അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെയും, ജീവിതം കയ്പ്പുനീരു മാത്രം സമ്മാനിച്ചിട്ടുള്ളപ്പോഴും, മറ്റുള്ളവരുടെ കണ്ണീരില്‍ ഈറനണിയുന്ന കണ്ണുകളുള്ള മനുഷ്യ സ്‌നേഹികളുടെയും, ആരെയും ചൂഷണം ചെയ്യാന്‍ ഒട്ടും മടിക്കാത്ത കരാളഹസ്തങ്ങളുടേയും, കുരുന്നില്‍ തന്നെ പ്രായത്തിന്റെ പരിമിതികളെയും അപക്വതകളെയും മറികടന്ന് മനുഷ്യത്വത്തിന്റെ എടുത്തു കാട്ടായി മാറുന്ന മഹാമനസ്സുകളുടെയും കഥകള്‍ നിറഞ്ഞതാണ് ഈ ‘മഴമേഘങ്ങളുടെ വീട്.’ മനുഷ്യമനസ്സിനേക്കാള്‍ സ്‌നേഹത്തിന്റെ ആഴം കൂടുതലുള്ള ജീവികളുടെ കഥകള്‍ കൂടി ചേരുന്ന ഈ കഥാസംഗമഗൃഹത്തില്‍ തെന്നിത്തെന്നി നടക്കുന്ന മഴമേഘങ്ങളെ, നിങ്ങള്‍ ഒന്ന് നിന്ന് ഈ കഥകള്‍ കേള്‍ക്കുമോ… കേള്‍ക്കുമായിരിക്കാം. ‘മഴമേഘങ്ങളുടെ വീട്’. പ്രേംരാജ് കെ.കെ. കേരള ബുക് സ്റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 218 രൂപ.