മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയെന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിദേശയാത്ര ഉല്ലാസത്തിന് വേണ്ടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ശശി തരൂരിന് അനുകൂലമായി കെ പി സി സി ആസ്ഥാനത്തും ഫ്ലക്സ് ബോർഡ്. ‘ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്‌തുകൊണ്ടാണ് ഫ്ളക്സ് ബോർഡ് . നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. ചെന്നിത്തലയടക്കമുള്ള മുതിർന്ന നേതാക്കൾ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് നേതാക്കൾ രംഗത്തെത്തിയതിന്റെയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെയും സാഹചര്യത്തിലാണ് തരൂരനുകൂല ഫ്ലക്സ് ബോർഡ് കെപിസിസി ആസ്ഥാനത്ത് തന്നെ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. കോട്ടയം ഇരാറ്റുപേട്ടയിലും’ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നെഴുതി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുന്നു. എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എൽദോസിനെതിരെ കേസെടുത്തിരിക്കുന്നത് . എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടയിൽ പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് ഇന്ന് എംഎൽഎ യുടെ ഭാര്യയിൽ നിന്ന് മൊഴിയെടുക്കും. പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് എംഎൽഎയുടെ ഭാര്യയുടെ പരാതി.
നരബലിയിൽ കൊല്ലപ്പെട്ട റോസിലിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ലെന്ന് പങ്കാളി സജീഷ് . എല്ലാ സാമ്പത്തിക ആവശ്യങ്ങളും താൻ നിറവേറ്റിയിരുന്നു . ലോട്ടറി കച്ചവടം പോലും അറിഞ്ഞിരുന്നില്ലെന്ന് സജീഷ് മാധ്യമങ്ങളോട് പറഞ്ഞു. റോസിലി സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി അറിഞ്ഞില്ല. അത്തരം താത്പര്യം റോസിലിക്ക് ഇല്ലായിരുന്നു. ഷാഫിയെ അറിയാമെന്ന് പറഞ്ഞിരുന്നില്ലെന്നും സജീഷ് പറഞ്ഞു . ഫോണിൽ കിട്ടാതിരുന്നപ്പോഴാണ് പരാതി നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രികയുടെ രൂപത്തിലുള്ള ഉപകരണം മറന്നു വെച്ച സംഭവത്തില്‍ ഭർത്താവിനെതിരേ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ പകര്‍ത്തിയ സംഭവത്തിൽ ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതർ പോലീസിൽ പരാതി നല്‍കി. യുവതിയുടെ ഭർത്താവ് അഷ്‌റഫ് ഇന്ന് വൈകിട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസുകാർ ആവശ്യപ്പെട്ടതായി അഷ്‌റഫ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോൺഗ്രസ് അധ്യക്ഷനാകുമെന്നും ചെന്നിത്തല പറഞ്ഞു. . സോണിയയും രാഹുലും നിഷ്പക്ഷമായി നിൽക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത് . സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നില്ല. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന് ഒരു നിർദ്ദേശം താഴേ തട്ടിലേക്ക് പോയിട്ടുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ഏതർത്ഥത്തിലുള്ളതാണെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല വിശദീകരിച്ചു.
https://youtu.be/m_YmGMRsX-s