണമാവുകയും ഫൈബ്രോസിസിനും വീക്കത്തിനും കാരണമാവുകയും ഒടുവില്‍ കരള്‍ അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.