Untitled design 20250222 135156 0000

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി പാര്‍ലമെന്‍റിൽ ഉന്നയിച്ചു . നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വർക്കർമാർക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

 

 

 

 

കമ്യൂണിസ്റ്റുകാർ ഒരിയ്ക്കലും പാർട്ടിയിൽ നിന്ന് പടിയിറങ്ങില്ലെന്നും മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്നും എ.കെ ബാലന്‍. അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാന്‍ പറ്റില്ലെന്നും പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കൾക്ക് സഹായകരമാകരുതെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച നടപടിയിൽ ഉറച്ചുനിന്ന് സിപിഎം മുതിർന്ന നേതാവ് എ പദ്മകുമാർ. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും പദ്മകുമാർ പറഞ്ഞു.

 

 

 

 

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എ പദ്കുമാര്‍ പത്തനംതിട്ടയിൽ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും രാജു എബ്രഹാം. മന്ത്രിയെന്ന നിലയിലാണ് വീണ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതായി ഉള്‍പ്പെടുത്തിയതെന്നും പദ്മകുമാറിന്‍റെ പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും ഇന്നുതന്നെ പദ്മകുമാറിനെ നേരിൽ കാണുമെന്നും രാജു എബ്രഹാം പറഞ്ഞു.

 

 

 

സിപിഎം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഇടം ലഭിക്കാത്തതിൽ അസാധാരണ പ്രതിഷേധവുമായി നേതാക്കൾ. എ. പത്മകുമാർ പരസ്യമായി പ്രതിഷേധിക്കുമ്പോൾ പി ജയരാജനെ തഴഞ്ഞതിനെതിരെ മകൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് എൻ സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. എംബി രാജേഷിനെയും കടകം പള്ളി സുരേന്ദ്രനെയും തഴഞ്ഞതിലും പാർട്ടിയിൽ അമർഷമുണ്ട്.

 

 

 

 

പാലക്കാട് എലപ്പുള്ളിയിൽ എഥനോൾ നിർമാണ യൂണിറ്റ് തുടങ്ങുന്നതിനുളള വെളളത്തിന് വാട്ടർ അതോറിറ്റി ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയത് അതിവേഗമെന്ന് റിപ്പോർട്ട്. കമ്പനി അപേക്ഷ നൽകിയ അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി അനുമതി നൽകി. എഥനോൾ നിർമ്മാണ യൂണിറ്റിന് എത്ര വെള്ളം വേണമെന്ന് കമ്പനിയുടെ അപേക്ഷയിൽ പോലും ഇല്ലാതിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ അതിവേഗ ഇടപെടലെന്നാണ് റിപ്പോർട്ട്.

 

 

 

തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ തന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൂടൽമാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാനും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാനും രംഗത്തെത്തി. സർക്കാർ തീരുമാനിച്ച ഉദ്യോഗാർത്ഥിയെ 100ശതമാനം പോസ്റ്റിലേക്ക് തന്നെ ദേവസ്വം മാനേജ്മെന്‍റ് നിയമിച്ചിരിക്കുമെന്നും കഴകക്കാരനായി ബാലുവിനെ നിയമിക്കുമെന്നും തന്ത്രിമാർക്ക് വഴങ്ങില്ലെന്നും സഹകരിച്ചില്ലെങ്കിൽ അവർക്ക് നേരെ നടപടിയെടുക്കുമെന്നും ദേവസ്വം ചെയര്‍മാൻ സികെ ഗോപി പറഞ്ഞു. നിയമാവലി പ്രകാരമാണ് റിക്രൂട്ട്മെന്‍റ് ബോർഡ് നിയമനം നടത്തിയിട്ടുള്ളതെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാൻ അഡ്വ. മോഹൻദാസും വ്യക്തമാക്കി.

 

 

 

തൃശ്ശൂർ‌ കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആളുകൾക്കെതിരെ നടപടി വേണമെന്നും ദുഷ്ടചിന്ത വെച്ചു പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വെള്ളാപ്പള്ളി നടേശൻ. ജാതിയുടെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

 

 

 

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു.

 

 

 

മലപ്പുറം ചെമ്മാട് റംസാൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെ ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശ്രദ്ധ വീട്ടിൽ നിന്ന് തുടങ്ങണമെന്നും അശ്രദ്ധയുണ്ടായാൽ എവിടെ വേണമെങ്കിലും ലഹരി കടന്നു വരാമെന്നും തന്‍റെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് നമ്മൾ ആശ്വസിക്കും പക്ഷെ സംഭവിക്കുന്നത് മറിച്ചാണ് നാളെ നമ്മുടെ വീട്ടിലും ഇതെല്ലാം വന്നേക്കാമെന്ന ജാഗ്രത എല്ലാവർക്കും വേണമെന്നും കുട്ടികളേയും യുവതീ യുവാക്കളേയും പ്രത്യേകമായി നിരീക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടു.

 

 

 

 

കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരനെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ 24ന് മുത്തങ്ങയിൽ നിന്ന് ഷെഫീഖ് എന്നയാളിൽ നിന്ന് 90ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാൻസാനിയൻ സ്വദേശിയുടെ വിവരങ്ങൾ ലഭിച്ചത്. പ്രിൻസ് സാംസൺ ബിസിഎ വിദ്യാർത്ഥിയാണെന്നും അനധികൃതമായ ബാങ്ക് അക്കൗണ്ടിൽ ഇയാൾക്ക് 80 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്നും എസ് പി പറഞ്ഞു.

 

 

 

 

അഭിഭാഷകയെ അപമാനിക്കുന്ന രീതിയില്‍ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്‍ പെരുമാറിയെന്ന വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. അസോസിയേഷന്റ അനുമതിയില്ലാതെ ഈ വിഷയം ചര്‍ച്ച ചെയ്തതിന് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ചര്‍ച്ചയിലായിരുന്നു ജസ്റ്റിസ് ബദറുദ്ദീന്‍ ഖേദം പ്രകടിപ്പിച്ചത്.

 

കൊച്ചി വിമാനത്താവളം വഴിയുള്ള ലഹരി കടത്തിന്‍റെ മുഖ്യസൂത്രധാരനെ പൊലീസ് പിടികൂടി. മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ പ്രതി മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തു പലരിലൂടെയും കേരളത്തിൽ എത്തിക്കുകയായിരുന്നു.

 

 

 

കാസർകോട് കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്നും ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.

 

 

 

കാസർകോട് പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ ആയിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

 

 

മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകും. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ചും, മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.

 

 

 

തിരുവനന്തപുരം ജില്ലയിൽ നാളെ രാവിലെ 08.30 മുതൽ 1ന് രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 12 ന് രാത്രി 11.30 വരെ 0.1 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

 

 

 

 

 

പാലക്കാട് കൂനത്തറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ പൂർണമായും തകർന്നു. ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി സതീശനും എട്ടുവയസ്സുകാരനായ മകൻ ആശിർവാദും ചേർന്ന് കൂനത്തറയിൽ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

 

ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ പതിനെട്ടുകാരിയായ മെരുവമ്പായി സ്വദേശിയായ ശ്രീനന്ദ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതുമായി ബന്ധപ്പെട്ട് വണ്ണം കൂടുമെന്ന ചിന്തയിൽ ശ്രീനന്ദ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥയാണിതെന്നാണ് ഡോക്ടർമാർ പറയുന്നത്.

 

 

 

 

 

തമിഴ്നാട്ടിൽ നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ ചില സ്ഥലങ്ങളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഇന്നും 12, 13 തിയ്യതികളിലും തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

 

 

 

കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോഡവ സമുദായം ആവശ്യപ്പെട്ടു. ഇത് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, കര്‍ണാടക ആഭ്യന്തര മന്ത്രിക്കും കോഡവ നാഷണൽ കൗൺസിലിന്റെ പ്രസിഡന്റ് എൻ.യു.നച്ചപ്പ കത്ത് എഴുതി. ബെംഗലൂരുവില്‍ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നടി വിസമ്മതിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ണാടക എംഎല്‍എ രവി കുമാർ ഗൗഡ രശ്മികയെ ഒരു പാഠം പഠിപ്പിക്കണം എന്ന പ്രസ്താവന നടത്തിയിരുന്നു.

 

 

 

ഒമാന്‍ എയറിന്‍റെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുളള യാത്രക്കാരും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തിൽ യാത്രക്കാരെ ഇന്ന് കരിപ്പൂരിൽ എത്തിച്ച് തുടർ സർവീസ് നടത്തുമെന്നാണ് വിവരം.

 

 

 

 

ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടി. പ്രാദേശിക സാഹചര്യം പരിഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു.

 

 

 

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് മൗഡ്സ്ലി ജയിലില്‍ നിരാഹാരസമരത്തില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ജയില്‍ മുറിക്കുള്ളിലെ തന്റെ പ്ലേ സ്റ്റേഷനും ടിവിയും പുസ്തകവും റേഡിയോയുമുള്‍പ്പെടെ അധികൃതര്‍ അവിടെ നിന്ന് മാറ്റിയതാതിനാലാണ് ഈ പ്രതിഷേധമെന്ന് റോബര്‍ട്ടിന്‍റെ സഹോദരനായ പോള്‍ മൗഡ്സ്ലി പറഞ്ഞു.

 

 

 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിന് മുമ്പ് നിലയത്തിന്‍റെ ഔദ്യോഗിക ചുമതല റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഒവ്‌ചിനിന് കൈമാറി സുനിത വില്യംസ്. വൈകാരിക പ്രസംഗത്തോടെയാണ് ഐഎസ്എസിന്‍റെ കമാന്‍ഡര്‍ പദവി സുനിത കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

സാമ്പത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ ഇന്ത്യ വിട്ട ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദിയുടെ പൗരത്വം റദ്ദാക്കാൻ ദ്വീപ് രാഷ്ട്രമായ വനുവാറ്റു പ്രധാനമന്ത്രി ജോതം നപാറ്റ് നിർദേശം നൽകി. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ ലളിത് മോദിയുടെ ലക്ഷ്യം എന്തെന്ന് വ്യക്തമായെന്ന് ജോതം നപാറ്റ് പറഞ്ഞു. നടപടികളിൽനിന്നും ഒഴിവാകാനായി വനുവാറ്റു പൗരത്വം നൽകാനാവില്ലെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു.

 

 

 

മുംബൈയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ ഇറങ്ങിയ നാല് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. നാൽപതിലധികം നിലകളുള്ള കെട്ടിടത്തിലെ ബേസ്മെന്റിലുള്ള ടാങ്കിലാണ് ഞായറാഴ്ച തൊഴിലാളികൾ ഇറങ്ങിയത്.

 

 

 

രാജ്യത്തിനെതിരെ ശത്രുക്കൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിക്കുമെന്ന് ഭയന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പ് നിരോധിച്ചു. തീവ്രവാദം വർധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിലാണ് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്.

 

 

 

 

 

 

 

ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ കിരീടം സമ്മാനിക്കുമ്പോള്‍ ടൂര്‍ണെമന്‍റിന്‍റെ ആതിഥേയരായ പാകിസ്ഥാന്‍റെ പ്രതിനിധികളാരും വേദിയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം. പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവും ടൂര്‍ണമെന്‍റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് കാരണമായത്. എന്നാൽ ആശയക്കുഴപ്പം മൂലമാകാം പാക് പ്രതിനിധിയെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *