അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആറ് സ്ത്രീകൾക്ക് കൈമാറി. മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ആണവ ശാസ്ത്രജ്ഞയായ എലീന മിശ്ര, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ISRO) ബഹിരാകാശ ശാസ്ത്രജ്ഞയായ ശിൽപി സോണി,ഫ്രോണ്ടിയർ മാർക്കറ്റ്സിന്റെ സ്ഥാപകയും സിഇഒയുമായ അജൈത ഷാ, ചെസ്സ് പ്രതിഭവൈശാലി രമേശ്ബാബു, ബീഹാറിന്റെ കൂൺ വനിത എന്നറിയപ്പെടുന്ന അനിത ദേവി , സാർവത്രിക ആക്‌സസബിലിറ്റിക്കുവേണ്ടി വാദിക്കുന്ന പ്രസ്ഥാനത്തിന് ഒരു വഴികാട്ടിയായ ഡോ. അഞ്ജലി അഗർവാൾ എന്നിവരാണ് ആ ആറു സ്ത്രീകൾ.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ കൊട്ടാരക്കരയിലും മൂന്നാറും. രണ്ടിടങ്ങളിലും യു വി ഇൻഡക്സ് എട്ടാണ്. യു വി ഇൻഡക്സ് എട്ട് മുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടാണ് അതിനാൽ അതീവ ജാഗ്രത പുലര്‍ത്തണണെന്നും ഗൗരവമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളിൽ യു വി ഇൻഡക്സ് ഏഴും തൃത്താലയില്‍ യു വി ഇൻഡക്സ് ആറുമാണ്.
സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദൻ്റെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ലെന്നും ഒരേ കാര്യത്തിൽ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങൾ പറയുന്നത് പാര്‍ട്ടി അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്നും പ്രതിനിധികൾ പറഞ്ഞു. എന്നാൽ ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്‍റെ മറുപടി.
പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്. മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണെന്നും എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി നടനും എം.എല്‍.എയുമായ മുകേഷ്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. രണ്ട് ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇത്തവണ വനിതാ ദിനത്തില്‍ ചെയ്യേണ്ട പ്രഥമകാര്യം ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍ക്കുക എന്നതാണെന്ന് പ്രതിപക്ഷനേതാവായ വി.ഡി സതീശൻ്റെ കുറിപ്പ്.
വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണം, മുഖ്യമന്ത്രി തന്നെ നേരിട്ട് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികളെ കണ്ടു സംസാരിക്കണമെന്നും കേരളത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നല്ല പ്രവര്‍ത്തനത്തിലൂടെ ചേര്‍ത്തു പിടിച്ച ഒരു തൊഴില്‍ മേഖലയെ, അവിടെ അഹോരാത്രം പണിയെടുക്കുന്ന അമ്മമാരെയും സഹോദരിമാരെയും വെയിലത്തും മഴയത്തും നിര്‍ത്തിയിട്ട് എന്തു വനിതാ ദിനമെന്നും അദ്ദേഹത്തിൻ്റെ കുറിപ്പിലുണ്ട്.
ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവർക്കർമാർക്ക് അർഹതയുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുതെന്നും അത് നിഷേധിക്കാതിരിക്കുമ്പോൾ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്നും അദ്ദേഹം കുറിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫേസ്ബുക്ക് പോസ്റ്റിൽ സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ച. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്. വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നും മിൽമയുടെ പോസ്റ്റിൽ പറയുന്നു.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ചീഫ് സെക്രട്ടറിക്കു കെ.എം. ബഷീര്‍ നിയമസഹായസമിതി കണ്‍വീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായി പരാതി നല്‍കി. വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യാ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയെന്നാണ് പരാതി.
മലപ്പുറം കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന യുവാവ് എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും.
താനൂരിൽ നിന്ന് നാടുവിട്ടു പോയി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടികൾ നാടുവിട്ടത്. പ്ലസ്ടു വിദ്യാർത്ഥികളായ ഇവർ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്.
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയതെന്നും ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നും അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി.
കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. വലിയ തോതില്‍ ഉയര്‍ന്ന തീ കാരണം പരിസരമാകെ പുകയില്‍ മൂടി. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.
പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോഴിക്കോട് താമരശ്ശേരിയിൽ വെച്ച് പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനാൽ കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ അടിച്ചത്. ഇതോടെ ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞത്.
ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തില്‍ ഉത്സവപ്പറമ്പിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഉത്സവപ്പറമ്പിൽ താല്കാലിക ഫാൻസി സ്റ്റാൾ നടത്തി വന്നിരുന്ന ഉടമ മലയിൻകീഴ് മൂങ്ങോട്, കൂത്താകോട് മിനി ഭവനിൽ ഹരികുമാറിനാണ്(51) വയറിൽ മാരകമായി കുത്തേറ്റത്. ഉത്സവവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നടത്തി വന്നിരുന്ന ഹരികുമാറിന്‍റെ സ്റ്റാളിൽ സഹായിയായി നിന്നിരുന്ന പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കണ്ണൂർ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെ കാപ്പ ചുമത്തി നാടുകടത്തി. നിരവധി ലഹരികേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് ഫാത്തിമ. കണ്ണൂർ ജില്ലാ പൊലീസ് കമ്മീണറുടെ കാപ്പാ പട്ടിക പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂരിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ലോഡ്ജിൽ ലഹരി വില്പനക്കിടെ കണ്ണൂർ ടൗൺ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്.
ദില്ലിയിലെ വനിതകൾക്ക് മാസം 2500 രൂപ നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ദില്ലി സർക്കാർ ഇന്ന് ക്യാബിനറ്റ് യോഗം ചേരും. ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സൽ നടക്കുന്ന റോഡില്‍ അബദ്ധത്തിൽ സൈക്കിൾ ഓടിച്ചു കയറ്റിയ 17 വയസുകാരന്റെ മുടി പിടിച്ച് തിരിച്ച് പൊലീസ്. വ്യാഴാഴാച്ച രത്തന്‍ ചൗക്കിലാണ് സംഭവം.
വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ 15 വർഷങ്ങൾക്കിടയിൽ ആദ്യമായി വധശിക്ഷ നടപ്പിലാക്കി അമേരിക്ക. 15 വർഷത്തിനിടയിൽ ആദ്യമായാണ് ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കുന്നത്. 67കാരനായ ബ്രാഡ് സിഗ്മൺ എന്നയാളെയാണ് ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊലപ്പെടുത്തിയത്.
ഇറാനിൽ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാൻ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന ഗാനം തയ്യാറാക്കിയ പ്രമുഖ ഗായകന് ചാട്ടവാറടി ശിക്ഷ. മെഹ്ദി യാറാഹി എന്ന പ്രമുഖ ഇറാൻ ഗായകനാണ് ബുധനാഴ്ച ഇറാൻ ചാട്ടവാറടി ശിക്ഷ നൽകിയത്. എന്നാൽ മദ്യം കഴിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനുമാണ് ശിക്ഷയെന്നാണ് അധികൃതർ വിശദമാക്കുന്നത്.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ജലവേട്ടയ്ക്കായി നാസയുമായി ചേര്‍ന്ന് സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇന്‍റ്യൂറ്റീവ് മെഷീൻസ് അയച്ച രണ്ടാമത്തെ പേടകത്തിന്‍റെ ലാന്‍ഡിംഗും പരാജയം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനെ മനുഷ്യനിലിറക്കാനുള്ള ആര്‍ട്ടെമിസ് ദൗത്യത്തിന് നിര്‍ണായക വിവരങ്ങള്‍ സംഭാവന നല്‍കുമെന്നും കരുതിയ അഥീന ലാന്‍ഡറിന് അന്ത്യം സംഭവിച്ചതായി ഇന്‍റ്യൂറ്റീവ് മെഷീൻസ് സ്ഥിരീകരിച്ചു