bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ഒരുങ്ങി ലോകം. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഒന്നരയോടെ ആരംഭിച്ച ചടങ്ങുകൾ വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് നടക്കുന്നത്. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്.

 

 

ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 

 

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാൻ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ അടുത്ത നടപടികൾക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തതായും ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന്റെ നടപ്പാക്കൽ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

 

സിന്ധു നദീജലക്കരാർ റദ്ദാക്കിയാൽ പാകിസ്ഥാനികൾ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഒന്നുകിൽ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്നുമായിരുന്നു ബിലാവാലിന്റെ വിവാദ പ്രസ്താവന.

 

 

പഹൽഗാമിലെ ഭീകരാക്രമണം നടന്ന ബൈസരണ്‍ താഴ്വര നേരത്തെ തുറന്നു നൽകിയത് അറിഞ്ഞില്ലെന്ന കേന്ദ്ര വാദം തള്ളി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അത്തരമൊരു കീഴ്വഴക്കം നിലവിലില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടാറില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

 

വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പാക് പ്രതിരോധ മന്ത്രി. പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രിയും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതോടൊപ്പം കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകൾ കൂടി ജില്ലാ ഭരണകൂടം തകർത്തു.

 

 

പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

 

 

ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ലോക ബാങ്ക് സഹായമായി നല്‍കിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ. കാർഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. പണം വകമാറ്റിയത് പരിശോധിക്കാന്‍ ലോക ബാങ്ക് സംഘം കേരളത്തില്‍ എത്തും. മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണും.

 

 

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ലോഡ് ഷെഡിംഗിന്‍റെ സാഹചര്യമില്ലെന്നും മലബാർ മേഖലയിലെ വൈദ്യുതി നിയന്ത്രണം അവസാനിച്ചു അവിടത്തെ പ്രതിസന്ധി പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു.

 

 

സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ കുറ്റപത്രത്തിൽ വ്യക്തമാക്കി. അതേസമയം, സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി.

 

 

തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. രാത്രിയിൽ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്നും വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദ്ദേശം അതുകൊണ്ടാവാം തൻ്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നതെന്നും അവർ പറഞ്ഞു.

 

 

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ്ചന്ദ്രശേഖര്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

സംസ്ഥാനത്തെ 221 അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കാൻ നിർദ്ദേശം നൽകി. എന്നാൽ വകുപ്പിൽ ജനറൽ ട്രാൻസ്‌ഫർ വരുന്നതിന് മുമ്പ് ചട്ടവിരുദ്ധമായാണ് എഎംവിമാരെ ഇപ്പോൾ സ്ഥലംമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ആരോപിക്കുന്നത്.

 

 

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുക്കുന്നത്. വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്.

 

 

അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാര്‍ഡായി നൽകിയ 50000 രൂപയിൽ 25000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംഎ ബേബി സംഭാവന നൽകിയത്.

 

 

കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കവാടത്തിന് മുൻപിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രമുളള ബോർഡ് എടുത്തു മാറ്റി. സർവകലാശാല ക്യാമ്പസിൽ നടക്കുന്ന യൂണിയൻ കലോത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ബോർഡല്ല ഇതെന്ന് സംഘാടക സമിതി വ്യക്തമാക്കി. നാലു കൈകളുളള പ്രധാനമന്ത്രിയുടെ ചിത്രമാണ് ബോർഡിലുളളത്. ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

 

 

ചോദ്യപ്പേപ്പർ എത്താതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിച്ചു. മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

തൃശ്ശൂർ പൂരം നടത്തിപ്പിൽ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടു. നല്ല രീതിയിൽ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും പറ്റിയാൽ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

 

 

പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്‍റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

 

 

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചേക്കും.സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെ ഡിഎംകെയിൽ തിരക്ക് പിടിച്ച ചർച്ചകൾ നടക്കുകയാണ്. മന്ത്രി സ്ഥാനം നഷ്ടമായാലും ബാലാജിക്ക് പാർട്ടിയിൽ നിർണായക പദവി നൽകിയേക്കുമെന്നാണ് സൂചന. എഐഎഡിഎംകെക്ക് സ്വാധീനമുള്ള പടിഞ്ഞാറൻ തമിഴ്നാട്ടിലെ പാർട്ടി ചുമതലയാകും ഏല്പിക്കുകയെന്നാണ് സൂചന.

 

 

ചെന്നൈയിൽ റെയിൽവെ ട്രാക്കിലെ ബോൾട്ട് ഇളക്കിമാറ്റിയ നിലയിൽ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. ട്രെയിൻ അട്ടിമറിയ്ക്കുള്ള ശ്രമമാണ് ഉണ്ടായതെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. ആർക്കോണം – ചെന്നൈ സെക്ഷനിൽ തിരുവള്ളൂർ ജില്ലയിലെ തിരുവങ്ങാട് സ്റ്റേഷന് സമീപത്താണ് വെള്ളിയാഴ്ച ട്രാക്കിലെ ബോൾട്ട് ഇളക്കിമാറ്റിയ സംഭവമുണ്ടായത്.

 

 

മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ മൊഴി നൽകി. ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്. പരിചയക്കാരെ കാണാനാണ് ദില്ലിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നുമാണ് റാണയുടെ മൊഴി. താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളം സന്ദർശിച്ചേക്കും.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *