ജിമ്മിലെ തീവ്ര വര്‍ക്ക്ഔട്ടിനൊപ്പം പ്രോട്ടീന്‍ പൗഡര്‍ അല്ലെങ്കില്‍ സപ്ലിമെന്റുകളുടെ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ചു വരുന്നു. എന്നാല്‍ ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കുന്നു. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീന്‍ ആവശ്യമാണ്, സ്ത്രീകളില്‍ ആവര്‍ത്തവ സമയത്ത് പ്രത്യേകിച്ച്. ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ സമയം ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കും. എന്നാല്‍ ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ പ്രാവശ്യമായി ഉപയോഗിക്കുന്നതിലും നല്ലത് ഓരോ നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ ഉപയോഗിക്കുന്നതാണ്. പ്രോട്ടീന്‍ പൗഡറുകള്‍ ദോഷകരമല്ലെങ്കിലും, കൃത്രിമ പ്രോട്ടീന്‍ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ഗുണകരമല്ല. വൃക്ക രോഗങ്ങളുള്ള സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറുകള്‍ കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണം. പല പ്രോട്ടീന്‍ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റന്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. പ്രോട്ടീന്‍ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടാന്‍ കാരണമാകും.