റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരാ എന്ന ചിത്രത്തിന്റെ മലയാളം ട്രെയ്ലര് അണിയറക്കാര്‍ പുറത്തുവിട്ടു. റിഷഭ് തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മിസ് ചെയ്യരുതാത്ത ഒരു ചിത്രമാണിതെന്ന് പൃഥ്വി പറഞ്ഞിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് കുറിച്ചിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കര്‍ണാടകത്തില്‍ നിന്ന് മികച്ച ഓപണിംഗ് ആണ് നേടിയത്. ആദ്യ 11 ദിവസങ്ങളില്‍ നിന്ന് ചിത്രം 60 കോടി നേടിയെന്നായിരുന്നു കണക്കുകള്‍.
അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ദ്വിജ’. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിന് എതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഐജാസ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ്വിജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നീരജ് മാധവ്, ശ്രുതി ജയന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്‍ഡ്രൂ മാക്കി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോണ്‍ വില്‍മറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബീനാ പോളാണ് ചിത്രസംയോജനം. മൈത്രി മൂവി മേക്കേഴ്സിന്റെ വൈ നവീനും വൈ രവി ശങ്കറും എല്ലനാര്‍ ഫിലിംസിന്റെ രാധാകാ ലാവുവും വിവേക് രംഗചാരിയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയില്‍ ആദ്യ ദിവസങ്ങളില്‍ ഒരു പവന് സ്വര്‍ണത്തിന് 960 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 55 രൂപ ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 45 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3825 രൂപയാണ്.
സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 912.08 കോടി രൂപയായിരുന്ന പ്രവര്‍ത്തന വരുമാനം 2022 സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 32.91 ശതമാനം വളര്‍ച്ചയോടെ 1212.24 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 14.36 ശതമാനം വര്‍ധിച്ച് 3,50,386.03 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,71,994.74 കോടി രൂപയായിരുന്ന നിക്ഷേപം 1,89,145.71 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 137313.37 കോടി രൂപയില്‍ നിന്ന് 163957.84 കോടി രൂപയായി വര്‍ധിച്ചു. രണ്ടാം പാദത്തിലെ അറ്റപലിശ വരുമാനം 1761.83 കോടി രൂപയാണ്. 19.09 ശതമാനം ആണ് വര്‍ധന. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 17,551.94 കോടി രൂപയില്‍ നിന്ന് 19,617.82 കോടി രൂപയായി വര്‍ധിച്ചു.
ടൊയോട്ടയുടെ എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാന്‍ഡ് വിറ്റാര എന്ന പേരില്‍ മാരുതി ലൈനപ്പിലുമുണ്ട്. മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എന്ജിന് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്. വാഹനത്തിന് 11 വകഭേദങ്ങളാണുള്ളത്. 18.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന മോഡലിന്റെ വില. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തില്‍. ടൊയോട്ടയുടെ 1.5 ലീറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈറൈഡറില്‍. 92 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കുമുണ്ട് എന്ജിന്.
കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ നേട്ടം. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണ്. സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍. ‘ശകുനി’. ഷബിനി വാസുദേവ്. മാതൃഭൂമി ബുക്സ്. വില 261 രൂപ.
മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളുമാണ് ശരീരത്തിന് നാം നഷ്ടപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പാതി ഗുണഫലമേ ഇതിലൂടെ ലഭിക്കുകയുള്ളൂ. മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളയില്‍ കുറഞ്ഞ തോതിലുള്ള പോഷണങ്ങള്‍ മാത്രമേയുള്ളൂ. വൈറ്റമിന്‍ എ, ഡി, ഇ, കെ, ആറ് വ്യത്യസ്ത തരം ബി വൈറ്റമിനുകള്‍, അയണ്‍, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവയുടെ അംശം കൂടുതല്‍ അടങ്ങിയിരിക്കുന്നത് വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരുവിലാണ്. പ്രോട്ടീനാണ് മുട്ടയുടെ വെള്ളയില്‍ മുഖ്യമായും ഉള്ളത്. ഉയര്‍ന്ന കൊളസ്ട്രോള്‍, കൊഴുപ്പ്, സോഡിയം എന്നിവയാണ് മഞ്ഞക്കരു ഉപേക്ഷിക്കാനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പരിമിതമായ തോതില്‍ മുട്ട ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും പിന്തുടരുന്നവര്‍ക്ക് ഈ കൊളസ്ട്രോളും കൊഴുപ്പും പ്രശ്നമുണ്ടാക്കില്ല. ഭാരം കുറയ്ക്കാനും പേശികള്‍ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അല്പം കൊളസ്ട്രോളും കൊഴുപ്പും ആവശ്യമാണ് താനും. ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിപ്പിക്കാനും പേശികള്‍ വളര്‍ത്താനും സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനും കൊളസ്ട്രോള്‍ ആവശ്യമാണ്. എല്ലുകളുടെ കരുത്ത് വര്‍ധിപ്പിക്കാനാവശ്യമായ വൈറ്റമിന്‍ ഡിയ്ക്കും ഇത് ആവശ്യമാണ്. മുട്ടയിലെ കൊഴുപ്പും പൊതുവേ ആരോഗ്യകരമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂടാക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും ഈ കൊഴുപ്പ് സഹായകമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.42, പൗണ്ട് – 92.07, യൂറോ – 80.12, സ്വിസ് ഫ്രാങ്ക് – 81.90, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.07, ബഹറിന്‍ ദിനാര്‍ – 218.59, കുവൈത്ത് ദിനാര്‍ -265.39, ഒമാനി റിയാല്‍ – 213.96, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 59.36.